ബിർക്നൗവിലേയ്ക്ക്
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക മരണ കവാടം ഔഷ്‌വിറ്റ്സ് -1ൽ നിന്നും ബസ്സിൽ ഒരഞ്ചു മിനിറ്റേ വേണ്ടൂ ഔഷ്‌വിറ്റ്സ് -2 എന്ന ബിർക്നൗലേയ്ക്ക്. ബസ്സിറങ്ങി വിറയ്ക്കുന്ന കാലോടെയും വിങ്ങുന്ന ഹൃദയത്തോടെയും ചിത്രങ്ങളിലൂടെ ഏറെ പരിചിതമായ ആ കവാടം ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നേ കാണാം ആ കെട്ടിടം... രാക്ഷസമുഖം രണ്ടുമൂന്നു മിനിറ്റ് നടത്തത്തിനൊടുവിൽ അതിനു മുന്നിലെത്തി. ഭീമാകാരമായ വായ പൊളിച്ചു മനുഷ്യരെ വിഴുങ്ങാൻ വെമ്പി നിൽക്കുന്ന ഒരു സത്വത്തെ ഓർമ്മിപ്പിച്ചു മുൻവശത്തു നിന്നുള്ള കാഴ്‌ച! വിദ്വേഷത്തിൻ്റെ നീണ്ട നാവെന്ന പോലെ റെയിൽപാളങ്ങൾ ആ വായിൽ നിന്നും നീണ്ടു വരുന്നു. കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിലെ രാക്ഷസൻ വായും പൊളിച്ചു നിൽക്കുന്നതാണെന്നു തോന്നി. വേഗം കുറച്ചു ഫോട്ടോ എടുത്ത് ഗൈഡിൻറെ അടുക്കലേയ്ക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും അയാൾ അവിടുത്തെ ചരിത്രം പറഞ്ഞു തുടങ്ങിയിരുന്നു. ഔഷ്‌വിറ്റ്സ് -1ൽ സ്ഥലം തികയാതെ വന്നപ്പോൾ നിർമ്മിച്ചതാണ് ബിർക്നൗവിലെ കോൺസെൻട്രേഷൻ ക്യാമ്പ്. (ക്യാമ്പിന്റെ മതിലകത്തേയ്ക്ക് നീണ്ടു പോകുന്ന റെയിൽ പാത ചെന്നവസാനിക്കുന്നത് ഗ്യാസ് ചേമ്പറിനു മുന്നിലാണ്). യൂറോപ്...