അമ്മിണിക്കുട്ടിയുടെ ലോകം # 8 - അല്പം കളി, അല്പം കാര്യം
അമ്മിണിക്കുട്ടിയുടെ ലോകം #8 - അല്പം കളി, അല്പം കാര്യം
കുറച്ചു നേരം കാത്തിരുന്നപ്പോൾ കുഞ്ഞേടത്തിയും കളിക്കാനുള്ള ഉത്സാഹത്തിലായി. രണ്ടാളും കൂടി എന്ത് കളിക്കണം എന്ന ചർച്ചയായി. ഒളിച്ചു കളിക്കാം - അതാവുമ്പോൾ അധികം വിഷമമില്ല. ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നാൽ മതിയല്ലോ. ആരാദ്യം എണ്ണും എന്നായി അടുത്ത സംശയം.

കൂടുതൽ ആലോചിക്കാൻ സമയമില്ല. തെക്കിണിയിൽ കയറാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വലിഞ്ഞു കയറി, വലിയ തൂണിന് പിന്നിൽ ഒളിച്ചിരുന്നു. ചുറ്റും നല്ല ഇരുട്ടാണ്. കോസറിയും പായയും തലയിണയുമൊക്കെ മടക്കി വെച്ചിരിക്കുന്ന മൂലയിലേക്ക് നോക്കിയാൽ പേടിയാവും. ആരോ അവിടെ പേടിപ്പിക്കാൻ നിലയ്ക്കുന്നത് പോലെ.. കണ്ണിറുക്കിയടച്ച് അവൾ ശ്വാസമടക്കി നിന്നു.

കണ്ടു പിടിച്ചതിന്റെ വിഷമത്തേക്കാൾ ഇരുട്ടിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസമായിരുന്നു അവൾക്ക്. എണ്ണാൻ തയ്യാറായി അവൾ നാലിറയത്തെ തൂണിനു മുന്നിലെത്തി. 'കണ്ണടച്ച് പിടിക്കണം, കള്ളക്കളി കളിക്കരുത്' എന്നൊക്കെ കുഞ്ഞേടത്തി ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
തലകുലുക്കി സമ്മതിച്ച് അമ്മിണിക്കുട്ടി എണ്ണാൻ തുടങ്ങി. 'വൺ, റ്റൂ, ത്രീ,..' എണ്ണി വന്നപ്പോൾ ഇലവൻ കഴിഞ്ഞു എന്താണ് എന്ന് മറന്നു - കുറച്ചു നേരം ആലോചിച്ച ശേഷം 'ഫിഫ്റ്റീൻ, സെവൻറീൻ.. നയൻറ്റീൻ, ട്വെന്റി' എന്ന് എണ്ണി അവസാനിപ്പിച്ചു. ചുറ്റും ഒന്ന് വട്ടം തിരിഞ്ഞു നോക്കിയെങ്കിലും കുഞ്ഞേടത്തിയെ കണ്ടില്ല. തിരഞ്ഞു പോകാൻ മടിയായി. കുറച്ചു നേരം നാലിറയത്തുക്കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം 'തോറ്റൂ, വന്നോളൂ' എന്ന് വിളിച്ചു പറഞ്ഞു.
'ഒറപ്പാണോ?' കുഞ്ഞേടത്തിയുടെ ഒച്ച എവിടെ നിന്നോ കേൾക്കാം. 'ആ, ഒറപ്പാ' അവൾ പറഞ്ഞു. 'എന്നാൽ കണ്ണടയ്ക്കൂ..' കുഞ്ഞേടത്തി പറഞ്ഞതും അവൾ കണ്ണടച്ചു. നിമിഷങ്ങൾക്കുള്ളിൽ 'സാറ്റ്' എന്ന് പറഞ്ഞു കുഞ്ഞേടത്തി നാലിറയത്ത് പ്രത്യക്ഷയായി. അവിടെയാണ് ഒളിച്ചതെന്ന് ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും ചോദിച്ചില്ല. പറഞ്ഞു തരില്ല എന്നവൾക്ക് അറിയാം.
ഇനി വീണ്ടും എണ്ണാൻ അവൾക്ക് വയ്യ- ഒളിച്ചു കളി മടുത്തു. 'നമുക്ക് വേറെ കളി കളിച്ചാലോ? കാശി കവടി കളിക്കാം?' അവൾ പ്രത്യാശയോടെ കുഞ്ഞേടത്തിയെ നോക്കി. 'ഉം, ശരി. കരയാൻ പാടില്ല ട്ടോ' എന്ന് പറഞ്ഞപ്പോഴേക്കും അവൾ തയ്യാറായി നിലത്തിരുന്നു.

