അമ്മിണിക്കുട്ടിയുടെ ലോകം 10 - ഊണും ഉറക്കവും
അമ്മിണിക്കുട്ടിയുടെ ലോകം # 10 - ഊണും ഉറക്കവും
ഭാഗം 9 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പകൽ സമയത്തെ കളികളും വൈകുന്നേരം കുളത്തിലെ നീന്തലും ഒക്കെയായി രാത്രി ആയപ്പോഴേയ്ക്കും അമ്മിണിക്കുട്ടി ആകെ തളർന്നിരുന്നു. അതു കൊണ്ടു തന്നെ സ്ലേറ്റിലെ കുത്തിവര അവൾക്ക് വേഗം മടുത്തു. എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോൾ കിഴക്കിണിയിൽ നിന്നും മുത്തശ്ശിയുടെ വർത്തമാനം കേട്ടു. ഇത്തിരുവമ്മയോടാണോ അമ്മയോടാണോ സംസാരം എന്നവൾക്ക് മനസ്സിലായില്ല. മൂത്തശ്ശിക്ക് രാത്രി എന്തെങ്കിലും സഹായം വേണ്ടി വന്നാൽ സഹായിക്കാനാണ് പാറുവമ്മയുടെ അമ്മ ഇത്തിരുവമ്മ ഹാജരായിട്ടുള്ളത്. മുൻപൊക്കെ പകലും മുഴുവൻ സമയവും അവർ ഉണ്ടാവുമായിരുന്നു. പാറുവമ്മ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അവർ പകൽ വല്ലപ്പോഴുമേ വരാറുള്ളൂ. സന്ധ്യയാവുന്നതോടെ വന്ന് രാവിലെ മടങ്ങുകയാണ് ഇപ്പോൾ പതിവ്.

എന്നാലും ഇത്തിരു അമ്മയെ കാണുമ്പോഴൊക്കെ മൃദുലമായ ആ ചെവിത്തട്ട് തൊട്ടു നോക്കും. പതുക്കെ തൊട്ട് വേദനയുണ്ടോ എന്ന് ചോദിക്കും - ഇല്ലെന്ന് അവർ ചിരിയോടെ പറയുമ്പോൾ ഇത്തിരി അമർത്തി നോക്കും. വേദനയില്ലെന്ന് പറഞ്ഞാലും പിന്നെ അമർത്താൻ അവൾക്ക് പേടിയാണ്. എങ്ങാനും വേദനിച്ചാലോ...
ഇന്ന് ഇത്തിരുവമ്മയുടെ ചെവി പിടിച്ചു നോക്കാനൊന്നും ഉത്സാഹം തോന്നുന്നില്ല. ഊണ് വേഗം കിട്ടിയാൽ കഴിച്ച് ഉറങ്ങാമായിരുന്നു എന്ന ചിന്ത മാത്രമാണ് അവൾക്ക്. അപ്പോഴാണ് പൂമുഖത്ത് ചെറിയേട്ടന്റെ ഒച്ച കേട്ടത്. അത് കേട്ടതും അത്യുത്സാഹത്തോടെ പൂമുഖത്തേക്ക് ഓടി. പുറത്തളത്തിലെ ഇരുട്ട് പേടിയാണ് എന്നും കൂടി അപ്പോൾ ഓർമ്മ വന്നില്ല. അച്ഛനും വല്യച്ഛനും ചെറിയേട്ടനും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവളെ കണ്ടപ്പോൾ എല്ലാവരും വാത്സല്യത്തോടെ 'ആഹാ മിടുക്കി ആയീലോ' എന്നൊക്കെ പറഞ്ഞു. ചെറിയേട്ടന്റെ മടിയിൽ ഇരുന്നു കുറച്ചു നേരം അവർ പറയുന്നത് കേട്ടിരുന്നു.
