Posts

Showing posts with the label ബാല്യം

അമ്മിണിക്കുട്ടിയുടെ ലോകം # 6 - കാത്തിരിപ്പിന്റെ വിരസത

Image
അമ്മിണിക്കുട്ടിയുടെ ലോകം #6 - കാത്തിരിപ്പിന്റെ വിരസത ഭാഗം അഞ്ചു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   ഏടത്തിമാരെ കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് മുഷിഞ്ഞു. അപ്പോഴേക്കും അമ്മ പയ്യിനെ കറന്നശേഷം കുട്ടിയെ കെട്ടഴിച്ചു വിട്ടു. അത് ആർത്തിയോടെ പാൽ കുടിക്കാൻ തള്ളപയ്യിന്റെ അടുത്തേയ്ക്ക് ഓടിയത് അമ്മിണിക്കുട്ടി പൂമുഖത്തു നിന്നും കണ്ടു. അമ്മ, കറന്നെടുത്ത പാൽ ഒരു വലിയ തൂക്കുപാത്രത്തിലാക്കി  കൊണ്ടുവരുന്നുണ്ട്. പാറുവമ്മ പിന്നാലെ തന്നെയുണ്ട്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്.  അമ്മിണിക്കുട്ടി ഒന്നും മിണ്ടാതെ അവരെ നോക്കിയിരുന്നു. കൈയും കാലും നന്നായി ഉരച്ചു കഴുകിയ ശേഷം പാലിന്റെ തൂക്കുപാത്രവും കൊണ്ട് അമ്മ അടുക്കളയിലേയ്ക്ക് നടന്നു. അതിനും മുൻപ് തന്നെ പാറുവമ്മ തന്റെ പണികൾ തീർക്കാൻ തിരക്കിട്ട് പോയിരുന്നു. ഇനി കുറച്ചു നേരം അമ്മയും തിരക്കിലായിരിക്കും. പാൽ അളന്ന് വെവ്വേറെ പാത്രങ്ങളിലാക്കും - ഉരി, നാഴി, ഇരുന്നാഴി അങ്ങനെ ഓരോരുത്തർക്കും കൊടുക്കാനുള്ള പാലിന്റെ കണക്കുകൾ ഉണ്ട്. അതിനൊക്കെ പ്രത്യേകം പാത്രങ്ങളും ഉണ്ട്. അതൊക്കെ അളന്നൊഴിച്ച് നിരനിരയായി വടക്ക്വോർത്ത് വെയ്ക്കും. പാറുവമ്മയാവും മിക്കവാറും

അമ്മിണിക്കുട്ടിയുടെ ലോകം #5 കുളക്കരയിലെ കാഴ്ചകൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #5  കുളക്കരയിലെ കാഴ്ചകൾ  ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. അറയിൽ നിന്നും ഒരു പായയുമെടുത്ത്, കയ്യിൽ ഒന്നുരണ്ടു വാരികകളുമായി പാറുവമ്മ വടക്ക്വോർത്ത് ഹാജരായി. പായ തിണ്ണയിൽ വിരിച്ച്, കാലു നീട്ടിയിരുന്ന് രാവിലെ അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു മുടിപ്പിന്നു കെട്ടിയതഴിച്ച്, മുടി പതുക്കെ വേറെടുത്ത് ജടയൊക്കെ കളഞ്ഞ ശേഷം അറയുടെ മേല്പടിയിൽ സൂക്ഷിച്ചു വെക്കാറുള്ള ചീർപ്പെടുത്ത് ഭംഗിയായി ചീകി ഒതുക്കിക്കെട്ടുന്നത് വരെ അമ്മിണിക്കുട്ടി ക്ഷമയോടെ കാത്തിരുന്നു. 'പാറോമ്മേ, പാറോമ്മ എന്തിനാ അമ്മേ കുഞ്ചാത്തലേന്ന് വിളിക്ക്യണത്?' 'അത്പ്പോ ന്താ പറയ്യാ ൻറെ കുട്ട്യേ... അതങ്ങനെയാണ്. അതെന്നെ!' 'അപ്പോ അച്ഛൻപെങ്ങളെ എന്തിനാ മാളാത്തലേന്ന്  വിളിക്ക്യണെ? എന്താ  അച്ഛൻപെങ്ങൾ കുഞ്ചാത്തല് ആവാത്തെ?' 'അതോ, അവരൊക്കെ ഇവ്ട്ന്ന് പോയോരല്ലേ?. അപ്പൊ അവരെ അങ്ങനെയാ വിളക്ക്യാ. അമ്മിണിക്കുട്ടീടെ അമ്മ ഇങ്ങട്‌ വന്നതല്ലേ - അതാ കുഞ്ചാത്തല്ന്ന് വിളിക്ക്യണെ.' പോയോരും വന്നോരും...അതെന്താണെന്ന് അമ്മിണിക്കുട്ടിയ്ക്ക് മനസ

