പുലരികൾ...
വല്ലാത്തൊരു
ഇരുട്ടും കനവുമായാണ്...
ജാലകപ്പാളി തുറന്നു നോക്കുമ്പോഴാണ്
ഇരുട്ട് പുറത്തല്ല
ഉള്ളിലാണെന്നറിയുന്നത്
ഏറി വരുന്ന കനമാകട്ടെ
ഹൃദയത്തിന്റെ മാത്രവും...
പിന്നീടുള്ള ഓരോ നിമിഷവും
ഒരു യുദ്ധമാണ് -
ഞാനും ഞാനും തമ്മിലുള്ള
നിരന്തര യുദ്ധം.
അതിൽ പോരാടുന്നതും
മുറിവേൽക്കുന്നതും
രക്തം ചിന്തുന്നതുമെല്ലാം
ഞാൻ തന്നെ
ആശ്ചര്യമെന്തെന്നു വെച്ചാൽ
ഉള്ളിൽ നടക്കുന്ന ഈ മഹായുദ്ധ-
മാരും അറിയുന്നില്ല...
രക്തം ചൊരിഞ്ഞ് ആസന്ന-
മരണത്തിലാണെങ്കിലും
മുഖത്തെ ചിരിയും കൈ-
കാലുകളുടെ ചുടലതയും
ഞാൻ ജീവസ്സുറ്റതാണെന്ന്
മാലോകരോട് അലറിപ്പറയുന്നു...
ചിരിച്ചും കളിച്ചും തിമർത്തും
അവരും രാവിൽനിന്നും
ഇരവിലേയ്ക്ക് നീങ്ങുന്നു...
അവരുടെ ഉളളിമുണ്ടോ കനത്ത,
രക്തം കിനിയുന്ന ഒരു ഹൃദയം?
പൊട്ടിച്ചിരിയുടെ പ്രതിധ്വനിയിൽ
ഹൃദയത്തിന്റെ കരച്ചിലുകൾ
ഞാൻ കേൾക്കാത്തതാണോ?
അതിഭാരത്താൽ താഴ്ന്നു പോകവേ
അവരുടെ ഹൃദയം
തൂവൽ പോലെ ലാഘവമെന്ന്
വെറുതെയെനിക്ക് തോന്നിയതാണോ?
എന്തായാലും.. ചില പുലരികൾ പുലരുന്നത്
വല്ലാത്തൊരു ഇരുട്ടും കനവുമായാണ്...
Comments
ആ ആഭ്യന്തരയുധങ്ങളൊന്നും തന്നെ.
ചിരിയുടെ പുറകിൽ ഒളിപ്പിച്ചു
എല്ലാവരും ഉറങ്ങാൻ കിടക്കുന്നു.