അമ്മിണിക്കുട്ടിയുടെ ലോകം #15 - മഴക്കാല വികൃതികൾ

അമ്മിണിക്കുട്ടിയുടെ ലോകം 15  - മഴക്കാല വികൃതികൾ  

മഴ അമ്മിണിക്കുട്ടിയ്ക്ക് വളരെ ഇഷ്ടമാണ് - പ്രതേകിച്ചും സ്കൂളിൽ പൊവേണ്ടാത്ത ദിവസങ്ങളിൽ മഴ പെയ്യുന്നത്. സ്കൂളുള്ള ദിവസം മഴ പെയ്താൽ  ഒരു രസവുമില്ല. ഒന്നാമത്തെ കാര്യം സ്കൂളിലേക്ക് പോവുമ്പോൾ മഴക്കോട്ടും തൊപ്പിയും കുടയും ഒക്കെ ഏറ്റി വേണം പോവാൻ. എന്നാലും സ്കൂളിൽ എത്തുമ്പോഴേക്കും കുറച്ചൊക്കെ നനയും. നനഞ്ഞ കുടയും മഴക്കോട്ടും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് പോരാഞ്ഞ് ഈർപ്പമുള്ള ബെഞ്ചിൽ അതിലും ഈർപ്പമുള്ള ഉടുപ്പുമിട്ട് മണിക്കൂറുകളോളം ഇരിക്കണം.   

സ്കൂളിൽ പോയാൽ ഏറ്റവും രസം കൂട്ടുകാരൊത്ത് പുറത്ത് കളിക്കുന്നതാണ്. അവരൊടൊപ്പം  ഊഞ്ഞാലാടാനും സീസോ മുകളിലേക്കുയർത്താനും താഴേക്കുവലിക്കാനും ഇടയ്ക്ക് കളിമുറ്റത്തെ സ്ലൈഡറിൽ ഉരുസിക്കളിക്കാനും എന്ത് രസമാണെന്നോ! സ്കൂളിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ അതൊക്കെയാണ്. എന്നാൽ മഴയുള്ള ദിവസം ഇതൊന്നും നടക്കില്ല. പഠിത്തം കഴിഞ്ഞ് ഇടയ്ക്ക് നഴ്സറിയിലെ കളിമുറിയിലിരുന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാം. അത്ര മാത്രം. കളിമുറിയിലെ കളിപ്പാട്ടങ്ങൾ ആദ്യത്തെ ദിവസം കൊണ്ടു തന്നെ അമ്മിണിക്കുട്ടിയ്ക്ക് മതിയായിരുന്നു. പുറത്തുള്ള കളിയോളം രസം വേറെ ഒന്നുമില്ല. 

അതിനാൽ തന്നെ സ്കൂളില്ലാത്ത ദിവസം മഴ പെയ്താലാണ് മഴ ശരിക്കും ആസ്വദിക്കാനാവൂ... സ്കൂളില്ലാത്തത് കൊണ്ട് സാധാരത്തേക്കാൾ അധികം നേരം പുതച്ചു മൂടി കിടക്കാം, നടുമിറ്റത്തെ വെള്ളത്തിൽ കളിക്കാം. കടലാസ് തോണി ഉണ്ടാക്കി രസിക്കാം. കുളത്തിൽ കുളിയ്ക്കാൻ പോവുമ്പോൾ മതിയാവോളം മഴ നനയാം. എന്ത് രസാ അതൊക്കെ. പക്ഷേ ഇതൊക്കെ അമ്മിണിക്കുട്ടിയ്ക്ക് മാത്രമേ രസമായി തോന്നാറുള്ളൂ എന്ന് മാത്രം! ബാക്കിയുള്ളവരൊക്കെ മഴ പെയ്യാൻ തുടങ്ങുമ്പോഴേക്കും മഴയെ ചീത്ത പറയാൻ തുടങ്ങും! 

