യോർക്ക് മിൻസ്റ്റർയോർക്കിലെ സുപ്രധാന ആകർഷണങ്ങളിൽ യോർക്ക് മിൻസ്റ്റർ തന്നെയാവും മുൻപന്തിയിൽ. വടക്കൻ യൂറോപ്പിലെ തന്നെ വലിയ പള്ളികളിൽ ഒന്നായ ഈ കത്തീഡ്രൽ ഗോഥിക്ക് മാതൃകയിലാണ് പണിതിട്ടുള്ളത്. 1200കളിലാണ് ഇവിടെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 250 ലധികം കൊല്ലം കഴിഞ്ഞ് 1470 കളിലാണ് നിർമ്മാണം പൂർത്തിയായത്. 

എന്നാൽ ഇപ്പോഴുള്ള ഈ പള്ളി വരുന്നതിനും എത്രയോ മുൻപ് തന്നെ ഈ സ്ഥലത്ത് പള്ളിയും ആരാധനാകേന്ദ്രങ്ങളും ഒക്കെയുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.   

യോർക്കിനെ ഒരു നഗരമായി സ്ഥാപിച്ചത് റൊമാക്കാരാണ്. ഏതാണ്ട് എഡി 70-ൽ യോർക്കിനെ അവരുടെ ശക്തികേന്ദ്രമാക്കിയപ്പോൾ ഇന്നത്തെ യോർക്ക് മിൻസ്റ്റർ നിലനില്ക്കുന്ന സ്ഥലത്ത് അവരുടെ ആസ്ഥാനമായ എബോർക്കം (Eboracum) അഥവാ കോട്ട സ്ഥിതി ചെയ്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ പള്ളിയുടെ അടിത്തറയുടെ കീഴിൽ നിന്നും അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു.  പള്ളിയുടെ undercroft(നിലവറക്കുണ്ട്?)-ൽ ആ അവശിഷ്ടങ്ങളുടെ ഒരു എക്സിബിഷൻ നമുക്ക് കാണാം. പഴയ റോമൻ കെട്ടിടത്തിന്റെ അവശേഷിപ്പുകൾ തീർച്ചയായും കാണേണ്ടവ തന്നെയാണ്. 


ഏതാണ്ട് 627 ലാണ് ഈ സ്ഥലത്ത് ആദ്യത്തെ ക്രിസ്ത്യൻ പള്ളി നിലവിൽ വരുന്നത്. 732-ൽ മാർപാപ്പ ആദ്യത്തെ യോർക്ക് ആർച്ച് ബിഷപ്പിന് അംഗീകാരം നല്കി. ഇന്നും ആർച്ച് ബിഷപ്പ് ഓഫ് യോർക്കിന് ചർച്ച് ഓഫ് ഇംഗ്ലണ്ട്-ന്റെ സംഘടനപരമായ വ്യവസ്ഥിതിയിൽ പ്രധാനമായ സ്ഥാനമുണ്ട്. രാജ്ഞി/രാജാവ്, ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി എന്നിവർ കഴിഞ്ഞാല് ഏറ്റവുമധികം അധികാരം ആർച്ച് ബിഷപ്പ് ഓഫ് യോർക്കിനാണ്.   

എന്തായാലും 600 കളിലെ മരംകൊണ്ടു നിർമ്മിച്ച ആ പള്ളിയ്ക്ക് വളരെയധികം ആയിസ്സുണ്ടായില്ല. കുറച്ച് കാലം കഴിഞ്ഞപ്പോൾ അത് കല്ലുകൊണ്ടുള്ള കെട്ടിടമായി രൂപാന്തരപ്പെട്ടു. 866 ലെ വൈക്കിങ് ആക്രമണത്തിൽ നിന്നും വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും 1069 ലെ വില്യം ദ കോൺകററുടെ ആക്രമണത്തിൽ കൊള്ളയടിക്കപ്പെട്ടു. തുടർന്ന് വില്യം തന്റെ സ്വന്തം ആർച്ച് ബിഷപ്പിനെ ഇവിടെ നിയമിക്കുകയും നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇതൊരു നോർമ്മൻ പള്ളിയായി മാറുകയും ഉണ്ടായി. 

