അമ്മിണിക്കുട്ടിയുടെ ലോകം # 6 - കാത്തിരിപ്പിന്റെ വിരസത

അമ്മിണിക്കുട്ടിയുടെ ലോകം #6 - കാത്തിരിപ്പിന്റെ വിരസത

ഏടത്തിമാരെ കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് മുഷിഞ്ഞു. അപ്പോഴേക്കും അമ്മ പയ്യിനെ കറന്നശേഷം കുട്ടിയെ കെട്ടഴിച്ചു വിട്ടു. അത് ആർത്തിയോടെ പാൽ കുടിക്കാൻ തള്ളപയ്യിന്റെ അടുത്തേയ്ക്ക് ഓടിയത് അമ്മിണിക്കുട്ടി പൂമുഖത്തു നിന്നും കണ്ടു. അമ്മ, കറന്നെടുത്ത പാൽ ഒരു വലിയ തൂക്കുപാത്രത്തിലാക്കി  കൊണ്ടുവരുന്നുണ്ട്. പാറുവമ്മ പിന്നാലെ തന്നെയുണ്ട്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്.  അമ്മിണിക്കുട്ടി ഒന്നും മിണ്ടാതെ അവരെ നോക്കിയിരുന്നു. കൈയും കാലും നന്നായി ഉരച്ചു കഴുകിയ ശേഷം പാലിന്റെ തൂക്കുപാത്രവും കൊണ്ട് അമ്മ അടുക്കളയിലേയ്ക്ക് നടന്നു. അതിനും മുൻപ് തന്നെ പാറുവമ്മ തന്റെ പണികൾ തീർക്കാൻ തിരക്കിട്ട് പോയിരുന്നു.

ഇനി കുറച്ചു നേരം അമ്മയും തിരക്കിലായിരിക്കും. പാൽ അളന്ന് വെവ്വേറെ പാത്രങ്ങളിലാക്കും - ഉരി, നാഴി, ഇരുന്നാഴി അങ്ങനെ ഓരോരുത്തർക്കും കൊടുക്കാനുള്ള പാലിന്റെ കണക്കുകൾ ഉണ്ട്. അതിനൊക്കെ പ്രത്യേകം പാത്രങ്ങളും ഉണ്ട്. അതൊക്കെ അളന്നൊഴിച്ച് നിരനിരയായി വടക്ക്വോർത്ത് വെയ്ക്കും. പാറുവമ്മയാവും മിക്കവാറും അത് ആവശ്യക്കാർക്ക് എടുത്ത് കൊടുക്കുക.

അതു കഴിഞ്ഞാൽ അമ്മ ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിലാവും. ഏടത്തിമാർ സ്‌കൂളിൽ നിന്നും വരുമ്പോഴേയ്ക്കും എന്തെങ്കിലും പലഹാരം ഉണ്ടാക്കിയിട്ടുണ്ടാവും. അവിൽ കുഴച്ചത്,  അവിലുപ്പുമാവ്‌,  ചിലപ്പോൾ പഞ്ചസാരയും നാളികേരം ചിരകിയതും ഒക്കെ ഇട്ടത് - അങ്ങനെ ദിവസവും എന്തെങ്കിലും ഒക്കെ ഉണ്ടാക്കും. വല്ല വിശേഷ ദിവസങ്ങളുമാണെങ്കിൽ പായസമോ, ഒറ്റയപ്പമോ, അടയോ, കാരോലപ്പമോ ഒക്കെയാവും കഴിക്കാൻ. അല്ലെങ്കിൽ ചിലപ്പോൾ ചോറു പെരട്ടി ഉപ്പുമാവാക്കും.. വല്ലപ്പോഴും അച്ഛൻ പട്ടണത്തിൽ നിന്നും കൊണ്ടു വരുന്ന പലഹാരവും കിട്ടും. അന്നു മാത്രം അമ്മിണിക്കുട്ടി ഉത്സാഹത്തോടെ അമ്മയെ ചുറ്റിപ്പറ്റി അടുക്കളയിൽ ഉണ്ടാവും.

ഇന്ന് അവിലുപ്പുമാവ്‌ ആണെന്ന് തോന്നുന്നു.  അവൾക്ക് അതത്ര ഇഷ്ടമല്ല. അതിനാൽ അടുക്കളയുടെ ഭാഗത്തേയ്ക്ക് പോവാനേ തോന്നിയില്ല. പകരം പൂമുഖത്തിന്റെ വടക്കു വശത്തെ ഇറയത്തേയ്ക്ക് ഇറങ്ങി. അവിടെ കാട്ടുപുല്ലാനി പൂത്തു നിൽക്കുന്നുണ്ട് - വെള്ള, ഇളം റോസ്, കടും റോസ്  തുടങ്ങിയ നിറത്തിലുള്ള പൂക്കൾക്ക് എന്തോ ഒരു ചന്തം ഉണ്ട്. ചെമ്പരത്തിയുടെ ചുവപ്പും മുല്ലപ്പൂവിന്റെ വാസനയും ഇല്ലെങ്കിലും കുലകുലയായി നിൽക്കുന്ന പുല്ലാനി പൂക്കൾ കാണാൻ രസമാണ്. 

ഇറയത്തു നിന്ന് കൈ നീട്ടിയാൽ പൂക്കൾ പറിക്കാം. കുറച്ചു പൂക്കൾ പറിച്ചെടുത്ത് അവയുടെ തണ്ട് വിരലുകൾ കൊണ്ട് മുറിച്ചു ചെറുതാക്കി ഒരു പൂവിനുള്ളിൽ വേറൊരു പൂവിന്റെ തണ്ട് തിരുകി കേറ്റി. അങ്ങനെ എട്ടു-പത്തു  പൂക്കൾ കോർത്തൊരുക്കി ചെറിയൊരു മാലയുണ്ടാക്കി കഴുത്തിലിടാൻ നോക്കിയപ്പോൾ അത്  പൊട്ടി. വേർപെട്ട പൂക്കളെ കോർത്തിണക്കി വീണ്ടും ശ്രമിച്ചുവെങ്കിലും അത് പിന്നെയും പൊട്ടി പോയി. ഒന്നു രണ്ടു തവണ കൂടി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പിന്നെ  മൂന്നാല് പൂക്കൾ കൂടി ചേർത്ത് മാലയുടെ വലുപ്പം ഇത്തിരി കൂട്ടിയപ്പോൾ സുഖമായി മാല കഴുത്തിലിടാൻ പറ്റി. 

മാല കഴുത്തിലിട്ടു കഴിഞ്ഞപ്പോൾ പൂവള ഇടാൻ മോഹം. പക്ഷേ ഒറ്റ കൈ കൊണ്ട് അതിന് പറ്റില്ലെന്ന് അമ്മിണിക്കുട്ടിക്കറിയാം. അമ്മയും പാറുവമ്മയുമൊക്കെ തിരക്കിലായത് കൊണ്ട് അവർ സഹായിക്കില്ലെന്നും ഉറപ്പ്. ഏടത്തിമാരാണെങ്കിൽ ഇതുവരെയായിട്ടും സ്‌കൂളിൽ നിന്നും വന്നിട്ടില്ല. വളയിടാനുള്ള മോഹം തത്ക്കാലം നടക്കില്ല എന്ന് തീർച്ച! 

ബാക്കി വന്ന പൂക്കളുടെ തണ്ട് ഇതളിന്റെ അടുത്തു വെച്ച് മുറിച്ച് അവ കൊണ്ട് ഭംഗിയുള്ള വട്ടമുണ്ടാക്കാനായി പിന്നത്തെ ശ്രമം. കുറച്ചു മൊട്ടുകളും പൂക്കളുടെ കൂടെ പറിച്ചെടുത്തിരുന്നു. അവ നല്ല ഭംഗിയിൽ ഓരോ പൂവിനുമിടയിൽ വെച്ച് നല്ല ഒരു കുഞ്ഞി പൂക്കളം ഉണ്ടാക്കി. അത് ഉണ്ടാക്കി തീരുന്നതിനു മുൻപ് തന്നെ അവൾക്ക് മടുക്കുകയും ചെയ്തു. 

ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു ചുറ്റും നോക്കിയപ്പോഴാണ് തിണ്ണയ്ക്ക് താഴെ കുഴിയാനയുടെ കുഴി കണ്ടത്. കുഞ്ഞേടത്തിയുടെ കൂടെ കളിക്കുമ്പോൾ തെക്കേ മുറ്റത്ത് പത്തായപ്പുരയുടെ തിണ്ണയ്ക്കടുത്താണ് സാധാരണ അവ കാണാറുള്ളത്. കുഞ്ഞേടത്തി  ഈർക്കിലി കൊണ്ട് തോണ്ടി നോക്കാറുണ്ട്. അമ്മിണിക്കുട്ടി കാഴ്ചക്കാരിയായി നോക്കിയിരിക്കാറേയുള്ളൂ. എന്നാൽ ഇപ്പോൾ കുഴിയാനയുടെ കുഴി കണ്ടപ്പോൾ അവൾക്ക് ഒരു തോന്നൽ -  ഇവിടെ കുഴിയാനയുണ്ടോ എന്ന് നോക്കിയാലോ? 

പിന്നെ ഒട്ടും അമാന്തിച്ചില്ല - പാറുവമ്മ മുറ്റത്തിന്റെ ഒരു മൂലയിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള കുറ്റിച്ചൂലിൽ നിന്നും ഒരു ഈർക്കിലി വലിച്ചെടുത്തു - ആരും കാണുന്നില്ലല്ലോ എന്ന് നാലുപാടും നോക്കി ഉറപ്പു വരുത്തിയതിനു ശേഷമാണ് ഈർക്കിലി ഊരിയെടുത്തത് - ചൂലിൽ നിന്നും ഈർക്കിലി ഊരുന്നത് കണ്ടാൽ പാറുവമ്മയ്ക്ക് ശുണ്ഠി വരും. ചൂലൊക്കെ കുട്ടികൾ കേടു വരുത്തുണു എന്ന് അമ്മയോട് പരാതി പറയാനും ഇടയുണ്ട്. അതോണ്ട് ആരും കാണാതെ വേണം ഈർക്കിലി ഊരാൻ. ഈർക്കിലി കയ്യിൽ കിട്ടിയതും അത് പകുതിയാക്കി മുറിച്ചു. എന്നിട്ട് പതുക്കെ മിറ്റത്തേക്കിറങ്ങി.

കുഴിയാനയെക്കാണാനുള്ള ആകാംക്ഷയിൽ കുഴിയുടെ അരികിൽ കുന്തിച്ചിരുന്ന് ഈർക്കിലിക്കഷ്ണം കൊണ്ട് തോണ്ടിത്തുടങ്ങി. കുറച്ചു നേരം തോണ്ടി കുഴി മുഴുവനും നിരപ്പാക്കിയെങ്കിലും കുഴിയാനയെ കാണാൻ കിട്ടിയതേയില്ല. അമ്മിണിക്കുട്ടിയ്ക്ക് നിരാശ തോന്നി. കുഴിയാന എന്നൊരു സാധനം തന്നെയില്ല, അവളെ പറ്റിക്കാൻ ഏടത്തിമാർ വെറുതെ പറയുന്നതാണ് എന്ന് അവൾക്കുറപ്പായി. അല്ലെങ്കിലും ആന എങ്ങനെ കുഴിയിൽ ഉണ്ടാവാനാണ്?ആനയുടെ ചിത്രം അവൾ കണ്ടിട്ടുണ്ട് - എന്തൊരു വലുപ്പമാണ് അതിന്! കണ്ടാൽ തന്നെ പേടിയാവും. പൂരത്തിന് നെറ്റിപ്പട്ടം ഒക്കെ കെട്ടിയിട്ട് കൊറേ ആനകൾ ഉണ്ടാവും എന്നവൾ കേട്ടിട്ടുണ്ട്. ആലോചിക്കുമ്പോൾ തന്നെ പേടിയാണ്. ആന കുത്താൻ വന്നാൽ പിന്നെ എത്ര വേഗത്തിൽ ഓടിയിട്ടും കാര്യല്യാത്രെ! നല്ല തടിയൻ ആണെകിലും നമ്മളെക്കാൾ വേഗത്തിൽ ഓടാൻ അതിന് പറ്റും. ദേഷ്യപ്പെട്ട് നിക്കണ ആനേടെ മുമ്പിൽ പെട്ടാപിന്നെ കഥ കഴിഞ്ഞു -  തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് ഒരു ഏറങ്ങ്ഡ് എറിയും - അല്ലെങ്കിൽ കാലോണ്ട് ഒറ്റ ചവിട്ട് ചവിട്ടി തവിടു പൊടിയാക്കും... ആനയെപ്പോലെ പേടിക്കേണ്ട ഒരു ജീവി വേറെയില്ല. 

അങ്ങനെ ആനയെക്കുറിച്ച് കേട്ട കഥകൾ ഓരോന്നാലോചിച്ചപ്പോൾ അമ്മിക്കുട്ടിയ്ക്ക് കുറേശ്ശേ പേടിയായിത്തുടങ്ങി. കയ്യിലെ ഈർക്കിലി നിലത്തിട്ട്, കഴുത്തിലെ മാല ഒറ്റവലിയ്ക്ക് ഊരിക്കളഞ്ഞ്, ഒറ്റയോട്ടത്തിന് പൂമുഖത്തിണ്ണയിൽ കയറി. കയ്യും കാലും കഴുകാൻ മെനക്കെടാതെ 'അമ്മേ....'ന്ന്  വിളിച്ചും കൊണ്ട് അവൾ അടുക്കളയിലേയ്ക്ക് ഓടി...       
 
തുടരും...)    

Comments

Cv Thankappan said…
മണ്ണൂതിപ്പറത്തിയാൽ കുഴിയാനയെ കാണാനാകും.
ആശംസകൾ 🌹🥰🥰
കുട്ടിക്കാലം..ആ ചിന്തകൾ..കുസൃതികൾ.. ഒക്കെ ഹൃദ്യമായി എഴുതി. ചിത്രങ്ങൾ അസ്സലായി.
വരികളിൽ കൂടിയും വരകളിൽ കൂടിയും
ആ കുട്ടിക്കാല കുറുമ്പുകൾ മുഴുവൻ , നിഷ ആലേഖനം
ചെയ്തിരിക്കുകയാണിവിടെ ...
Yams said…
ഹൊ! എത്ര നന്നായാണ് എഴുതണെ! ആ പൂക്കൾ എനിക്കു നല്ല ഓർമ്മ ഉണ്ട്. അതിന്റെ അടുത്തൊരു നാരകമരം ഉണ്ടായിരുന്നില്ലേ? എന്തൊരു മണം ആയിരുന്നു ആ ഇലകൾക്ക്. Reminds me of all the Sambharams we had. Also the view through the windows in the top room was relaxing.
© Mubi said…
"അല്ലെങ്കിലും ആന എങ്ങനെ കുഴിയിൽ ഉണ്ടാവാനാണ്?" :) :)
Nisha said…
അതറിയില്ലായിരുന്നു :) ഇനി നാട്ടിൽ പോവുമ്പോൾ നോക്കണം വല്ല കുഴിയാനയും ഉണ്ടോ എന്ന്..
Nisha said…
നന്ദി! കുട്ടിക്കാലം പോലെ മനോഹരം ഒന്നും ഇല്ല, അല്ലേ? അതാവാം വരികളും വരയും നന്നാവുന്നത്.
Nisha said…
താങ്ക്യു മുരളിയേട്ടാ - ഇന്ന് ആലോചിക്കുമ്പോൾ അതൊക്കെ എത്ര രസകരമായ കാര്യമാണ് എന്ന് തോന്നുന്നു..
Nisha said…
:) ഉവ്വ്, ഒരു വടുകപ്പുളിയുടെ നാരകം ഉണ്ടായിരുന്നു. അത് കായച്ചു കണ്ട ഓർമ്മയില്ല. സംഭാരത്തിൽ ഇടാൻ എത്ര തവണ ഇല നുള്ളിയിട്ടുണ്ട് എന്ന് കണക്കില്ല. കുറെ കാലം കഴിഞ്ഞ് വടക്ക് പുറത്ത് ഒരു ചെറു നാരകം ഉണ്ടായി. അതിൽ ധാരാളം ചെറു നാരങ്ങ ഉണ്ടായി- നാരായണേട്ടന് അത് പിഴിഞ്ഞ് നാരങ്ങ വെള്ളം ഉണ്ടാക്കാൻ നല്ല ഉത്സാഹമായിരുന്നു.
കാട്ടുപുല്ലാനി പൂത്തു നിലക്കുന്ന കാഴ്ച അതി മനോഹരം തന്നെയായിരുന്നു
Nisha said…
അതന്നെ! ഓരോ മണ്ടത്തരങ്ങൾ ആലോചിക്കാൻ എന്ത് രസായിരുന്നു :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്