എന്തായാലും സ്കൂളില്ലാത്ത ഒരു ദിവസം അടുക്കളയുടെ വടക്ക്വോർത്തെ  തിണ്ണയിലിരുന്ന് മഴ കാണുകയായിരുന്നു അമ്മിണിക്കുട്ടി. ഉച്ചയൂണ് കഴിഞ്ഞ സമയമായതിനാൽ  ബാക്കി എല്ലാവരും ഉറക്കത്തിലോ വിശ്രമത്തിലോ ആണ്. അമ്മിണിക്കുട്ടി ആ സമയത്തൊക്കെ ആരും കാണാതെ എന്തെങ്കിലും വികൃതി കാണിച്ചിരിക്കുകയാണ് പതിവ്. ചാറ്റൽ മഴ അധിക നേരം ഉണ്ടായില്ല. മുറ്റത്ത് നിറയെ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. മഴക്കാലത്ത് എപ്പോഴും അങ്ങനെയാണ് - മുറ്റം മുഴുവൻ വെള്ളം കെട്ടി നിലക്കും. 


മഴയില്ലാത്ത സമയത്ത് വടക്ക്വോർത്തെ മുറ്റത്ത് കെട്ടി നിലക്കുന്ന വെള്ളത്തിൽ ഞാഞ്ഞൂലുകൾ തലപൊക്കി നിലയ്ക്കുന്നത് കാണാം. ഞെളിഞ്ഞു പൊളഞ്ഞുള്ള അവയുടെ നിൽപ്പ് കണ്ടാൽ അവ നൃത്തം വെക്കുന്നത് പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. ഓരോ ഞാഞ്ഞൂലും ഓരോ കുഴിയിൽ നിന്നാണ് നൃത്തം വെയ്ക്കുക. വെള്ളത്തിൽ എന്തെങ്കിലും വന്നു വീഴുകയോ മഴ പെയ്യുകയോ ചെയ്താൽ അവയൊക്കെ 'ടപ്പേ'ന്ന് കുഴിയിലേക്ക് പോവും. കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒന്നിനേം കാണില്ല. അവയുടെ കുഴി മാത്രം വെള്ളത്തിൽ തെളിഞ്ഞു കാണും. എല്ലാം ശാന്തമായാൽ പിന്നെയും അവ തല പുറത്തിട്ട് ഞെളിഞ്ഞു പുളഞ്ഞു നൃത്തം വെക്കാൻ തുടങ്ങും. 

നീണ്ടു നിൽക്കുന്ന ഞാഞ്ഞൂലുകൾ എങ്ങനെയാണ് ഇത്ര പെട്ടന്ന് കുഴിയിലേക്ക് പോവുന്നത് എന്ന് അമ്മിണിക്കുട്ടിക്ക് അറിയില്ല. ആരോടെങ്കിലും ചോദിക്കാം എന്ന് വിചാരിച്ചാൽ എല്ലാവർക്കും അതിനെ അറപ്പുമാണ്. ഞാഞ്ഞൂൽ ഉള്ള വെള്ളത്തിൽ ചെരുപ്പിടാതെ നടന്നാൽ കാലിൽ പുഴുക്കടി വരും എന്ന് പറഞ്ഞാണ് പേടിപ്പിക്കുക. പാറുവമ്മയാണെങ്കിൽ മഴവെള്ളത്തിൽ എപ്പോഴും ചവുട്ടി നടന്ന് വിരലുകൾക്കിടയിൽ ഉണ്ടായിട്ടുള്ള നിറവ്യത്യാസം കാണിച്ച് - 'മര്യാദയ്ക്ക് ചെര്പ്പ്ട്ട് നടന്നോള്വോണ്ടു, അല്ലെങ്കില് കാലൊക്കെ ന്റെ പോലെ പുഴു കടിക്കും' എന്ന് പറഞ്ഞു പേടിപ്പിക്കും. അമ്മയും അക്കാര്യത്തിൽ ഒട്ടും പുറകിലല്ല. ചെരുപ്പിട്ട് നടന്നാലും കാല് വൃത്തിയായി ഉരച്ചു കഴുകിയില്ലെങ്കിൽ ചൊറി വരും പുഴുക്കടി ഉണ്ടാവും എന്നൊക്കെ പറഞ്ഞ് കാലും വിരലുകളും ഉരച്ചുരച്ച് കഴുകാൻ നിഷ്കർഷിക്കും. 

