അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും


അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും

ഭാഗം #8 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
 
'അമ്മിണിക്കുട്ടീ, ഇങ്ങ്ട് വരൂ, എണ്ണ തേക്കണ്ടേ?' വല്യേടത്തിയുടെ വിളി കേട്ടതും അമ്മിണിക്കുട്ടി വടക്ക്വോറത്തയ്ക്ക് ചെല്ലുന്നതിന് പകരം ചെരുപ്പെടുക്കാനെന്നെ വ്യാജേന പൂമുഖത്തേയ്ക്ക് ഓടി. കുളിയ്ക്കാൻ പോകുന്നതിനു മുൻപുള്ള ഈ എണ്ണതേപ്പ് അവൾക്ക് ഒട്ടും ഇഷ്ടമില്ല. കുറച്ചു കാലം മുൻപ് വരെ ദേഹം മുഴുവനും എണ്ണ തേപ്പിച്ചിരുന്നു.

ഭാഗ്യത്തിന് ഇപ്പോൾ മിക്ക ദിവസവും നെറുകയിൽ കുറച്ചു തുള്ളി എണ്ണയേ തേപ്പിക്കുവെങ്കിലും അവൾക്ക് അതിഷ്ടമേയല്ല... ചൊവ്വയും വെള്ളിയുമാണ് തലയിൽ വിസ്തരിച്ച് എണ്ണ തേപ്പിക്കലും ചെമ്പരത്തിയില കൊണ്ടുള്ള താളിയരച്ച് തലയിൽ തേച്ച് കഴുകി കളയലും ഒക്കെ - അതൊരു വലിയ മെനക്കേടാണ്. പ്രത്യേകിച്ചൊന്നും ചെയ്യാതെ നിന്നാൽ മതിയെന്നാവും - എന്തൊരു മുഷിപ്പാണെന്നോ വെറുതെ അങ്ങനെ നില്ക്കാൻ! അത് മാത്രമല്ല, തലയിൽ പേനുണ്ട്, ഈരുണ്ട് എന്നൊക്കെ പറഞ്ഞു മുടിയിൽ  പിടിച്ചു വലിച്ച് ആകെപ്പാടെ ഒരു ബഹളമാവും. 

അതൊക്കെ കഴിഞ്ഞ് കുളത്തിലെത്തി തലയിൽ താളി തേയ്ക്കാനും അത് കഴുകിക്കളയാനും ഉള്ള ബുദ്ധിമുട്ട് വേറെയും. കുനിഞ്ഞു നിന്ന് തലമുടി ഒലുമ്പി ഒലുമ്പി പുറം വേദനിക്കാൻ തുടങ്ങും - എന്നാലും ചെമ്പരത്തിത്താളിയുടെ അംശം മുഴ്വോനും പോയിട്ടില്ല എന്ന് പറഞ്ഞ് അമ്മയുടെ വക തല ഒലുമ്പിക്കൽ വേറെയും!!! 

ഇതൊക്കെ കാരണം അമ്മിണിക്കുട്ടി പതുക്കെ അവിടെനിന്നും രക്ഷപ്പെട്ടതാണ് എന്ന് മനസ്സിലാക്കിയ വല്യേടത്തി 'അമ്മേ ഞങ്ങൾ കൊളത്തിൽയ്ക്ക് പൂവ്വാണ് ട്ടോ - അമ്മിണിക്കുട്ടി എണ്ണ തേയ്ക്കാൻ കൂട്ടാക്ക്ണില്യാ. അമ്മ വരുമ്പോ കൂടെ കൊണ്ടോന്ന്വോളൂ.' എന്നും പറഞ്ഞ് കുഞ്ഞേടത്തിയേം കൂട്ടി കുളത്തിലേക്ക് പോകാൻ ഒരുങ്ങി. 