വർത്തമാനം അവൾക്ക് മനസ്സിലാവാത്ത കാര്യങ്ങളെക്കുറിച്ചായപ്പോൾ മടുപ്പ് പിന്നെയും പിടികൂടി. ചെറിയേട്ടന്റെ മടിയിൽ നിന്നും ഊർന്നിറങ്ങി പതുക്കെ അച്ഛന്റെ ബൈക്കിനു മുകളിൽ കയറിയിരുന്നു. അതിന്റെ ടാങ്കിൽ മുഖം ചേർത്ത് വെച്ചാൽ ചിലപ്പോൾ പെട്രോളിന്റെ വാസന വരും. അത് ഒരു പ്രത്യേക വാസനതന്നെയാണ്. അമ്മിണിക്കുട്ടി മുഖം ചേർത്തുവെച്ചെങ്കിലും വാസനയൊന്നും ഇല്ല. നല്ല തണുപ്പ്.. എന്ത് സുഖം ഇങ്ങനെ കിടക്കാൻ! ബുള്ളറ്റ് കുട്ടൻ അവളോട് എന്തൊക്കെയോ പറയുന്ന പോലെ അവൾക്ക് തോന്നി. പെട്രോൾ ടാങ്കിനെ രണ്ടു കൈകൊണ്ടും കെട്ടിപ്പിടിച്ച് അവൾ തലചായ്ച്ചു കിടന്നു.. എത്ര രസമാണെന്നോ ഇങ്ങനെ കിടക്കാൻ - ബുള്ളറ്റ് അവളെയും കൊണ്ട് ഏതൊക്കെയോ കാണാസ്ഥലങ്ങളിൽ പാഞ്ഞു പോവുന്നതായി അവൾക്ക് തോന്നി. കാറ്റത്ത് മുടി പാറിപ്പറക്കുന്നുണ്ട് - അതൊന്ന് ഒതുക്കി വെക്കാൻ പോലും അവൾ മെനക്കെട്ടില്ല. ബുള്ളറ്റിനെ കെട്ടിപ്പിടിച്ച് മായക്കാഴ്ചകൾ കണ്ടങ്ങനെ കിടന്നു..
'അമ്മിണിക്കുട്ടീ, അതിന്റെ മോളിൽ കിടന്നുറങ്ങിയാൽ വീഴും. തെക്കിണിയിൽ പായ വിരിച്ചിട്ടുണ്ട്, അവിടെ പോയി കിടക്കൂ' എന്ന് ആരോ പറയുന്ന പോലെ തോന്നി. അവൾ അതൊന്നും ശ്രദ്ധിച്ചില്ല. ബുള്ളറ്റിനെ കെട്ടിപ്പിടിച്ചു തന്റെ മായിക ലോകത്തിലെ യാത്ര തുടർന്നു. 'ഈ കുട്ടിയെകൊണ്ട് തോറ്റു - എന്നും ഇതിന്റെ മോളിൽ കെടന്നാണ് ഉറക്കം' എന്ന് അമ്മ പറയുന്നത് സ്വപ്നത്തിലെന്നപോലെ അവൾ കേട്ടു. ഏറെ താമസിയാതെ അച്ഛന്റെ കൈകൾ അനായാസമായി, എന്നാൽ ഏറെ കരുതലോടെ അവളെ ബൈക്കിൽ നിന്നും പൊക്കിയെടുക്കുന്നതും തെക്കിണിയിലെ പായയിൽ കിടത്തുന്നതും അവൾ അറിഞ്ഞു. ബുള്ളറ്റിൽ നിന്നും സുന്ദരകാഴ്ചകളിൽ നിന്നും നിർബന്ധപൂർവ്വം നീക്കിയതിനെതിരെ പ്രതിഷേധിക്കണം എന്നുണ്ടായിരുന്നെങ്കിലും ഉറക്കത്തിന്റെ സുഖത്തിൽ അതിന് മുതിർന്നില്ല. കണ്ണടച്ചു കിടന്നു.
'അമ്മിണിക്കുട്ടീ, ഊണ് കഴിക്കണ്ടേ, എണീറ്റ് വരൂ' എന്ന് കുഞ്ഞേടത്തി കുലുക്കി വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെയാണ് കണ്ണു തുറന്നത്. ചുറ്റും ഇരുട്ട്. കുറച്ചു നേരം ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഇത്തിരി കഴിഞ്ഞപ്പോൾ കാഴ്ച തെളിഞ്ഞു തുടങ്ങി. പുക തുപ്പുന്ന ഒരു മൂട്ട വിളക്ക് തെക്കിണിപ്പടിയുടെ ഒരറ്റത്തുണ്ട്. അതിൽ നിന്നും വെളിച്ചത്തേക്കാൾ അധികം പുറത്തു വരുന്നത് പുകയാണ്... ഉയർന്നു പൊങ്ങുന്ന പുകയിലൂടെ കൈ അതിവേഗം നീക്കി കയ്യിൽ പുക ആയില്ല എന്ന് കേമത്തം കാണിക്കൽ അവളുടെ വിനോദമാണ് - ഇന്ന് അതിനൊന്നും ഒരു ഉത്സാഹവും തോന്നുന്നില്ല.
മേലടുക്കളയിൽ നിന്നും റാന്തലിന്റെ വെളിച്ചം കുറേശ്ശെ നാലിറയത്തേക്ക് പരന്നു കാണുന്നുണ്ട്. വേഗം എണീറ്റ് ചെന്നില്ലെങ്കിൽ ചീത്ത കേൾക്കും എന്നറിയാം. പോരാത്തതിന് ഉറക്കമുണർന്നതും വിശപ്പും ആക്രമിക്കാൻ തുടങ്ങി. അതോടെ 'പാവം കുട്ടിയായി' കുഞ്ഞേടത്തിയുടെ കൈ പിടിച്ചു താഴേയ്ക്കിറങ്ങി.
തെക്കിണിപ്പടിയിലെ മൂട്ട വിളക്ക് നല്ലോണം സൂക്ഷിച്ചു കയ്യിലെടുത്ത് കുറെ ദൂരേയ്ക്ക് നീട്ടി പിടിച്ച് , മറ്റേ കൈകൊണ്ട് അമ്മിണിക്കുട്ടിയെയും പിടിച്ച് വളരെ ശ്രദ്ധിച്ച് സാവധാനം കുഞ്ഞേടത്തി അവളെയും കൊണ്ട് മേലടുക്കളയിൽ എത്തി. വിളക്ക് സശ്രദ്ധം അവിടെ ഒരു മൂലയിൽ വെച്ച് കൈകഴുകി രണ്ടാളും ഉണ്ണാനിരുന്നു. അമ്മ ചോറ് ഉരുളയാക്കി വെച്ചിരുന്നതിനാൽ എടുത്ത് കഴിക്കുകയേ വേണ്ടി വന്നുള്ളൂ.. വേഗം ഊണ് കഴിച്ച് കൈ കഴുകിയപ്പോഴേക്കും അമ്മ 'എന്നാലിനി രണ്ടാളും പോയി കിടന്നോളു' എന്ന് പറഞ്ഞു.

കുഞ്ഞേടത്തിയും അമ്മിണിക്കുട്ടിയും താന്താങ്ങളുടെ കോസറി മടക്കി വെച്ചിരുന്നത് നിവർത്തി വിരിപ്പ് വിരിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച ശേഷം അവനവന്റെ കോസറിയിൽ കയറിക്കിടന്നു. 'ആലത്തൂരെ ഹനുമാനെ ജപിയ്ക്കൂ' എന്ന് കുഞ്ഞേടത്തി പറഞ്ഞപ്പോൾ 'ആലത്തൂരെ ഹനുമാനെ പേടി സ്വപ്നം കാണരുതേ, കണ്ടാലോ കുട്ടിഹനുമാന്റെ പള്ളിവാലോണ്ട് തട്ടി മുട്ടി ഒണർത്തണേ' എന്ന് പ്രാർത്ഥിച്ച് അമ്മിണിക്കുട്ടി കണ്ണുകൾ ഇറുകെയടച്ച് കിടന്നു.. നല്ല സ്വപ്നങ്ങളും നാളെ സുന്ദരമായൊരു ദിവസവുമാവും തന്നെ കാത്തിരിക്കുന്നത് എന്ന് വിശ്വസിച്ച് കണ്ണുപൂട്ടിയതും അവൾ സുഖകരമായ ഉറക്കത്തിലേക്ക് വഴുതി വീണു..
അമ്മിണിക്കുട്ടിയുടെ കഥകൾ ഇനിയും തുടരണോ? അവ വായിക്കാൻ താത്പര്യമുണ്ടോ? കമൻറ് ബോക്സിൽ എഴുതി അറിയിക്കുക.
Comments
ഇനിയും തുടരണം എന്നഭിപ്രായമാണ് എനിക്കുള്ളത് ...