അമ്മിണിക്കുട്ടിയുടെ ലോകം # 4 ഉച്ചയൂണിന്റെ നേരം

Image
മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അമ്മിണിക്കുട്ടിയുടെ ലോകം # 4   ഉച്ചയൂണിന്റെ നേരം പടി ചാടിക്കടന്ന് - ഏടത്തിമാരുടെ പോലെ അത്ര എളുപ്പം പടിചാടിക്കടക്കാൻ അമ്മിണിക്കുട്ടിക്ക് പറ്റില്ല; ഓരോരോ പടികൾ ചവിട്ടി കയറി ഏറ്റവും മുകളിലത്തെ പടിയിൽ നിന്ന് ഒരു ചാട്ടം, അതാണവളുടെ പതിവ് - നെല്ലിച്ചോട്ടിലെത്തിയപ്പോഴേയ്ക്കും നന്ദിനി കുറെ മുന്നിലെത്തിയിരിക്കുന്നു. ഇല്ലത്തെ പടി കടന്നാൽ അവൾക്ക് പേടിയില്ലെന്ന് അവർക്കറിയാം. തൊഴുത്തിൽ നിന്നും പശു 'മ്പേ.....' ന്ന് നീട്ടിയമറി. അതിന് കാടിവെള്ളം കുടിക്കാൻ സമയമായിട്ട്ണ്ടാവും ന്നാ തോന്നണേ.. മിക്കപ്പോഴും പാറുവമ്മ ഉച്ചയ്ക്ക് അതിനെ കാടിവെള്ളം കുടിപ്പിച്ചേ തൊഴുത്തിൽ കൊണ്ടു വന്നു കെട്ടാറുള്ളൂ.  ഇന്ന് അമ്മയുടെ പണികളൊക്കെ വൈകിയോണ്ട് അതിൻ്റെ വെള്ളം കുടിയും വൈകീന്ന് തോന്നുണു. അതാണ് ഈ കരച്ചിൽ.  വെള്ളം കിട്ടണ വരെ അതിങ്ങനെ ഇടയ്ക്കിടെ  'മ്പേ.....' ന്ന് കരഞ്ഞുകൊണ്ടിരിക്കും.  അധികം വൈകാതെ പാറുവമ്മയോ നന്ദിനിയോ മറ്റോ കഞ്ഞിവെള്ളം കൊണ്ടു വരും. അത് വരെ ഇവിടെത്തന്നെ ചുറ്റിപറ്റി നിന്നാലോ... ? തൊഴുത്തിന്റെ ഭാഗത്തയ്ക്ക് തിരിയണോ എന്ന് ചിന്തിച്ചപ്പോഴേയ്ക്കും