എന്നാൽ 1200 കളിൽ വീണ്ടും ഇത് ഇംഗ്ലീഷ് പള്ളിയായി മാറി. എങ്കിലും പല കാലഘട്ടങ്ങളിലും അനേകം ആക്രമണങ്ങളും കൊള്ളയടിക്കലിനും ഈ പള്ളി വിധേയമായി - ഇംഗ്ലീഷ് നവോത്ഥാനകാലത്ത് വീണ്ടും പള്ളി ആക്രമിക്കപ്പെടുകയും സ്വത്തുക്കൾ നഷ്ടപ്പെടുകയും ഉണ്ടായി. ഭൂസ്വത്തടക്കം പല നഷ്ടങ്ങൾ അന്നുണ്ടായി.  

എന്നാൽ പിന്നീട് സമാധാനപരമായ അന്തരീക്ഷം പുലരുകയും പള്ളിയിൽ പുനരുദ്ധാരണപ്രവർത്തികൾ പലതും നടക്കുകയുമുണ്ടായി. ഇരുപതാം നൂറ്റാണ്ടിലും ഒരു വലിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു.  

1967-ൽ നടത്തിയ ഒരു പഠനത്തിൽ പള്ളിയുടെ നടുവിലത്തെ ഗോപുരം (central tower) തകർന്നു വീഴാറായ നിലയിലാണ് എന്ന് കണ്ടെത്തുകയും 1972-ൽ അടിത്തറ ശക്തമാക്കുന്നതടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. അപ്പോൾ നടത്തിയ ഖനനത്തിലാണ് മുകളിൽ പറഞ്ഞ റോമൻ കാലത്തെ എബോർക്കത്തിന്റെ വടക്കുകിഴക്ക് മൂലയുടെ അവശിഷ്ടങ്ങൾ പള്ളിയുടെ തെക്കേ അറ്റത്ത് കണ്ടെത്തിയത്. 

1984ൽ ഭീകരമായ ഒരു അഗ്നിബാധക്കിരയായ യോർക്ക് മിൻസ്റ്ററിനെ അഗ്നിശമനസേന രക്ഷിച്ചത് തെക്കേ മേൽപ്പുറ വീഴ്ത്തിയാണ് - അത്തരമൊരു മാർഗ്ഗമാവലംബിച്ചയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ പള്ളി ആകമാനം കത്തി നശിച്ചേനെ. തുടർന്ന് നടത്തിയ പുനർ-നിർമ്മാണ പ്രവർത്തനങ്ങൾ 1988ഓടെ  അവസാനിച്ചു. 
                   
സ്റ്റെയിൻഡ് ഗ്ലാസ്സ് വിൻഡോസ് 


യോർക്ക് മിനസ്റ്ററിലെ പ്രധാന ആകർഷണം ഇവിടുത്തെ സ്റ്റെയിൻഡ് ഗ്ലാസ്സ് വിൻഡോസ് ആണ്. മൊത്തം 128 സ്റ്റെയിൻഡ് ഗ്ലാസ്സ് വിൻഡോസാണ് ഇവിടെയുള്ളത്. അതിൽ Great west window, Great east window, rose window, five sisters window എന്നിവയാണ് പ്രധാനപ്പെട്ടവ. പല കണ്ണാടിച്ചില്ലുകളും പന്ത്രണ്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളവയാണ്. ജർമ്മനിയിൽ നിന്നും കൊണ്ടുവന്നവയാണത്രേ അവ. 

77 അടി ഉയരവും 32 അടി വീതിയുമുള്ള ഗ്രേറ്റ് ഈസ്റ്റ് വിൻഡോ ആണ് ഏറ്റവും വലുപ്പമുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ ജോൺ തോൺട്ടൻ എന്നൊരാളാണ് അതുണ്ടാക്കിയത്. രാജ്യത്തിലെ തന്നെ മെഡിവീയൽ കാലത്തെ ഏറ്റവും വിശാലമായ സ്റ്റെയിൻഡ് ഗ്ലാസ്സ് വിൻഡോസ് സമുച്ചയമാണത്രെ ഇത്!

ഫൈവ് സ്റ്റിറ്റ്സർ വിൻഡോ ലോകമഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സ്ത്രീകൾക്കായുള്ള  രാജ്യത്തിലെ തന്നെ ഒരേയൊരു സ്മാരകമാണത്രെ! 

ഈ സ്റ്റെയിൻഡ് ഗ്ലാസ്സ് വിൻഡോസ് എല്ലാം ഒറ്റയടിക്ക് ഉണ്ടാക്കിയതല്ല. പല പല കാലങ്ങളായാണ് ഇത് പൂർത്തീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇവയിലെ ഗ്ലേസിങ്, പെയിൻറ്റിങ് രീതികൾ ഒക്കെ വ്യത്യസ്തമാണ്. ഒന്ന് സൂക്ഷ്മമായി നോക്കിയാൽ അവ പ്രകടമായി തന്നെ മനസ്സിലാവും. 

ഏതാണ്ട് 20 ലക്ഷത്തോളം കണ്ണാടിച്ചില്ലുകളാണ് ഈ ജാലകങ്ങളിലുള്ളത്. ഒന്നാം ലോക മഹായുദ്ധക്കാലത്തും രണ്ടാം ലോക മഹായുദ്ധക്കാലത്തും ഈ ജനാലച്ചില്ലുകൾ ഊരിമാറ്റി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പരിരക്ഷിച്ചു. അല്ലെങ്കിൽ ഒരുപക്ഷേ ബോംബ് ആക്രമണത്തിലും മറ്റും ഇവ തകർന്നു പോയേനെ.. 

ടവർ    

യോർക്ക് മിൻസ്റ്ററിലെ സെന്റ്രല് ടവറിന്റെ മുകളിലേക്കും നമുക്ക് പോകാവുന്നതാണ്. മിൻസ്റ്ററിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന രണ്ട് ബെൽ ടവറുകളിലും മണികളുണ്ട്. വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ടവറിലാണ് ഗ്രേറ്റ് പീറ്റർ എന്ന് പേരായ മണിയുള്ളത്. അത് എല്ലാ മണിക്കൂറിലും ശബ്ദിക്കും. തെക്കുപടിഞ്ഞാറൻ ടവറിൽ 14 ചെറിയ മണികളാണത്രെ ഉള്ളത്.       

സെന്റ്രല് ടവർ യോർക്കിലെ ഏറ്റവും ഉയര്ന്ന പോയിന്റിലാണത്രെ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള ദൂരക്കാഴ്ചയും നഗരത്തിന്റെ ദൃശ്യങ്ങളും അതിമനോഹരമാണ്. അവിടെ നിന്നാല് സിറ്റി വോളിന്റെ മനോഹരദൃശ്യവും കാണാവുന്നതാണ്. 
ടവറിന്റെ മുകളിലെത്താൻ 275 പടികൾ കയറണം. വളഞ്ഞുപുളഞ്ഞുള്ള വീതികുറഞ്ഞ ആ പടികളിലൂടെയുള്ള കയറ്റം അല്പം ആയാസകരമാണ്. എന്നാൽ ആ പടികൾ കയറി മുകളിലെത്തുമ്പോൾ കാണുന്ന കാഴ്ചകൾ ആ ബുദ്ധിമുട്ടൊക്കെ മറക്കാൻ സഹായിക്കും. തീർച്ചയായും കാണേണ്ട കാഴ്ച തന്നെയാണ് മുകളിൽ നിന്നുള്ള നഗരദർശനം!പള്ളിയുടെ മറ്റു വിശേഷങ്ങൾ 