അമ്മിണിക്കൂട്ടിക്കാണെങ്കില് മഴവെള്ളം കെട്ടി നിൽക്കുന്നതിലൂടെ വെള്ളം തെറുപ്പിച്ച് നടക്കാൻ വലിയ ഇഷ്ടമാണ്. വെള്ളത്തിൽ ശക്തിയോടെ കാലുവെച്ച് 'ബ്ലൂം' 'ബ്ലൂം' എന്ന് ഒച്ചയുണ്ടാക്കി നടക്കാനും വെള്ളം തെറിച്ചു പോവുന്നത് കാണാനും എന്തൊരു രസമാണ്. അതൊന്നും വല്യവർക്ക് ഇഷ്ടപ്പെടുകയേ ഇല്ല. അവർക്ക് എപ്പോഴും നനയാതെ നല്ല ഭംഗിയിൽ വേഷം ധരിച്ച് നടക്കാനാണ് ഇഷ്ടം. അമ്മിണിക്കുട്ടിക്കാണെങ്കിൽ ആ വെള്ളത്തിൽ കിടന്നുരുണ്ട് കുത്തിമറിഞ്ഞു കളിക്കാനും.. ഞാഞ്ഞൂലിനെ പോലെ നൃത്തം വെക്കാൻ പറ്റുമോ എന്ന് നോക്കണമെന്നുണ്ട്. പക്ഷേ അവളെ കൊള്ളുന്ന കുഴി എവിടെയുണ്ടാവാനാണ്? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ നൃത്തം വെച്ചു മടുത്തു കഴിഞ്ഞാൽ കുഴിയിൽ നിന്നും എങ്ങനെ പുറത്തു ചാടും? അല്ലെങ്കിലും ആരെങ്കിലും വന്നാൽ ഞാഞ്ഞൂലിനെ പോലെ കുഴിയുടെ ഉള്ളിലേക്ക് വലിഞ്ഞു പോവാൻ പറ്റില്ലെന്ന് അവൾക്കറിയാം. 

ഞാഞ്ഞൂലുകൾക്ക് വായും മൂക്കും ഒക്കെയുണ്ടോ? വെള്ളത്തിൽ കിടക്കുമ്പോൾ അവയ്ക്ക് കണ്ണു കാണുമോ? ശ്വാസം മുട്ടുമോ? അമ്മിണിക്കുട്ടിക്ക് വെള്ളത്തിൽ കുറച്ചു നേരമൊക്കെ മുങ്ങിക്കിടക്കാം. കണ്ണു തുറന്നു നോക്കാറുമുണ്ട് - അതത്ര രസമുള്ള കാര്യമല്ലെങ്കിലും. ഞാഞ്ഞൂലുകൾ എങ്ങനെയാണ് സംസാരിക്കുക? അവർക്ക് എന്തായാലും സ്കൂളിലൊന്നും പൊവേണ്ട എന്നുറപ്പാണ്. പക്ഷേ മഴക്കാലം കഴിയുമ്പോൾ അവർ എങ്ങോട്ടാണ് പോവുന്നത്? മൂന്നാല് ദിവസം മഴ പെയ്യാതെ മുറ്റത്തെ വെള്ളം വറ്റുമ്പോൾ അവയെ കാണാറില്ല എന്ന് അവൾക്ക് ഓർമ്മ വന്നു. അപ്പോൾ മണ്ണിൽ ചെറിയ ചെറിയ കുഴികൾ മാത്രം ബാക്കിയാവും - ഞാഞ്ഞൂലുകൾക്ക് മണ്ണിനടിയിൽ വലിയ വീടൊക്കെ ഉണ്ടാവുമായിരിക്കും - അതോ അവ വേറെ എവിടെക്കെങ്കിലും പോവുമോ? കാലില്ലാതെ ഇഴഞ്ഞിഴഞ്ഞു പോവാൻ എന്തൊരു കഷ്ടപ്പാടാവും.. പോണ വഴിക്ക് വല്ല പക്ഷികളും പിടിച്ചു തിന്നുകയും ചെയ്യും. 

അതൊക്കെ ആലോചിച്ചപ്പോൾ അമ്മിണിക്കുട്ടിക്ക് സങ്കടമായി. ഞാഞ്ഞൂലുകളെ എങ്ങനെ രക്ഷിക്കാം എന്ന് കണ്ടു പിടിക്കണം എന്നവൾ തീരുമാനിച്ചു. അത് രഹസ്യമായി വേണം ചെയ്യാൻ. അല്ലെങ്കിൽ ആദ്യം കുഴപ്പത്തിലാവുക അവൾ തന്നെയാവും എന്നവൾക്ക് നന്നായറിയാം. 