അമ്മയെ കാത്തു നിന്നാൽ കുളത്തിൽ കളിയ്ക്കാൻ അധിക സമയം കിട്ടില്ല എന്നറിയാവുന്ന അമ്മിണിക്കുട്ടി 'ഞാൻ ചെര്പ്പ് ഇട്ക്കാൻ പോയീതാ' എന്നും പറഞ്ഞ് അല്പം ജാള്യതയോടെ പൂമുഖത്തു നിന്നും ഓടിയെത്തി. തന്റെ സൂത്രം ഫലിച്ച സന്തോഷത്തിൽ വല്യേടത്തി വേഗം കൈക്കുടന്നയിൽ കുറച്ചു എണ്ണയയെടുത്ത് അമ്മിണിക്കുട്ടിയുടെ നെറുകയിൽ തേച്ചു കൊടുത്തു. ശേഷം 'അമ്മേ ഞങ്ങള് കുളിയ്ക്കാൻ പൂവ്വാ ട്ടോ' എന്നും വിളിച്ചു പറഞ്ഞു. മൂന്നാളും അവനവന്റെ ഉടുപ്പും തോർത്തും ഭംഗിയിൽ മടക്കിച്ചുരുട്ടി  കയ്യിൽ പിടിച്ചിരുന്നു. 


വല്യേടത്തിയുടെ ഒരു കയ്യിൽ ഈറൻ മാറാനുള്ളതും മറ്റേ കയ്യിൽ ഒരു ബക്കറ്റും ഉണ്ട്. അതിൽ സോപ്പ് പെട്ടികളും ഒരു കപ്പിൽ കുറച്ച് സോപ്പു പൊടിയും ഉണ്ട്. കുളത്തിലെത്തിയാൽ ആദ്യത്തെ പരിപാടി ആ ബക്കറ്റിൽ വെള്ളം നിറച്ച്  സോപ്പുപൊടിയിട്ട് തിരുമ്പാനുള്ള തുണികളൊക്കെ കുതിരാൻ ഇടുകയാണ്. അതു കഴിഞ്ഞാണ് കളികൾ. കുളത്തിൽ നിറയെ വെള്ളമുള്ള കാലത്ത് നീന്തലും മലക്കം മറയലും മുങ്ങാംകൂളിയിടലും  ഒക്കെയായി കുറെനേരം മൂന്നാളും കൂടി തിമർത്തുകളിയ്ക്കും. ഇപ്പോൾ വെള്ളം കുറവായതിനാൽ ചാടിക്കളി നടക്കില്ല. എന്നാലും ചേറ് ഇളകാതെ നീന്താവുന്നത്രയും നീന്തും. ഇടയ്ക്ക് ആരെങ്കിലും അറിയാതെ ചേറിൽ ചവിട്ടിയാൽ പിന്നെ പറയാനില്ല - വെള്ളം വല്ലാതെ കലങ്ങും.  


ഒരു വട്ടം നീന്തൽ കഴിഞ്ഞാൽ ബക്കറ്റിലെ തുണികൾ കൽപ്പടവിലടിച്ച് തിരുമ്പലാണ് പണി. അമ്മിണിക്കുട്ടിയ്ക്ക് തല്ക്കാലം ആ പണി ഇല്ല. 'ഠേ,ഠേ' എന്ന് ഒച്ചയുണ്ടാക്കി ശക്തിയിൽ തുണികൾ കല്ലിൽ അടിക്കുന്നത് കാണാൻ നല്ല രസമാണ്. തുണി അടിച്ചു തിരുമ്പുമ്പോൾ ഉയർന്നു പൊങ്ങി വളഞ്ഞു താഴത്തേക്ക് വരുന്ന സമയത്ത് വെള്ളം തെറിക്കും. ഒരിക്കൽ ഏതോ ചിത്രത്തിൽ ആന തുമ്പിക്കയ്യിൽ നിന്നും വെള്ളം ചീറ്റുന്ന ചിത്രം കണ്ടത് മുതൽ ഈ കാഴ്ച കാണുമ്പോൾ അതോർമ്മ വരും അമ്മിണിക്കുട്ടിയ്ക്ക്. 


അമ്മിണിക്കുട്ടിയ്ക്ക് തുണി തിരുമ്പുന്ന ജോലി ഇല്ലെങ്കിലും തിരുമ്പിയ തുണികൾ നന്നായി വെള്ളത്തില് ഒലുമ്പിയെടുക്കുന്ന ചുമതലയുണ്ട്. അത് കഴിഞ്ഞ് തുണി പിഴിഞ്ഞ് വെള്ളം കളയണം. അതൊക്കെ മിക്കവാറും അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും കൂടിയാണ് ചെയ്യുക. രണ്ടുപേരും തുണിയുടെ ഓരോ അറ്റത്ത് പിടിച്ച് എതിർദിശയിലേക്ക് തിരിച്ചു തിരിച്ചാണ് വെള്ളം കളയുക. തന്റെ കുഞ്ഞുതോർത്തുമുണ്ട് മാത്രം അമ്മിണിക്കുട്ടിയ്ക്ക് കഷ്ടിച്ച് തണത്താനെ പിഴിയാൻ പറ്റും.  