എന്റെ പ്രിയ നർത്തകിമാർ

Image
ഇന്ന് ഇൻറർനാഷനൽ ഡാൻസ് ഡേ ആണത്രെ! ഞാനൊരിക്കലും ഒരു ഡാൻസർ ആയിരുന്നില്ല. ഒരു നൃത്തച്ചുവട് പോലും തെറ്റാതെ വെക്കാൻ അറിയാത്ത ഞാൻ ഈ ഡാൻസ് ഡേയിൽ എന്നേക്കുറിച്ചല്ല പറയുന്നത്. ഡാൻസ് ഇഷ്ടമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ അഭാവം മൂലം പഠിക്കാൻ പറ്റാതിരുന്ന രണ്ടു പേരെ പറ്റിയാണ്. ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ - ജീവിതത്തിൽ ഒരുപാടൊരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് - ഇപ്പോഴും നേരിട്ടു കൊണ്ട് - തങ്ങളെക്കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരിൽ പുഞ്ചിരി പകരുന്ന രണ്ടു പേർ - അവരുടെ അനിയത്തി എന്ന ലേബലാണ് എന്നെ ഞാനാക്കുന്ന ഒരു വലിയ ഘടകം എന്ന് സ്കൂള് കാലം മുതലേ എനിക്ക് ബോധ്യമുണ്ട്. ഓർമ്മകൾ പിറകോട്ട് പായുമ്പോള് സ്കൂളില് പാട്ടും ഡാൻസും ഒക്കെയായി സജീവമായിരുന്ന ഏടത്തിയെയാണ് കാണാനാവുക. സ്കൂൾ യുവജനോത്സവത്തിലും മറ്റും ഗ്രൂപ്പ് ഡാൻസ്, തിരുവാതിരക്കളി തുടങ്ങിയ നൃത്ത പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഏടത്തി. ഇല്ലത്തെ ഞങ്ങളുടെ ഒഴിവു വേളകൾ പാട്ടുകൾ കൊണ്ട് മാധുര്യം പകർന്നിരുന്ന ഏടത്തിയ്ക്ക് പാട്ട് പഠിക്കാനുള്ള സാഹചര്യം ഒത്തു വന്നില്ല. ഞങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് നന്നായി അറിയുന്ന ഏടത്തി പാട്ടു പഠിക്കണ

അമ്മിണിക്കുട്ടിയുടെ ലോകം #3 - വല്യമ്മയോടൊപ്പം ഇത്തിരി നേരം

Image
ഭാഗം ഒന്ന് വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക ഭാഗം രണ്ട് ഇവിടെയുണ്ട്   # 3  വല്യമ്മയോടൊപ്പം ഇത്തിരി നേരം  വീടിൻ്റെ ഗേറ്റ് കടന്നതും അമ്മിണിക്കുട്ടി ഓടാൻ തുടങ്ങി. 'കുട്ടി ഓടീട്ട് കൊട്ടിപ്പെടഞ്ഞു വീഴാൻ നിക്കണ്ട. പതുക്കെ നടന്നോള്വൊണ്ടൂ...' ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ അവൾ ഇറയത്തേയ്ക്ക് ഓടിക്കയറി. അമ്മിണിക്കുട്ടി ഇറയത്ത് കയറിയതും ലക്ഷ്മിയമ്മ തൻ്റെ പണികൾ പൂർത്തിയാക്കാൻ ധൃതിപ്പെട്ട് നടന്നു... അവിടെ പ്രധാന വാതിൽകൂടാതെ ഇറയത്ത് നിന്നും രണ്ടു ഭാഗത്തേക്കും  ഓരോ വാതിലുണ്ട്. ഒന്ന് സ്വീകരണ മുറിയിലേക്കും മറ്റേത് വേറൊരു മുറിയിലേയ്ക്കുമാണ്. ഇറയത്തെ ചുമരിൽ കുറെ ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. അതിൽ വല്യച്ഛന്റെ ചിത്രം അമ്മിണിക്കുട്ടിയ്ക്ക് കണ്ടാലറിയാം. എന്നാൽ താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ അച്ഛന്റെ ചിത്രം അവളെ എപ്പോഴും അമ്പരപ്പിക്കും. അച്ഛൻ നല്ല സുന്ദരനാണ് എന്നവൾക്കറിയാം. നല്ല കട്ടിയുള്ള കറുത്ത മുടിയും ഭംഗിയുള്ള മീശയുമൊക്കെയായി അച്ഛനെ കാണാൻ എന്ത് ചന്തമാണെന്നോ! പിന്നെന്തിനാ ഊശാൻ താടിയും ഇടയ്ക്കൊക്കെ വെളുത്ത നിറത്തിലുള്ള മുടിയുള്ള ഈ ചിത്രം അവിടെ തൂക്