അങ്ങനെ ഓരോ കാര്യം ആലോചിച്ച് ഇരിക്കുമ്പോഴേക്കും മഴ കനത്തു. മുറ്റത്തെ വെള്ളത്തിൽ ചെറിയ ചെറിയ പൊള്ളകൾ ഉണ്ടാക്കിക്കൊണ്ട് മഴത്തുള്ളികൾ ശക്തിയിൽ വന്നു വീഴാൻ തുടങ്ങി. നിമിഷങ്ങൾക്കകം ഞാഞ്ഞൂലുകൾ ഒക്കെ അപ്രത്യക്ഷമായി. ഇനി അവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല എന്ന് അറിയാവുന്ന അമ്മിണിക്കുട്ടി ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി മുറ്റത്തെ വെള്ളത്തിൽ ഒന്നു രണ്ടടി നടന്ന് അടുക്കള വാതിലിലൂടെ അകത്തേയ്ക്ക് കയറിപ്പോയി. 


എല്ലാവരും അപ്പോഴും ഉറക്കത്തിൽ തന്നെയാണ്... അവൾ പതുക്കെ ഒച്ചയുണ്ടാക്കാതെ തെക്കിണിയിലെ കോണി കയറി മുകളിലെത്തി. അവിടെ ഒരു മുറിയിൽ തുണികളൊക്കെ തോരയിട്ടിട്ടുണ്ട്. വേഗം ഉണങ്ങാനാണോ അതോ അയക്കോലിൽ സ്ഥലമില്ലാഞ്ഞിട്ടാണോ ആവോ നിലത്തും തുണികൾ വിരിച്ചിട്ടിട്ടുണ്ട്. മുറിയുടെ അങ്ങേ അറ്റത്ത് വിരിച്ചിരിക്കുന്ന കർച്ചീഫ് ആണ് അവളുടെ ലക്ഷ്യം. പതുക്കെ അതുമെടുത്ത് താഴേയ്ക്കിറങ്ങി. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നും പഠിച്ച ചില വിരുതുകൾ പരീക്ഷിക്കുകയാണ് ഉദ്ദേശം. കർച്ചീഫ് കൊണ്ട് പോക്കറ്റ് ഉണ്ടാക്കാനും അത് പ്രത്യേക രീതിയിൽ ചുരുട്ടി റോസ് പൂ ഉണ്ടാക്കാനുമൊക്കെ ശ്രമിച്ച് അവൾ സമയം കഴിച്ചു കൂട്ടി. 

******************************************

രാത്രിയിൽ അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് തെക്കിണി മോളിൽ നിന്നും അമ്മയുടെ വിളി കേൾക്കുന്നത്. അച്ഛനും മുത്തശ്ശിയുംഏടത്തിമാരും ഒക്കെയായി കളിതമാശ പറഞ്ഞ് ഊണു കഴിക്കുന്നതിനിടയിലാണ് അമ്മയുടെ രോഷത്തിലുള്ള ചോദ്യം - അമ്മ ദേഷ്യത്തിലാണ് എന്ന് എല്ലാവർക്കും മനസ്സിലായി. എന്താണ് അമ്മ ചോദിച്ചത് എന്ന് അമ്മിണിക്കുട്ടിക്ക് കൃത്യമായി മനസ്സിലായില്ല - 'അമ്മിണിക്കുട്ടിയാണ് എന്ന് തോന്നുന്നു' എന്ന വല്യേടത്തിയുടെ ഉറക്കെയുള്ള പ്രഖ്യാപനത്തോടെ എന്തോ കാര്യമായ സംഭവമാണ് എന്നവൾക്ക് മനസ്സിലായി. 

