അകലങ്ങൾ
 
എത്ര കൈ നീട്ടിയാലും  തൊടാനാവാത്ത  ചില അകലങ്ങളുണ്ട് ഹൃദയമുരുകിയുരുകിയെത്ര  വിളിച്ചുവെന്നാലും കേൾക്കാത്ത ചെവികളും.. നോവിൽപ്പതിഞ്ഞു നീറുമ്പോൾ നീട്ടിയ കരം പിടിച്ചു കയറിപ്പോയിട്ടൊരുമാത്ര- പോലുമൊന്നു തിരിഞ്ഞു നോക്കാത്ത കണ്ണുകളുമേറെ... എങ്ങലടിച്ചു കരയുവാൻ  ചുമലുകൾ താങ്ങായ് നല്കി- യൊടുവിലതിൽ ചവുട്ടി- ക്കുതിച്ചുപാഞ്ഞു പോയ് ചിലർ മണ്ണിൽ വീണമരും ധൂളിയെ നോക്കിയൊന്നു നെടുവീർപ്പിട്ടു,  ഉളളിൽ നുരഞ്ഞു പൊന്തുന്ന നോവിൻ തിരകളെയേറെ പണിപ്പെട്ടുള്ളിൽ തടഞ്ഞു നിർത്തിയെങ്കിലുമൊരു തിര കണ്ണിൽ നിന്നൂർന്നു വീണു, കണ്ണീരെന്ന പേരിലെൻ അകവും പുറവുമൊരു മാത്ര നീറിപ്പുകച്ചങ്ങു വറ്റിയുണങ്ങി പിന്നെയും പൊഴിയാൻ തുടങ്ങും നീർമുത്തിനെ പിടിച്ചു കെട്ടി ഞാനെൻ മന്ദഹാസത്താലെ... പുലരി തൻ പ്രഭയിൽ മിന്നിത്തി- ളങ്ങി വജ്രം പോലെൻ കണ്ണിലതു കണ്ടു ലോകരോതിയെന്തു തിളക്കമഹോ ആ കൺകളിൽ!             
 
 
 
 