അമ്മിണിക്കുട്ടിയുടെ ലോകം - #2 അടുക്കളയുടെ ചുറ്റുമുള്ള ലോകം

Image
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക #2  അടുക്കളയുടെ ചുറ്റുമുള്ള ലോകം അടുക്കളയിലെത്തിയതും അച്ഛന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി. അമ്മ അപ്പോഴേയ്ക്കും അവളുടെ കുഞ്ഞിക്കിണ്ണത്തിൽ ദോശ ചെറിയ കഷ്ണങ്ങളായി പൊട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു. കിണ്ണത്തിന്റെ ഒരു മൂലയിൽ അല്പം നെയ്യും പഞ്ചസാരയുമുണ്ട് - അതിൽ ഓരോ ദോശപ്പൊട്ടും ഒപ്പിയൊപ്പി കഴിക്കാം. നല്ല സ്വാദാണതിന്! കിണ്ണത്തിനു മുന്നിൽ ഇരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും, 'കൈ കഴുകിയിട്ട് കഴിക്കൂ' എന്ന് അമ്മയുടെ നിർദ്ദേശം വന്നു. അത് കേട്ടയുടനെ കൊട്ടത്തളത്തിനരുകിൽ ഓടിയെത്തി. അടുപ്പിനടുത്ത് നിന്ന് ദോശയുണ്ടാക്കിക്കൊണ്ടിരുന്ന അമ്മ അപ്പോഴേയ്ക്കും വെള്ളം നിറച്ചു വെച്ച ചെമ്പിൽ നിന്നും ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അവളുടെ കുഞ്ഞിക്കയ്യിൽ ഒഴിച്ചു കൊടുത്തു. കൈ കഴുകിയതും ഒറ്റയോട്ടത്തിന് തിരിച്ചു കിണ്ണത്തിന്റെ മുന്നിലെത്തി. മേലടുക്കളയിൽ നിന്നും അടുക്കളയിലേക്ക് കടക്കുന്ന വാതിലിന്റെ അരികിൽ ഒരു കൂടുണ്ട് - ചെറിയ വാതിൽപ്പാളികളുള്ള ഒരു കൊച്ചു മുറിയാണ് അതെന്നാണ് അമ്മിണിക്കുട്ടിക്ക്  തോന്നാറുള്ളത്. അതിലാണ് അമ്മ പല സാമാനങ്ങളും പലതരം ഡപ്പികളിലാക്കി സൂക്ഷിക്കുന്ന

അമ്മിണിക്കുട്ടിയുടെ ലോകം # 1 - ഒരു ദിവസം തുടങ്ങുന്നു...