അധികം താമസമുണ്ടായില്ല - സാമാന്യത്തിലധികം ദേഷ്യത്തോടെ അമ്മ മേലടുക്കളയിൽ പ്രത്യക്ഷപ്പെട്ടു. 'ഉണങ്ങാൻ വേണ്ടി ഞാൻ വിരിച്ചിട്ട തുണികളൊക്കെ ആരാണ് ചവുട്ടി വൃത്തികേടാക്കിയത്?' അമ്മ ശരിക്കും നല്ല ദേഷ്യത്തിലാണ്. 'ഞാനല്ല' - വല്യേടത്തി ഒട്ടും സംശയിക്കാതെ പറഞ്ഞു. 'ഞാനും അല്ല', കുഞ്ഞേടത്തിയും പിന്നാലെത്തന്നെ പ്രഖ്യാപിച്ചു. 'പിന്നെ ആരാണ്?' അമ്മ അമ്മിണിക്കുട്ടിയുടെ നേർക്ക് തിരിഞ്ഞു. 'ഞാൻ നല്ലോണം ശ്രദ്ധിച്ച് ചവ്ട്ടാണ്ടെ വക്കത്ത്ക്കൂടെയാണ് പോയത്' അമ്മിണിക്കുട്ടി പറഞ്ഞു. 'ങാഹാ.. ചവ്ട്ടാണ്ടെയാണ് പോയത് ലെ? അപ്പോ ഈ തുണീലൊക്കെ കാണണ കാലിന്റെ പാട് ആര്ട്യാ?' 'അതെന്റെയാ"    

അമ്മിണിക്കുട്ടി അത് പറഞ്ഞതും ഏടത്തിമാരും അച്ഛനും ചിരിയോട് ചിരി.. അമ്മയ്ക്കും പെട്ടന്ന് ചിരി വന്നെങ്കിലും അത് കാണിക്കാതെ, ദേഷ്യത്തിൽ - 'മഴ കാരണം തുണിയൊന്നും ഉണങ്ങാത്തത് കൊണ്ടാണ് നിലത്ത് വിരിച്ചിടുന്നത്. എന്നിട്ട് അതൊക്കെ ചവിട്ടി കേടുവരുത്തി, അല്ലേ?' എന്ന് ചോദിച്ചു.

'ഞാൻ അറിയാണ്ടെ ചവ്ട്ടീതാ.. ഇനി ചീയ്യില്യ' ഏങ്ങി വരുന്ന കരച്ചിലമർത്തി അമ്മിണിക്കുട്ടി പറഞ്ഞൊപ്പിച്ചു. 'നല്ല പെട കിട്ടാത്തതിന്റെയാണ്. വേണ്ടാ വേണ്ടാന്ന് വിചാരിക്കുമ്പോൾ കുട്ടിയ്ക്ക് വികൃതി കൂടുകയാണ്. ഇതങ്ങനെ വിടാൻ പറ്റില്ല.' അതും പറഞ്ഞ് വടിയെടുത്ത് വരട്ടെ എന്ന ആത്മഗതത്തോടെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി. 

അമ്മിണിക്കുട്ടിയുടെ നാട്യം കണ്ട് ഏടത്തിമാർ ചിരിച്ചു ചിരിച്ചു വയ്യാതിരിക്കുകയാണ്. അച്ഛനെ നോക്കിയപ്പോൾ അച്ഛനും ചിരി തന്നെ - അമ്മ പൂച്ചയെ തല്ലാനാണോ വടിയെടുക്കാൻ പോയത് എന്ന് അമ്മിണിക്കുട്ടിയോട് ഒരു ചോദ്യവും - അതും കൂടിയായപ്പോൾ അമ്മിണിക്കുട്ടി പിന്നെ വേറൊന്നും ചിന്തിച്ചില്ല - ങ്ഹീ..ങ്ഹീ.. എന്ന് തുടങ്ങി ഉറക്കെ കരയാനാരംഭിച്ചു. മേലടുക്കളയിൽ നിന്നും അന്ന് രാത്രി ഉയർന്നു വന്നത് ചിരിയുടേയും അലറിക്കരച്ചിലിന്റെയും ഒരു അപൂർവ്വ മേളമായിരുന്നു..       

Comments

© Mubi said…
ഞാഞ്ഞൂലിനെ പോലെ നൃത്തം വെക്കാൻ എനിക്കും തോന്നുന്നുണ്ട്... എന്നാലും തുണികൾ വെറുതെ ഒന്ന് ചവിട്ടിയതിന് അമ്മിണിക്കുട്ടിയെ ചീത്ത പറയേണ്ടിയിരുന്നില്ല :) :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം