അവരും ഞാനും
അവരുടെ നഷ്ടം കടുകുമണിയോളവും
എന്റെ നഷ്ടം കുന്നോളവുമാണ്;
അവരുടെ കണ്ണീർ നാടകവും
എന്റെ കണ്ണീർ ഹൃദയരക്തവുമാണ്;
അവരുടെ നേട്ടം കുന്നിക്കുരുവോളവും
എന്റേത് കൊടുമുടിയോളവുമാണ്;
എന്റെ ശരികൾ ശരിക്കുമുള്ളതും
അവരുടേത് അത്ര ശരിയല്ലാത്തതുമാണ്;
എന്റെ ചിത്രങ്ങൾ മിഴിവേറിയതും
അവരുടേത് നരച്ചുമങ്ങിയതുമാണ്;
എന്റെ കാഴ്ചപ്പാടുകൾ പുരോഗമനവും
അവരുടേത് പ്രാകൃതവുമാണ്;
എന്റെ ചിരികൾ സുന്ദരവും
അവരുടേത് വിരൂപവുമാണ്;
അവരൊന്നുമല്ലെന്ന തോന്നലിലും
ഞാനെല്ലാമാണെന്ന ഭാവമാണ്;
അവർ വൃഥാ ചിന്തിച്ചു കൂട്ടുന്നു
എന്റെ ചിന്ത ഭാവനാസമൃദ്ധമാണ്;
ഞാൻ അവരെന്ന് വിളിക്കുന്നവർ
എന്നെ വിളിക്കുന്നത് അവരെന്നാണ്,
കാപട്യത്തിന്റെ മൂടുപടമണിഞ്ഞ്
അവരും ഞാനുമെന്നും മത്സരത്തിലാണ്,
എങ്കിലും ചിലപ്പോൾ ഞാൻ അവരാണ്,
അവർ ചിലപ്പോൾ ഞാനുമാണ്-
എന്നിട്ടും അവരും ഞാനുമങ്ങനെ
നിരന്തരം യുദ്ധത്തിലാണ് ...
Comments
എങ്കിലും ചിലപ്പോൾ ഞാൻ അവരാണ്,
അവർ ചിലപ്പോൾ ഞാനുമാണ്-
എന്നിട്ടും അവരും ഞാനുമങ്ങനെ
നിരന്തരം യുദ്ധത്തിലാണ് ...
അർഥവത്തായ വരികൾ 👍