ഗോഥിക്ക് രീതിയിൽ പണിത ഈ പള്ളി st. പീറ്ററിനു സമർപ്പിച്ചതാണ്.  ഒരു കുരിശിന്റെ മാതൃകയിലാണ് ഇതിന്റെ ഘടന എന്ന് പറയാം. സുപ്രധാനമായ മദ്ധ്യഭാഗം - നേവ്(nave) നടുവിലും ഇടതു വശത്തായി വടക്കൻ മൂലകളും വലതു വശത്തായി തെക്കന് മൂലകളും നിലകൊള്ളുന്ന ഈ പള്ളിയുടെ കിഴക്കുഭാഗം പ്രധാന ആൾത്താരയ്ക്ക് പിറകിലേക്ക് നീണ്ടു കിടക്കുന്നു. അല്പം ഉയരത്തിൽ പണിത ക്വയറും ഏകദേശം നടുക്കായിത്തന്നെ സ്ഥിതി ചെയ്യുന്നു. ഭംഗിയേറിയ കൊത്തുപണികളാൽ അലംകൃതമായ ക്വയറിന്റെ രണ്ടു വശത്തുമായി കിഴക്കോട്ടേക്ക് പ്രവേശിക്കാനുള്ള ഇടനാഴിയുണ്ട്.     


അവിടെതന്നെയാണ് ഓർഗനും സ്ഥിതി ചെയ്യുന്നത്. അവിടെ പക്ഷേ എന്തോ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. 

ചാപ്റ്റർ ഹൌസ്  യോർക്ക് മിൻസ്റ്ററിലെ വേറൊരു ആകർഷണമാണ്. ആത് എഡ്വേർഡ് ഒന്നാമൻ പാർലിമെന്റിന്റെ സ്ഥാനമായി ഉപയോഗിച്ച് പോന്നിരുന്നു.    

യോർക്ക് മിൻസ്റ്ററിന്റെ പുറത്ത് കോൺസ്റ്റൻറ്റൈൻ ദ ഗ്രേറ്റ് -ന്റെ ഒരു പ്രതിമ കാണാം.  ad 306ൽ യോർക്കിൽ വെച്ചാണ് അദ്ദേഹത്തെ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി വാഴിക്കുന്നത്. ഒരു പക്ഷേ റോമൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു റോമൻ ചക്രവർത്തിയുടെ കീരീടധാരണം റോമിൽ അല്ലാതെ വേറൊരു സ്ഥലത്തുവെച്ച് നടക്കുന്നത്. അതിൽ നിന്നും യോർക്കിന്റെ റോമൻ ബന്ധത്തിന്റെ ശക്തി നമുക്ക് മനസ്സിലാക്കാം. ഇവിടെയുള്ള റോമൻ തൂണും പള്ളിക്കടിയിലെ രണ്ടായിരം കൊല്ലം പഴക്കമുള്ള അവശിഷ്ടങ്ങളും ഒരു നഗരത്തിന്റെ ജനനത്തെ സൂചിപ്പിക്കുന്നുവെങ്കിൽ യോർക്ക് മിൻസ്റ്റർ ചരിത്രത്താളുകളിലൂടെയുള്ള അതിന്റെ സഞ്ചാരത്തിന്റെ നേർക്കാഴ്ചയാണ്. 

അതുകൊണ്ടു തന്നെ ഇവിടേക്കുള്ള സന്ദർശനം വെറുമൊരു കാഴ്ച മാത്രമവാതെ പഴയകാലത്തിൽ നിന്നും ഇന്നിലേക്കുള്ള മനുഷ്യന്റെ ചരിത്രത്തിലേക്കും പ്രയാണത്തിലേക്കുമുള്ള ഒരു തിരഞ്ഞു നോട്ടം കൂടിയാണ്. 

Comments

ഇവിടേക്കുള്ള സന്ദർശനം വെറുമൊരു കാഴ്ച മാത്രമവാതെ പഴയകാലത്തിൽ നിന്നും ഇന്നിലേക്കുള്ള മനുഷ്യന്റെ ചരിത്രത്തിലേക്കും പ്രയാണത്തിലേക്കുമുള്ള ഒരു തിരഞ്ഞു നോട്ടം കൂടിയാണ്.
വളരെ നല്ല വിശദീകരണങ്ങൾ കേട്ടൊ നിഷ 
Nisha said…
താങ്ക്യു മുരളിയേട്ടാ :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്