Image
ഒരു ദിവസം തുടങ്ങുന്നു... 'അമ്മിണിക്കുട്ടീ, എണീക്കൂ! നല്ല കുട്ട്യോൾ നേർത്തെ എണീറ്റ് കുളിച്ചു മിടുക്കത്തികളായിട്ടല്ലേ ഇരിക്ക്യാ?' കുഞ്ഞേടത്തി കുലുക്കി വിളിച്ചപ്പോൾ മനസ്സില്ലാമനസോടെയാണ് അമ്മിണിക്കുട്ടി കണ്ണ് തുറന്നത്.  രാവിലെ നേർത്തെ എണീക്കാൻ അവൾക്ക് ഇഷ്ടമല്ല. പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്നതിന്റെ സുഖം ഈ വല്യ ആൾക്കാർക്കൊന്നും അറിയില്ലേ? കുഞ്ഞേടത്തിയെ അവൾക്ക് നല്ല ഇഷ്ടമാണ് - പക്ഷേ രാവിലത്തെ ഈ വിളി മാത്രം ഇഷ്ടല്ല. മിക്കവാറും വിളിച്ചുണർത്തുന്നതിന് സമ്മാനമായി ഒരു ചവിട്ടും കുത്തും ആ പാവത്തിനു കൊടുക്കും. 'അമ്മേ, ഈ അമ്മിണിക്കുട്ടി എന്നെ ചവുട്ടി' എന്ന് ഏങ്ങിക്കൊണ്ട്  കുഞ്ഞേടത്തി താഴേയ്ക്ക് ഓടുമ്പോൾ അമ്മിണിക്കുട്ടി വീണ്ടും പുതപ്പിനടിയിലേയ്ക്ക് ഊളിയിടും. വീണ്ടും ഉറക്കം പിടിച്ചു വരുമ്പോഴേയ്ക്കും വല്യേടത്തി ഹാജരുണ്ടാവും. എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കാൻ വേണ്ടി 'വേഗം ണീറ്റോ, അച്ഛൻ വന്നാൽ നല്ല പെട കിട്ടും' എന്ന് പറഞ്ഞു പേടിപ്പിക്കും. അത് കേട്ടാൽ അറിയാതെ തന്നെ  കിടക്കയിൽ നിന്നും എഴുന്നേറ്റു പോകും.  അച്ഛന്റെ അടി ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും അതിന് നല്ല വേദനയുണ്ടാവും

ഒരു വഴി തെറ്റിയ (തെറ്റിച്ച?) കഥ

Image
വള്ളുവനാട്ടിലെ ഒരു ഗ്രാമത്തിൽ, പാരമ്പര്യ അനുഷ്ഠാനങ്ങളും ചിട്ടകളും പാലിച്ചു പോന്ന ഒരു കുടുംബത്തിലാണ് എൻ്റെ ജനനം. അതു കൊണ്ട് തന്നെ ചെറുപ്പം മുതലേ പല ആചാരാനുഷ്ഠാനങ്ങളും കണ്ടും ആചരിച്ചും പാലിച്ചും തന്നെയാണ് വളർന്നത്. തറവാടിന്റെ ചുമതല അച്ഛനിൽ നിക്ഷിപ്തമായിരുന്നു എന്നതിനാൽ അതിനോടനുബന്ധിച്ച പല  കടമകളും ഞങ്ങളിലേയ്ക്കും സ്വയമേവ വന്നു ചേർന്നു. അതികണിശമായ രീതികൾ ഒന്നും അല്ലെങ്കിലും ഒരു സാമാന്യ വിധത്തിലൊക്കെ കുടുംബത്തിൽ ചെയ്യേണ്ടതായ കാര്യങ്ങൾ എല്ലാ കൊല്ലവും അച്ഛന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു - ഇന്നും നടന്നു വരുന്നു. എല്ലാ കൊല്ലവും തൈപ്പൂയ്യത്തിന് ഇല്ലത്തു നിന്നും അമ്പലത്തിലേയ്ക്കുള്ള കാവടി എഴുന്നള്ളിപ്പ്, കൊല്ലത്തിലൊരിക്കലെങ്കിലും ഭഗവതിക്ക് കളംപാട്ട്, സർപ്പവലി, കരിങ്കുട്ടിയ്ക്ക് ആട്ട്, മുത്തശ്ശൻ, മുത്തശ്ശി എന്നിവരുടെ ശ്രാദ്ധമൂട്ടൽ, വിദ്യാരംഭം എന്നിങ്ങനെ അനേകം കാര്യങ്ങൾ  മുറപോലെ നടന്നു വന്നിരുന്നു. അതു പോലെ തന്നെ ഉള്ള ഒരു ചടങ്ങാണ് നല്ലൂർ അമ്പലത്തിലെ ഗുരുതി. (നല്ലൂർ വളരെ പണ്ടു കാലത്ത് ഞങ്ങളുടെ തറവാടായിരുന്നു, അവിടെനിന്നും ഇപ്പോഴുള്ള ഇല്ലത്തേക്ക് ലയിച്ചതാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.)