അപ്പോഴേക്കും വല്യേടത്തി ബക്കറ്റ് നന്നായി ഉരച്ചു കഴുകി വെച്ചിട്ടുണ്ടാവും. പിഴിഞ്ഞ തുണികൾ അതിലിട്ട് മാറ്റി വെക്കും. പിന്നെയാണ് വിസ്തരിച്ച് സോപ്പ് തേച്ച് കുളി. മിക്കവാറും അപ്പോഴേക്കും അമ്മയും എത്തും. കാലിന്റെ മടമ്പും വശങ്ങളും ഒക്കെ നന്നായി കല്ലിൽ ഉരച്ചു കഴുകണം. ചളിയോ മണ്ണോ അറിയാതെ പോലും വിരലുകളക്കിടയിലോ നഖങ്ങളിലോ കാണാൻ പാടില്ല. ചകിരി കൊണ്ട് നന്നായി ഉരയ്ക്കണം. പീച്ചിക്ക കൊണ്ട് പുറം ഉരച്ചു തരുന്നത് അമ്മയാവും. ഏടത്തിമാരാണെങ്കിൽ ചിലപ്പോ അത്ര മയമൊന്നും ഉണ്ടാവില്ല.  കുറുന്തോട്ടിയോ ചെമ്പരത്തിയിലയോ ആണ് താളിയെങ്കിൽ അത് കൽപ്പടവിൽ അരച്ച് തലയിൽ തേക്കുന്നതും അപ്പോഴാണ്. ഓരോരുത്തരക്കും അവരവരുടേതായ കല്ലുകൾ ഉണ്ട്. അതിൽ കയ്യേറ്റത്തിന് ശ്രമിച്ചാൽ ഒരങ്കം തന്നെ നടന്നേക്കാം. എന്തായാലും താളി ഉരച്ചുണ്ടാക്കാനും തേയ്ക്കാനുമൊക്കെ അമ്മിണിക്കുട്ടിയ്ക്ക് സഹായം വേണം. 

അമ്മ അപ്പോഴേക്കും കുളത്തിലെത്തിയില്ലെങ്കിൽ ഏടത്തിമാർ ചിലപ്പോൾ അവസാന നിമിഷത്തിലെ അവൾക്ക് അതൊക്കെ ചെയ്തു കൊടുക്കൂ.. താളി തേച്ചാൽ പിന്നെ തലമുടി വെള്ളത്തിലിട്ട് നന്നായി ഒലുമ്പണം. താളിയുടെ അംശം മുടിയിൽ നിന്നും മുഴുവനായും പോകുന്ന വരെ - കുനിഞ്ഞു നിന്ന് ഒലുമ്പിയൊലുമ്പി വയ്യാതാവും. എന്നിട്ടും താളിയുടെ ഇല കുറച്ചൊക്കെ മുടിയിൽ കുടുങ്ങിക്കിടക്കും. അതോണ്ട് അമ്മിണിക്കുട്ടിയ്ക്ക് താളി തേക്കുന്നതിനെക്കാൾ ഇഷ്ടം അമ്മ ഇടയ്ക്ക് തേപ്പിക്കാറുള്ള പതപതയുന്ന ഷാംപൂ ആണ്.  

തലമുടി ഒലുമ്പിക്കഴിഞ്ഞാൽ നല്ലോണം താഴ്ന്ന് മുങ്ങണം. അല്ലെങ്കിൽ പുറം മുങ്ങിയില്ല, തല ശരിക്ക്  മുങ്ങിയില്ല എന്നൊക്കെ പറഞ്ഞു വീണ്ടും മുങ്ങേണ്ടി വരും. തന്നതാനെ മുങ്ങാൻ പഠിക്കുന്ന വരെ അമ്മിണിക്കുട്ടിയ്ക്ക് അതും പേടിയുള്ള കാര്യമായിരുന്നു. എന്നാൽ മുങ്ങാൻ പഠിച്ചപ്പോൾ എളുപ്പമായി. കുഞ്ഞേടത്തിയ്ക്ക് ഇപ്പഴും മുങ്ങാൻ മൂക്ക് പൊത്തണം. അമ്മിണിക്കുട്ടി മൂക്കൊന്നും പോത്താതെത്തന്നെ മുങ്ങി നിവരും. ചുരുങ്ങിയത് മൂന്നു തവണ മുങ്ങണം. ഭൂമീടത്ര ക്ഷമണ്ടാവണേ എന്ന് പ്രാർത്ഥിച്ചു വേണത്രെ മുങ്ങാൻ. അമ്മിണിക്കുട്ടി മിക്കപ്പോഴും അതൊക്കെ മറക്കും. 

മുങ്ങിക്കഴിഞ്ഞാൽ തല തോർത്തലും ഒരു മെനക്കേട് തന്നെയാണ്. അമ്മിണിക്കുട്ടിക്കിഷ്ടം അമ്മ തോർത്തിത്തരുന്നതാണ്. ഏടത്തിമാർ വല്ലാതെ ശക്തിയെടുത്താണ് തോർത്തുക. അമ്മ മൃദുവായും.. എന്നാലും ആരൊക്കെ എത്ര തോർത്തിക്കൊടുത്താലും അമ്മിണിക്കുട്ടിയുടെ തലമുടിയിൽ നിന്നും പിന്നെയും വെള്ളം ഒറ്റിക്കൊണ്ടിരിക്കും. ഈറൻ മാറി വേറെ ഉടുപ്പിട്ടാലും തലമുടിയിലെ വെള്ളം ഒറ്റിവീണുകൊണ്ടിരിക്കും... കുറച്ചു നേരത്തേക്ക് കഴുത്തിലും തോളിലും അതിന്റെ നനവ് ഉണ്ടാവും. 

ഉടുപ്പൊക്കെ മാറിക്കഴിഞ്ഞാൽ അമ്മയുടെ കുളി കഴിയുന്ന വരെ കൽപ്പടവിൽ കാത്തിരിക്കും. ചിലപ്പോൾ കൊതുകുകളുടെ ആക്രമണം തുടങ്ങും. അപ്പോൾ പടവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. അല്ലാത്തപ്പോൾ കുളപ്പടവിൽ ഇരുന്ന് ഒന്ന്, രണ്ട് എന്നെണ്ണിത്തുടങ്ങും. അത് കഴിഞ്ഞാൽ വൺ ടൂ ത്രീ; ഞായർ തിങ്കൾ.., മേടം എടവം എന്ന് തുടങ്ങി രാശി പന്ത്രണ്ട് എന്ന് കഴിഞ്ഞ് പ്രഥമ, ദ്വിതീയ, തൃതീയ എന്നിങ്ങനെ പറഞ്ഞ് പക്കം പതിന്നാലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ അശ്വതി, ഭരണി തുടങ്ങി നാളിരുപത്തേഴ് എന്ന് എത്തുമ്പോഴേക്കും അമ്മയുടെ കുളി കഴിഞ്ഞ് ഈറനും മാറി തിരിച്ചു നടക്കാനുള്ള സമയമാവും. ആദ്യമൊക്കെ അമ്മ പറഞ്ഞു കൊടുത്തത് ആവർത്തിക്കുകയായിരുന്നു. ഇപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് ഒരു വിധം എല്ലാം തന്നെത്താനെ പറയാൻ അറിയാം. ഇടയ്ക്ക് മാത്രം സംശയം വരും. അപ്പോൾ അമ്മ സഹായിക്കും. 

എണ്ണലും നാളു പറയലും ഒക്കെ വേഗം കഴിഞ്ഞാൽ ചിലപ്പോൾ ഏടത്തിമാരുടെ കൂടെ ഇല്ലത്തേക്ക് പോകാം. അല്ലെങ്കിൽ അമ്മയുടെ കുളി കഴിയുന്ന വരെ കാത്തിരിക്കണം. അങ്ങനെ കാത്തിരുന്ന് സന്ധ്യയുടെ അവസാന യാമത്തിൽ ഇല്ലത്തേക്ക് നടക്കുമ്പോൾ വഴിയിൽ ഇരുട്ട് പരന്നുതുടങ്ങും. അടുക്കള വാതിലിലൂടെ ഉള്ളിൽ കയറിയാൽ കൊട്ടത്തളത്തിൽ  കാല് കഴുകി അന്തിത്തിരി കൊളുത്താൻ പോവും. ഭസ്മം തൊട്ട്, ശ്രീലകത്ത് വിളക്ക് കൊളുത്തി നാലിറയത്തും മുല്ലത്തറയിലും പാമ്പുംകാവിന് മുന്നിലും അടുക്കളയിലും ഒക്കെ ഏടത്തിമാർ അന്തിത്തിരിവെക്കുമ്പോൾ അവൾ പിന്നാലെ നടക്കും. 

അതു കഴിഞ്ഞ് എല്ലാവരും നാമം ജപിക്കാനിരിക്കും. അമ്മിണിക്കുട്ടിയ്ക്ക് നമ:ശ്ശിവായ,  നാരായണ ഒക്കെ ജപിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള മന്ത്രങ്ങളും നാമങ്ങളും ഒക്കെ ഏടത്തിമാരോ അമ്മയോ പറഞ്ഞു കൊടുക്കും. ജപം തുടങ്ങുമ്പോഴേക്കും വിശപ്പും തുടങ്ങും. വേഗം ജപിച്ചാലും കാര്യമില്ല. സന്ധ്യ നല്ലോണം കഴിയാതെ അത്താഴം കിട്ടില്ല. 

നാമജപം കഴിഞ്ഞാണ് തിരുമ്പിക്കൊണ്ടു വന്നതൊക്കെ തോരടാൻ തെക്കിണി മോളിലയ്ക്ക് പോവുക. നരച്ചീറുകൾ വരിവരിയായി തൂങ്ങിക്കിടക്കുന്ന തെക്കിണി മോളിലെ തളം കടന്ന് തോരടണ മുറിയിലേയ്ക്ക് പോവാൻ പകൽ പോലും അമ്മിണിക്കുട്ടിയ്ക്ക് ധൈര്യം പോരാ. അപ്പോപ്പിന്നെ രാത്രിയായാൽത്തെ കാര്യം പറയാനുണ്ടോ! 

അമ്മയുടെ മുണ്ടും വേഷ്ടിയും അച്ഛന്റെ മുണ്ടും തോർത്തുമുണ്ടുകളും ബാക്കി വെള്ള നിറത്തിലുള്ള  എല്ലാ തുണികളും നീലം മുക്കി, കഞ്ഞിയും പിഴിഞ്ഞ ശേഷമാണ് മുകളിൽ കൊണ്ടുപോയി തോരടാറ്. അതൊക്കെ മിക്കവാറും അമ്മ പകൽ തന്നെ ചെയ്യും. എന്നാലും വൈകുന്നേരം ഉപയോഗിച്ച തോർത്തുമുണ്ടും നീലം പിഴിഞ്ഞിടണം എന്നാണ് നിയമം. അതിനുള്ള നീലം വെള്ളം അമ്മ മാറ്റിവെച്ചിരിക്കും.      

ജപം കഴിഞ്ഞാൽ ഏടത്തിമാർ നനഞ്ഞതൊക്കെ തോരട്ടുവന്ന് പഠിക്കാൻ തയ്യാറെടുക്കും. അമ്മ അത്താഴത്തിന് വിളിക്കുന്നത് വരെ ഒരു പഴയ സ്ലേറ്റിൽ എന്തെങ്കിലുമൊക്കെ കുത്തിവരച്ചും എഴുതിയും അമ്മിണിക്കുട്ടി സമയം തള്ളിനീക്കും.. 

തുടരും..)                               

            

Comments

© Mubi said…
ഇതുവരെയുള്ളതെല്ലാം ഒറ്റയിരിപ്പിന് വായിച്ച് അമ്മിണിക്കുട്ടിയോടൊപ്പം അത്താഴം വിളമ്പാൻ കാത്തിരിക്കാ ഞാൻ :) 
ഇതെല്ലാം വായിക്കുമ്പോഴാണ് ബാല്യകാലത്തിലേക്ക് വീണ്ടും ഊളിയിട്ടുപോകുവാൻ തോന്നുന്നത് ...
Nisha said…
താങ്ക്സ് മുബീ.. തിരക്കിനിടയിലും വന്നതിൽ അമ്മിണിക്കുട്ടിക്കും ഏറെ സന്തോഷമായി ട്ടോ.. അമ്മ ഉടനെ അത്താഴം വിളമ്പുമായിരിക്കും :)
Nisha said…
ബാല്യം നമ്മളെ അപ്പോഴുമങ്ങനെ മോഹിപ്പിച്ചു കൊണ്ടിരിക്കും, അല്ലേ?

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം