അമ്മിണിക്കുട്ടിയുടെ ലോകം #5 കുളക്കരയിലെ കാഴ്ചകൾ

അമ്മിണിക്കുട്ടിയുടെ ലോകം #5  കുളക്കരയിലെ കാഴ്ചകൾ 

ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. അറയിൽ നിന്നും ഒരു പായയുമെടുത്ത്, കയ്യിൽ ഒന്നുരണ്ടു വാരികകളുമായി പാറുവമ്മ വടക്ക്വോർത്ത് ഹാജരായി. പായ തിണ്ണയിൽ വിരിച്ച്, കാലു നീട്ടിയിരുന്ന് രാവിലെ അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു മുടിപ്പിന്നു കെട്ടിയതഴിച്ച്, മുടി പതുക്കെ വേറെടുത്ത് ജടയൊക്കെ കളഞ്ഞ ശേഷം അറയുടെ മേല്പടിയിൽ സൂക്ഷിച്ചു വെക്കാറുള്ള ചീർപ്പെടുത്ത് ഭംഗിയായി ചീകി ഒതുക്കിക്കെട്ടുന്നത് വരെ അമ്മിണിക്കുട്ടി ക്ഷമയോടെ കാത്തിരുന്നു.

'പാറോമ്മേ, പാറോമ്മ എന്തിനാ അമ്മേ കുഞ്ചാത്തലേന്ന് വിളിക്ക്യണത്?' 'അത്പ്പോ ന്താ പറയ്യാ ൻറെ കുട്ട്യേ... അതങ്ങനെയാണ്. അതെന്നെ!'

'അപ്പോ അച്ഛൻപെങ്ങളെ എന്തിനാ മാളാത്തലേന്ന്  വിളിക്ക്യണെ? എന്താ  അച്ഛൻപെങ്ങൾ കുഞ്ചാത്തല് ആവാത്തെ?'

'അതോ, അവരൊക്കെ ഇവ്ട്ന്ന് പോയോരല്ലേ?. അപ്പൊ അവരെ അങ്ങനെയാ വിളക്ക്യാ. അമ്മിണിക്കുട്ടീടെ അമ്മ ഇങ്ങട്‌ വന്നതല്ലേ - അതാ കുഞ്ചാത്തല്ന്ന് വിളിക്ക്യണെ.'

പോയോരും വന്നോരും...അതെന്താണെന്ന് അമ്മിണിക്കുട്ടിയ്ക്ക് മനസ്സിലായില്ല. 'അമ്മ എന്നും ഇവിടെത്തന്നെണ്ടല്ലോ -പിന്നെങ്ങനെയാ വന്നോര് ആവാ?'

'അതോ, അമ്മ അമ്മിണിക്കുട്ടീടെ അമ്മാത്ത്ന്നല്ലേ വന്നത്? അതാ... അച്ഛൻപെങ്ങളെ ഒക്കെ ഇവിടുന്ന് വേളി കഴിച്ചു കൊണ്ടോയതല്ലേ...'

'ഓ അതെന്താണാവോ അങ്ങനെ...' അവൾ ചിന്തിച്ചു. 'അപ്പൊ പാറുവമ്മേടെ വീട്ടില് വരണോരൊക്കെ പാറുവമ്മേ കുഞ്ചാത്തല് ന്നാ വിളിക്ക്യാ...?'

'ഓ ൻറെ കുട്ട്യേ, കുട്ടീനെക്കൊണ്ട് ഞാൻ തോറ്റൂലോ... അങ്ങനെയൊന്നും പറയാൻ പാടില്യ. ഞങ്ങളോടെയൊന്നും ആരും അങ്ങനെയൊന്നും  വിളിക്കില്യ... അതൊക്കെ നിങ്ങളെപോലെള്ളോരെയാണ് വിളിക്ക്യാ.'

അതെന്താവോ അങ്ങനെ എന്ന് പിന്നെയും ഒരു നിമിഷം ആലോചിച്ച ശേഷം അമ്മിണിക്കുട്ടി വീണ്ടും ചോദിച്ചു:

'അപ്പൊ ഞാൻ വല്തായാൽ ന്നേം കുഞ്ചാത്തല്ന്ന്  വിളിക്ക്യോ... ?'

'അമ്മിണിക്കുട്ടീനെ കൊണ്ടോവണോട്ത്തെ  അവിടെള്ളോര് കുഞ്ചാത്തലേ ന്ന് വിളിക്ക്യേര്ക്ക്യും. ഇബടള്ളോരൊക്കെ മാളാത്തലെന്നല്ലെ വിളിക്ക്യാ..'

തന്നെ ആരെങ്കിലും കൊണ്ടോവണ കാര്യം അമ്മിണിക്കുട്ടിയ്ക്ക് അത്രയ്ക്ക് രസിച്ചില്ല. മുഖം ഇത്തിരി ചുളിച്ചു കൊണ്ട് അവൾ പറഞ്ഞു:

'പാറുവമ്മ ന്നെ അമ്മിണിക്കുട്ടീന്നെന്നെ വിളിച്ചാ മതീട്ടോ. നിയ്ക്ക് അതെന്ന്യാ ഇഷ്ടം.' അങ്ങനെ പറയാൻ അമ്മിണിക്കുട്ടിയ്ക്ക് ഒട്ടും സങ്കോചം ഉണ്ടായില്ല.

'എന്നാ അങ്ങനെയായിക്കോട്ടെ' - അവളുടെ ഗൗരവം കണ്ട് ചിരിയമർത്താൻ പാടു പെട്ടുകൊണ്ട് പാറുവമ്മ പറഞ്ഞു. 'ഒറപ്പല്ലേ?' പാറുവമ്മയുടെ നാട്യം കണ്ടപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് ആകപ്പാടെ സംശയം. 'അമ്മിണിക്കുട്ടി പറഞ്ഞാൽ പിന്നെ പാറുവമ്മ കേക്കാണ്ടിരിക്ക്യോ? ഒറപ്പ്!'

പാറുവമ്മയുടെ മറുപടി കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. ഉടനെ അടുത്ത ചോദ്യം ചോദിച്ചു: 'അപ്പോ ഇന്നാള് തൊടീല് പണിക്ക് വന്ന ലക്ഷ്മി എന്തിനാ എന്നെ തംബ്രാട്ടിക്കുട്ടീന്ന് വിളിച്ചേ? അവരൊന്നും എന്താ അമ്മിണിക്കുട്ടീന്ന് വിളിക്ക്യാത്തെ?'

പാറുവമ്മ ഒരു ദീർഘ ശ്വാസമെടുത്ത് പറഞ്ഞു: 'അതൊന്നും കുട്ടിയ്ക്ക് ഇപ്പൊ പറഞ്ഞാ മനസ്സിലാവില്ല. വല്യേ കുട്ടിയാവുമ്പോ മനസ്സിലാവും.'

'വല്യേടത്തീടെ അത്രേം വലുതാവുമ്പഴാണോ?'   അമ്മിണിക്കുട്ടി വിടാനുള്ള ഭാവമില്ല എന്ന് കണ്ട പാറുവമ്മ അതെയെന്ന് പറഞ്ഞു വേഗം വാരിക കയ്യിലെടുത്തു.ഇനി അധികം ചോദ്യങ്ങളൊന്നും ചോദിക്കാനാവില്ല എന്ന് അമ്മിണിക്കുട്ടിയ്ക്ക് മനസ്സിലായി. പാറുവമ്മ വാരിക വായന തുടങ്ങിയാൽ പിന്നെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുകയില്ല. അമ്മ എണീക്കണതിനു മുൻപ് ഞാനിതൊന്ന് വായിക്കട്ടെ കുട്ടീ എന്നും പറഞ്ഞു അവളെ നിശ്ശബ്ദയാക്കും.  വേറെയും കുറെ ചോദ്യങ്ങൾ മനസ്സിൽ വന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ പതുക്കെ വാതിൽ തുറന്ന് തിണ്ണയിലേക്കിറങ്ങി.

തൊടിയിലേയ്ക്ക് കയറാനുള്ള ധൈര്യം അവൾക്കില്ല. പാമ്പുണ്ടാവും എന്നൊക്കെ പണിക്കാർ പരസ്പരം പറയുന്നത് കേട്ടിട്ടുണ്ട്. വല്ല പാമ്പും വന്ന് അവളെ വിഴുങ്ങിയാലോ! പാമ്പിനെ അവൾക്ക് നല്ല പേടിയുണ്ട്. എന്നാൽ ആരും കാണാതെ കുളക്കരയിൽ പോയി എത്തിനോക്കാനുള്ള ആഗ്രഹം അതിനേക്കാളുമുണ്ട്. ഒന്നുറക്കെ വിളിച്ചാൽ പാറുവമ്മ ഓടിയെത്തും എന്ന ധൈര്യത്തിൽ അവൾ കുളക്കരയിലേയ്ക്ക് നടന്നു.

വളരെ പതുക്കെ, ഒട്ടും ഒച്ചയുണ്ടാക്കാതെ അവൾ കുളക്കരയിലെത്തി. അടുക്കളക്കിണറിന്റെ അരികിൽ നിൽക്കുന്ന ചെമ്പരത്തിയിൽ നിന്നും ഏന്തി വലിഞ്ഞു ഒരു ചെമ്പരത്തിപ്പൂവ് അറുത്ത് അതുമായാണ് അവൾ കുളക്കരയിലെ മുകളിലത്തെ പടവിൽ ചെന്നിരുന്നത്.ചെമ്പരത്തിയുടെ ഒരിതൾ പൊട്ടിച്ച് അതിൻ്റെ അറ്റം ചെറുതായി മുറിച്ച് അവൾ അത് ഊതി. നിമിഷ നേരത്തിൽ ഇതളിൽ അങ്ങിങ്ങായി ഒന്നു രണ്ടു കുഞ്ഞി പൊള്ളകൾ വീർത്തു വന്നു. കൈവിരലുകൾ കൊണ്ട് അമർത്തിയപ്പോൾ ടപ്പ് എന്ന ഒച്ചയുണ്ടാക്കി അവ പൊട്ടി. കുഞ്ഞേടത്തിയാണ് അവൾക്ക് ഈ വിദ്യ പറഞ്ഞു കൊടുത്തത്. ഏടത്തിമാർ ഇതൾ വീർപ്പിക്കുന്ന പോലെ അവൾക്ക് പറ്റാറില്ല. ചിലപ്പോൾ ഒന്ന് പതുക്കെ ഊതുമ്പോൾ തന്നെ ഇതൾ വീർത്തു പൊട്ടും. അപ്പോൾ ചുണ്ടിന്റെ ഭാഗത്ത് ചെറിയൊരു തരിപ്പ് തോന്നും. രസമാണ് അത്.

അങ്ങനെ ഇതൾ വീർപ്പിക്കുന്നതിനിടയിലാണ് കുളത്തിന്റെ അങ്ങേ കരയിൽ എന്തോ ഇളകുന്നത് അവൾ കണ്ടത്. ശ്രദ്ധിച്ചു നോക്കിയപ്പോൾ കുളക്കോഴിയും കുട്ടികളുമാണ്. കറുത്ത നിറത്തിലുള്ള കുഞ്ഞിക്കോഴി വെള്ളത്തിൽ വീണു കിടക്കുന്ന തേക്കിലയിൽ ചവുട്ടിയപ്പോൾ  പ്ത്ക്കോം എന്ന് ഇത്തിരി താണു പോയി. ഒന്ന് പേടിച്ചെങ്കിലും അത് ഒറ്റ ചാട്ടത്തിന് കരയിലെത്തി അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ കുറ്റിക്കാട്ടിലേക്ക് കയറിപ്പോയി.

അവറ്റകളുടെ വീട് അവിടെയാണോ ആവോ എന്ന് ചിന്തിച്ചിരിക്കുന്ന അമ്മിണിക്കുട്ടിയുടെ മുന്നിലൂടെ ഒരു  അണ്ണാറക്കൊട്ടൻ 'ചിൽ' 'ചിൽ' എന്ന് ചിലച്ചു കൊണ്ട് അപ്പുറത്തെ പുളിമരത്തിലേയ്ക്ക് ഓടിക്കയറി. ആ ബഹളത്തിനിടയിൽ ആരുടേയും കണ്ണിൽ പെടാതെ കുളത്തിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന ഒരു മരക്കൊമ്പിലിരിക്കുകയായിരുന്ന പൊന്മ പറന്ന് കുളത്തിന്റെ അക്കരയിലുള്ള ഒരു മരക്കൊമ്പിൽ പോയിരുന്നു. നീല നിറത്തിലുള്ള എന്തോ ഒന്ന് പറന്നു പോയത് പോലെയേ അമ്മിണിക്കുട്ടിയ്ക്ക് തോന്നിയുള്ളു.

അക്കരെ പോയ പൊന്മ ഒന്ന് കുലുങ്ങിയിരുന്നു. ഒന്ന് താഴ്ന്ന്, പിന്നെ ഒന്ന് പൊന്തി ഒരിരിക്കപ്പൊറുതിയില്ലാതെയാണത് മരക്കൊമ്പിൽ ഇരിക്കുന്നത്. അമ്മിണിക്കുട്ടി അതിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. പെട്ടന്ന് പൊന്മ വെള്ളത്തിലേയ്ക്ക് ഒറ്റ ചാട്ടം - ശർർർ... ന്ന് പറന്ന് വെള്ളത്തിൽ തലയിട്ട് അതേ വേഗത്തിൽ പഴയ മരക്കൊമ്പിൽ തന്നെ വന്നിരുന്നു. മൂക്കിലും ചെവിയിലും വെള്ളം കയറിയപോലെ അത് തല ഒന്ന് രണ്ടു തവണ കുടഞ്ഞു. എന്നിട്ട് വീണ്ടും ഒന്ന് താഴ്ന്ന് പൊന്തിയിരുന്നു. മരക്കൊമ്പിലെ ഇരുത്തം ശരിയാക്കാനെന്ന പോലെ.

സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതിൻ്റെ വായിൽ ഒരു എന്തോ ഉള്ളത് അമ്മിണിക്കുട്ടി കണ്ടത്. ഒരിക്കൽ ഏതോ വിശേഷത്തിന് പോയപ്പോൾ ഒരു കുട്ടിയുടെ കാലിൽ കണ്ട പാദസരത്തിന്റെ നിറമായിരുന്നു അതിന്. ഒന്നും കൂടി ശ്രദ്ധിച്ചു നോക്കിയപ്പോൾ ഒരു കുഞ്ഞു മത്സ്യമാണ് അതെന്ന് മനസ്സിലായി. അയ്യോ... ആ പാവം മത്സ്യത്തിനെ പൊന്മ കൊത്തിയല്ലോ.

അമ്മിണിക്കുട്ടിയ്ക്ക് സങ്കടം വന്നു. മത്സ്യം വായ പൊളിച്ച് 'എന്നെ രക്ഷിക്കണേ...' എന്ന് പറയുന്നത് പോലെ അവൾക്കു തോന്നി. ഒരു കല്ലെടുത്ത് എറിഞ്ഞു പൊന്മയെ ഓടിച്ചാൽ അത് മത്സ്യത്തിനെ തിരിച്ച്  വെള്ളത്തിലിട്ടാലോ എന്ന് ആലോചിച്ച് ഒരു കല്ല് തിരയുമ്പോഴേയ്ക്കും പൊന്മ മത്സ്യത്തിനെ 'ഗ്‌ളും'  എന്ന് വിഴുങ്ങിക്കഴിഞ്ഞിരുന്നു.  അമ്മിണിക്കുട്ടി കല്ല് തിരയുകയാണ് എന്ന് മനസ്സിലായത് പോലെ അത് വേഗം 'ചിർ' 'ചിർ' എന്ന് കാറിയ ഒരു ശബ്ദത്തിൽ കരഞ്ഞു കൊണ്ട് എങ്ങോട്ടോ പറന്നു പോയി.

അതോടെ കുളക്കരയിലെ ഇരുത്തം അമ്മിണിക്കുട്ടിയ്ക്ക് മടുത്തു. ഇനിയെന്ത് ചെയ്യും എന്നാലോചിച്ച് നിൽക്കുമ്പോഴാണ് അശോകമരം കണ്ടത്. അതിൻ്റെ ഒന്ന് രണ്ടു വേരുകൾ താഴെ കിണറിനരുകിലേയ്ക്ക് നീണ്ടു വന്നിട്ടുണ്ട്. പെട്ടന്ന് കണ്ടാൽ ഒരു തടിയൻ പാമ്പാണ് എന്ന് തോന്നും. തൊടിയിൽ ഇത്തിരി ഉയരത്തിൽ ഒരു തിണ്ടിന്റെ മുകളിലാണ് അശോക മരം നിൽക്കുന്നത്. അതിൻ്റെ ചില ചില്ലകൾ വളരെ താഴ്ന്നതാണ്. ഒന്ന് എത്തിപ്പിടിച്ചാൽ അമ്മിണിക്കുട്ടിയ്ക്ക് അത് തൊടാം. പതുക്കെ തിണ്ടിൽ കയറി, അശോകത്തിന്റെ ഒരു ചില്ലയിൽ തൂങ്ങിയാടാൻ നോക്കി.  കൈ വഴുക്കി താഴെ വീഴാൻ പോയി. കയ്യിലെ വിശർപ്പ് കുപ്പായത്തിൽ അമർത്തി തുടച്ച് അവൾ വീണ്ടും മരക്കൊമ്പിൽ തൂങ്ങി.ആട്ടത്തിന്റെ രസം പിടിച്ചു വരുകയായിരുന്നു... ഒന്നോ രണ്ടോ നിമിഷം കഴിഞ്ഞപ്പോഴേയ്ക്കും കയ്യിൽ എന്തോ കുത്തിയത് പോലെ. നല്ല വേദന - 'അയ്യോ..' എന്ന് അവൾ അറിയാതെ പറഞ്ഞു പോയി. നോക്കിയപ്പോൾ ഒരു ചുവന്ന ഉറുമ്പ് അവളുടെ കയ്യിൽ കടിച്ചു പിടിച്ചിരിക്കുന്നു. അത് കണ്ടതും അമ്മിണിക്കുട്ടിയുടെ കണ്ണിൽ അറിയാതെ വെള്ളം നിറഞ്ഞു. ചുണ്ടുകൾ വിതുമ്പിത്തുടങ്ങി. കരച്ചിലടക്കി അവൾ എങ്ങനെയൊക്കെയോ ആ ഉറുമ്പിനെ കയ്യിൽ നിന്നും തട്ടിമാറ്റി - അശോകമരത്തിലൂടെ ഉറുമ്പുകൾ  നിരനിരയായി പോകുന്നത് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. പൂത്തു നില്കുന്ന ചുവപ്പും ഓറഞ്ചും നിറമുള്ള പൂക്കളാണ് അവറ്റയുടെ ലക്‌ഷ്യം - ഉറുമ്പുകൾ തേൻകുടിക്കുമോ ആവോ! ഉറുമ്പ് കടി കൊണ്ടതോടെ അമ്മിണിക്കുട്ടിയ്ക്ക് അതൊന്നും ആലോചിക്കാനോ അവയുടെ വരിവരിയായ നടത്തം നോക്കി നിൽക്കാനോ ഒന്നും ഉത്സാഹമില്ലാതെയായി. പുളിയുറുമ്പിന്റെ കടി കൊള്ളുന്നത് അത്ര സുഖമുള്ള കാര്യമല്ല.

