കുറിക്കണ്ണൻ കാട്ടുപുള്ള്
രണ്ടു കുറിക്കണ്ണൻ കാട്ടുപുള്ളുകൾ ഉണ്ടിവിടെ. കരിയിലകൾക്കിടയിൽ തത്തി നടക്കുന്ന അവയെ അത്ര പെട്ടന്ന് കാണാൻ സാധിക്കയില്ല. ഒരിടത്തും അധികം നില്ക്കാതെ തത്തിക്കളിക്കുന്നതു കൊണ്ടങ്ങനെ കാണാം എന്ന് മാത്രം!
![]() |
കുറിക്കണ്ണന്‍ കാട്ടുപുള്ള് |
ഉണങ്ങിയ ഇലകൾ കൊക്കു കൊണ്ട് ചികഞ്ഞു മാറ്റി മണ്ണിൽ നിന്നും ചെറുപ്രാണികളെയും പുഴുക്കളെയും കൊത്തിത്തിന്നുന്നതിൽ വ്യാപൃതരാണവർ. മിക്കവാറും സമയങ്ങളിൽ ഇണകളായാണ് കാണാറുള്ളത്. മുട്ടിയുരുമ്മിയല്ല ഇരിക്കാറുള്ളതെങ്കിലും അവർ പരസ്പരം എപ്പോഴും ഒരു വിളിപ്പാടകലെ (അതോ ഒരു തത്തിച്ചാട്ടമകലെയോ) കാണപ്പെടുന്നു.
ഇന്ത്യയിൽ അങ്ങിങ്ങോളം കാണപ്പെടുന്ന ഇവയ്ക്ക് അധികം വലുപ്പമില്ല. 20-22 സെ. മി ആണ് സാധാരണ വലുപ്പം. ഓറഞ്ചും നീലയും കലർന്ന ശരീരമുള്ള ഇവയിൽ ആൺകിളിയുടെ ചിറകിന്റെ നിറം കുറെ കൂടി കടും 'നീലയാണ്. പെൺകിളിയുടേത് ഒരു തരം നരച്ച നീല നിറവും!
സ്വതവേ ഒരു തരം കിർ കിർ ശബ്ദമാണ് അവ പുറപ്പെടുവിക്കാറുള്ളതെങ്കിലും ഒന്നു രണ്ടു തവണ അവ മനോഹരമായി പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്. മുറ്റത്ത് പൈപ്പിനരുകിൽ വെള്ളം നിറച്ചു വെച്ച ചട്ടിയിലെ വെള്ളം കുടിക്കാനും അവ മിക്കവാറും ഒരുമിച്ചാണ് വരാറുള്ളത്. ഒരാൾ വെള്ളം കുടിക്കുമ്പോൾ മറ്റേയാൾ കാവൽ നില്ക്കും. കുളി പാസാക്കുകയാണെങ്കിലും അങ്ങനെ തന്നെ! അവയുടെ നീരാട്ടും കൊഞ്ചലും നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയുകയേയില്ല.
ഉഷ സന്ധ്യയിലും സായം സന്ധ്യയിലുമാണ് ഇവയെകാണാൻ എളുപ്പമെങ്കിലും തൊടിയിലേക്കിറങ്ങിയാൽ മിക്കപ്പോഴും അവയെ കാണാം. ഒന്ന് ശ്രദ്ധിച്ചു നോക്കണമെന്നു മാത്രം. നിലത്ത് തത്തി നടന്നാണ് ഇര തേടുന്നതെങ്കിലും പലപ്പോഴും ഏറെ ഉയരമുള്ള മാവിൻ കൊമ്പത്തും അവയെ കണ്ടിട്ടുണ്ട്. എങ്കിലും മുറ്റത്തും അധികം ഉയരമില്ലാത്ത മരക്കൊമ്പുകളിലുമാണ് മിക്കപ്പോഴും അവയെ കാണാൻ സാധിക്കുക.
മനുഷ്യരെ കാണുന്ന മാത്രയിൽ പേടിച്ച് പറന്നകലുന്ന ഒരു പക്ഷിയല്ലിത്. വീടിനു ചുറ്റുവട്ടത്ത് താമസിച്ച് ശീലമായതു കൊണ്ടാണോ അവയ്ക്ക് ഭയമില്ലാത്തത് എന്നറിയില്ല. എന്നിരുന്നാലും ഏറെ അടുക്കാൻ ഇവ സമ്മതിക്കില്ല. അടുക്കാൻ നോക്കിയാൽ ശരവേഗത്തിൽ അടുത്ത മരക്കൊമ്പിലേക്ക് പറന്നുയരും. ഒളിച്ചിരിയ്ക്കാൻ നല്ല കഴിവാണ് ഇവയ്ക്ക് .
ഒറ്റ നോട്ടത്തിൽ ദേശാടന പക്ഷിയായ കാവിയുമായി സാമ്യം തോന്നുമെങ്കിലും രണ്ടിന്റേയും ആകാരവും വലുപ്പവും നിറവുമൊക്കെ വ്യത്യസ്തമാണ് എന്നു കാണാം. കാവി രണ്ടു കാലിൽ നിവർന്ന് നില്ക്കുന്ന പ്രതീതി ജനിപ്പിക്കുമ്പോൾ കുറിക്കണ്ണൻ കാട്ടുപുള്ള് ഭൂമിയ്ക്ക് സമാന്തരമായി അല്പം കുനിഞ്ഞാണ് നില്ക്കുക എന്നു വേണമെങ്കിൽ പറയാം. എന്നിരുന്നാലും ഇവയെ കണ്ട് കാവിയാണെന്ന് ധരിച്ച സന്ദർഭങ്ങൾ കുറെയുണ്ട്. സന്ധ്യയ്ക്ക് തൊടിയിലൂടെ നടക്കുമ്പോൾ പെട്ടന്നവ മുന്നിൽ പെടുമ്പോൾ കാവിയാണ് എന്ന് കരുതി ഒരു നിമിഷം ഹൃദയം തുടികൊള്ളും. ആളുമാറി പോയെന്നറിയുമ്പോൾ ജാള്യത പുറത്തു കാട്ടാതെ അവയുടെ കണ്ണിൽ നോക്കിച്ചിരിക്കും.
കഴിഞ്ഞ വേനലില്‍ ദാഹമകറ്റാന്‍ എത്തിയിരുന്ന പക്ഷികളില്‍ ഇവനെ സ്ഥിരം കണ്ടിരുന്നു |
കണ്ണിനു കുറുകേയുള്ള കറുത്തവരകൾ അവയ്ക്ക് ഒരനുവാച്യ ഭംഗിയേകുന്നു എന്നതിൽ തർക്കമില്ല. ഇന്ത്യയിൽ മറ്റിടങ്ങളിൽ കാണുന്ന ഇതിന്റെ ബന്ധുക്കളേക്കാൾ കേരളത്തില്‍ കാണുന്ന കുറിക്കണ്ണൻ കാട്ടുപുള്ളിന് ഭംഗി തോന്നുന്നതും ഈ സുന്ദരമായ കണ്ണെഴുത്തു കൊണ്ടു തന്നെയാവണം. എന്തായാലും തൊടിയിൽ തത്തി നടന്നും ശരവേഗത്തിൽ പറന്നകന്നും ഇടയ്ക്ക് അരോചകമായ ശബ്ദത്തിൽ കരഞ്ഞും മറ്റു ചിലപ്പോൾ ഹൃദയഹാരിയായ പാട്ടു പാടിയും ഈ പറവ നമ്മെ ഏറെ സന്തോഷിപ്പിക്കുന്നു. അവയുടെ പാട്ടും ലീലാവിലാസങ്ങളും മറ്റെല്ലാം മറന്നവയെത്തന്നെ നോക്കിയിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതിൽ അതിശയമുണ്ടോ?
Comments