'രണ്ടാളും ഇവിടെ കളിച്ചിരിക്കാതെ വല്യേടത്തിയെ സഹായിക്കൂ.' കേട്ടപ്പാതി കേൾക്കാത്ത പാതി രണ്ടു പേരും എഴുന്നേറ്റ് അടുക്കളയുടെ വടക്കേ ഇറയത്ത് എത്തി. വല്യേടത്തി ആട്ടുകല്ലിൽ അരിയാട്ടാനുള്ള തയ്യാറെടുപ്പാണ്. ആട്ടുകല്ല് കഴുകി വൃത്തിയാക്കി, ഉഴുന്നും അരിയും കൂടി അതിലിട്ടു. ഉഴുന്ന് കഴുകി തോലുകളഞ്ഞെടുക്കൽ ഒരു വലിയ പണിയാണ്. എത്ര നേരം കഴുകിയാലാണെന്നോ കറുത്ത തോടില്ലാതെ ഉഴുന്ന് കിട്ടുക, അതു പോലെ തന്നെ അരിയിലെ കല്ല് അരിക്കാനും നല്ല വശം വേണം.. അമ്മയും വല്യേടത്തിയും ഒക്കെ അത് ചെയ്യുന്നത് കാണുമ്പോൾ തന്നെ അവൾക്ക് ക്ഷീണമാവും!
അരി അരയ്ക്കാൻ കുറെ സമയമെടുക്കും. ആട്ടുകല്ല് തിരിക്കാൻ നല്ല രസമാണ് എന്നാണ് അവളുടെ വിചാരം. അതിന് നല്ല ഭാരമുള്ളതുകൊണ്ട് അവൾക്കത് വളരെ കഷ്ടപ്പെട്ടേ തിരിക്കാൻ പറ്റൂ. അതും രണ്ടു കയ്യും ഉപയോഗിച്ച് മാത്രം. അരി ആട്ടി കഴിയാറാവുമ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ തവണ തിരിയ്ക്കാൻ സമ്മതിക്കും. കുഞ്ഞേടത്തിയ്ക്കും അത്ര വശമല്ല ഈ പണി. വല്യേടത്തി അരി അരയ്ക്കുമ്പോൾ ഇടയ്ക്കിടെ അരി മാടി കൊടുക്കുകയാണ് അവരുടെ രണ്ടാളുടേയും പണി. അത് സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ കൈ കല്ലുകൾക്കിടയിൽ കുടുങ്ങും. അതു കൊണ്ട് സാധാരണ വല്യേടത്തി ഇടയ്ക്കിടെ നിർത്തി അരി മാടിയതിന് ശേഷം വീണ്ടും ആട്ടുകയാണ് പതിവ്.
അധികം ദിവസവും കാഴ്ചക്കാരിയായാണ് അമ്മിണിക്കുട്ടി അവിടെയുണ്ടാവുക, വല്ലപ്പോഴും അരി മാടാനോ, അമ്മിക്കുഴ ഒന്ന് തിരിയ്ക്കാനോ അവസരം കിട്ടിയാലോ എന്ന് കരുതയാണ് അവളവിടെ ചുറ്റിപ്പറ്റി നിൽക്കുക. ചിലപ്പോൾ ആ നേരത്ത് പാറുവമ്മ പശുവിന് വെള്ളം കൊടുക്കാൻ കൊണ്ടു വരും. അപ്പോൾ അതിനെ നോക്കി നിൽക്കുകയും ആവാം.
മിക്കപ്പോഴും വടക്ക്വോറത്ത് എത്തുമ്പോഴാവും കുഞ്ഞേടത്തിയ്ക്ക് പിറ്റേന്നയ്ക്ക് പഠിക്കാനുള്ള കാര്യം ഓർമ്മ വരിക. സ്കൂളിലെ ഏതെങ്കിലും പുസ്തകവും കയ്യിലെടുത്താവും കുഞ്ഞേടത്തിയുടെ ഇരുത്തം. വല്യേടത്തി ചിലപ്പോൾ പാട്ടുപാടിയും മറ്റ് ചിലപ്പോൾ അമ്മിണിക്കുട്ടിയെ ഓരോന്ന് പറഞ്ഞു ശുണ്ഠി പിടിപ്പിച്ചും അരി അരയ്ക്കും. ചിലപ്പോൾ പകുതിയാവുമ്പോൾ അമ്മ ആ ജോലി ഏറ്റെടുക്കും.
അരി അരച്ച് കഴിഞ്ഞാൽ ആട്ടുകല്ല് വൃത്തിയാക്കാൻ കുറെ സമയം എടുക്കും. ആദ്യം അരിമാവ് കോരിയെടുത്ത് പാത്രത്തിലാക്കണം. പിന്നെ പാളകൊണ്ട് വടിച്ച് ബാക്കിയുള്ള മാവും പാത്രത്തിലാക്കും. അതു കഴിഞ്ഞാൽ പ്രത്യേകം വൃത്തിയാക്കി വച്ച ചിരട്ടയിൽ കുറച്ചു വെള്ളമെടുത്ത് ആട്ടുകല്ലിന്റെ കുഴിയിൽ ഒഴിക്കും. ആ വെള്ളം കൊണ്ട് കല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അരിമാവ് മുഴുവനും ഇളക്കി, കഴുകിയെടുക്കും. പിന്നെ ചിരട്ട കൊണ്ടു തന്നെ അതു കോരി അരിമാവിന്റെ പാത്രത്തിൽ ഒഴിക്കും. പിന്നീടു കഴുകുന്ന വെള്ളം മുഴുവനും പശുവിന്റെ കാടിവെള്ളത്തിലാണ് ഒഴിക്കുക. എളുപ്പത്തിന് വേണ്ടി അതിനുള്ള ബക്കറ്റോ ചെമ്പോ ഒക്കെ പാറുവമ്മ ഇറയത്തിന്റെ തൊട്ടടുത്ത് വെച്ചിട്ടുണ്ടാവും.
അരിയാട്ടൽ കഴിഞ്ഞാൽ കുറച്ചു പാത്രങ്ങൾ മോറാനുണ്ടാവും. അടുക്കള കിണറിൽ നിന്നും വെള്ളം കോരാനുള്ളയാൾ മിക്കപ്പോഴും വല്യേടത്തിയാവും. ചുരുക്കം ചിലപ്പോൾ വല്യേടത്തിയുടെ മേൽനോട്ടത്തിൽ കുഞ്ഞേടത്തിയും വെള്ളം കോരും. വെള്ളം നിറഞ്ഞ ബക്കറ്റ് വലിച്ചു കേറ്റാൻ വല്യേടത്തി സഹായിക്കുമ്പോൾ കയറിന്റെ ഒരറ്റം വലിച്ച് അമ്മിണിക്കുട്ടിയും ആ ഉദ്യമത്തിൽ പങ്കുചേരും.
വെള്ളം കൊരി നിറച്ചു കഴിഞ്ഞാൽ ഒരാൾ പാത്രം തേച്ചു വെയ്ക്കും. മറ്റയാൾ കഴുകും. മിക്കവാറും പാത്രം കഴുകാനായി കിണ്ടിയിൽ വെള്ളമൊഴിച്ചു കൊടുക്കുന്ന ചുമതല അമ്മിണിക്കുട്ടിയുടേതാവും. നന്നായി ഉരച്ചു കഴുകിയില്ല, വെള്ളം ദേഹത്ത് തെറുപ്പിച്ചു, കഴുകിയിട്ടും വൃത്തിയാവുന്നില്ല എന്നൊക്കെയുള്ള പരാതികളും മറ്റും സ്ഥിരം ഉയർന്നു വരുന്ന സമയമാണിത്. ചിലപ്പോഴൊക്കെ അമ്മയെത്തി എല്ലാവരെയും ശകാരിക്കുന്നതിലേ ആ കലപില അവസാനിക്കൂ.
അതൊക്കെ കഴിയുമ്പോഴേക്കും സന്ധ്യ ആവാറാവും. കുളിച്ച് വരാനുള്ള സമയമായി എന്നർത്ഥം.. മൂന്നാളും കൂടി സോപ്പും തോർത്തും ഈറൻ മാറാനുള്ള ഉടുപ്പുമൊക്കെയായി കുളക്കടവിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങും..
തുടരും..)
അടുത്ത ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ആശംസകൾ