അവൾ പതുക്കെ അകത്തേയ്ക്ക് തിരിച്ചു നടന്നു. അപ്പോഴേയ്ക്കും ഉച്ചമയക്കം കഴിഞ്ഞു അമ്മയും പാറുവമ്മയുമൊക്കെ വൈകുന്നേരത്തെ പണികൾ ചെയ്യാൻ തയ്യാറെടുക്കുന്നതിന്റെ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. അമ്മ പശുവിനെ കറക്കാനുള്ള പുറപ്പാടാണ്. ഒരു വികൃതിപയ്യാണ് ഇപ്പോഴുള്ളത്. അതിനെ കറക്കുമ്പോൾ ആരെങ്കിലും മൂക്ക് കയർ പിടിച്ചില്ലെങ്കിൽ നല്ല ചവിട്ട് കിട്ടും. അമ്മ പയ്യിനെ കറക്കും, പാറുവമ്മ മൂക്ക് കയർ പിടിക്കും അതാണ് പതിവ്.

'ശറേ...' 'ശറേ...' എന്നൊച്ചയുണ്ടാക്കി പാല് പാത്രത്തിൽ വന്ന് വീഴുന്നത് കാണാനും കേൾക്കാനും നല്ല രസമാണ്. പക്ഷേ പയ്യിനെ കറക്കുമ്പോൾ അമ്മിണിക്കുട്ടി  തൊഴുത്തിനടുത്ത് പോകരുതെന്നാണ് ചട്ടം. അവൾക്ക് ഒരു നിമിഷം മിണ്ടാതിരിക്കാൻ വയ്യ - അവളുടെ ഒച്ച കേട്ടാൽ പയ്യിന് ദേഷ്യം വന്ന് അത് അമ്മയെ ചവിട്ടും. അതിനാൽ പയ്യിനെ കറക്കുന്നത് ദൂരെ നിന്ന് കാണാൻ മാത്രമേ അവൾക്ക് അനുവാദമുള്ളൂ.

അമ്മിണിക്കുട്ടി നിരാശയോടെ പൂമുഖത്തേയ്ക്ക് നടന്നു. ഏടത്തിമാർ വരുന്ന സമയം ആവാറായിട്ടുണ്ടാവും. ഇനി അവരെ കാത്തിരിക്കുക തന്നെ...


തുടരും...)               

Comments

വന്നവരും പോയവരും ..
അതേ ആശയക്കുഴപ്പം കുട്ടി ആയിരിക്കുമ്പോൾ എനിക്കും ഉണ്ടാകുമായിരുന്നു...
എന്ത് മനോഹരമായാണ് നിഷാ കുട്ടിക്കാലത്തെ വീണ്ടെടുത്ത് എഴുതുന്നത്..
അതി മനോഹരം.
കുള കോഴിയും മക്കളും..പൊന്മയും..
ചെമ്പരത്തി പൊട്ടിക്കലും..
പുളിയുറുമ്പ് കടിയും...
നല്ല രസം...
ഇന്നും നാട്ടിൽ പോയാൽ അശോക് ത്തിൽ തൂങ്ങി ഉറുമ്പ് കടി കിട്ടാറുണ്ട് എനിക്ക്... ആമിക്കും
Cv Thankappan said…
ബാല്യകൗതുകങ്ങൾ അസ്സലായി.
ആശംസകൾ
കുളക്കടവിലിരുന്ന് അന്ന് നടത്തിയ എത്രയെത്ര നിരീക്ഷണങ്ങൾ ...!
© Mubi said…
വന്നോരും പോയോരും - ഒരിക്കലും മനസ്സിലാവാത്ത സംശയമായിരുന്നു എനിക്കും...
Nisha said…
ശരിയാണ് - പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയാലും ശരിക്കും മനസ്സിലാവില്ല.
എഴുതിയത് ഇഷ്ടമായി എന്നറിയുന്നത് സന്തോഷം, ശാരീ - ഇപ്പോൾ ഓർത്തെടുക്കുമ്പോൾ അത് ഒരു മായാ ലോകം പോലെ തോന്നുന്നു..
Nisha said…
സന്തോഷം തങ്കപ്പേട്ടാ :)
Nisha said…
അതേ, ആ കുഞ്ഞു കുഞ്ഞു നിരീക്ഷണങ്ങളാണ് വലിയ വലിയ പല കാര്യങ്ങളും പഠിപ്പിച്ചു തന്നത്
Nisha said…
കുഴക്കുന്ന സംശയം തന്നെ, അല്ലേ?

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്