സ്നേഹാഞ്ജലി
അത്രമേൽ പ്രിയപ്പെട്ട ഒരാൾ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ എന്തു പറയണം, ചെയ്യണം എന്നറിയാതെ ഇടറിപ്പോകും. പ്രത്യേകിച്ചും ആ ഭൌതിക ശരീരം ഒരു നോക്കു കാണാനോ അവസാനമായി ഒന്ന് നമസ്കരിച്ചു ആദരാഞ്ജലികൾ അർപ്പിക്കാനോ കഴിയാതെയാവുമ്പോൾ.. വാസുവല്യച്ഛൻ മരണമെന്ന നിത്യതയിൽ ലയിച്ചുവെന്ന വാർത്തയറിഞ്ഞപ്പോൾ മനസ്സിൽ കയറിക്കൂടിയ ശൂന്യത ഇനിയും മാറിയിട്ടില്ല..
അരുതെന്ന് മനസ്സിനെ ഒരുപാട് ശാസിച്ചുവെങ്കിലും ഓർമ്മകൾ പിന്നിലേക്ക് പാഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കാണുന്നതിനു മുൻപ് തന്നെ എന്റെ മനസ്സിൽ ഒരു ചിത്രമുണ്ടായിരുന്നു. ദിലീപിന്റെയും എന്റെയും വിവാഹകാര്യങ്ങൾ ചർച്ച ചെയ്യാൻ ദിലീപിന്റെ വല്യ വല്യച്ഛനെ (ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട്) കാണാൻ പോയി വന്ന ശേഷം അച്ഛൻ പറഞ്ഞ വാക്കുകളിലൂടെയാണ് വാസുവല്യച്ഛനെ ഞാൻ ആദ്യമായി കാണുന്നത്.
ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തനിക്ക് പഴയപോലെയൊന്നും കാര്യസ്ഥത വയ്യ, അതോണ്ട് ഒക്കെ വാസ്യേവനെയാണ് ഏൽപ്പിക്കുന്നത് എന്ന് പറഞ്ഞ് വാസു വല്യച്ഛനെ പരിചയപ്പെടുത്തിയതും ഏറെ സ്നേഹത്തോടും പ്രിയത്തോടും കൂടി അവർ എല്ലാവരും പ്രത്യേകിച്ചും വല്യ വല്യച്ഛനും വാസുവല്യച്ഛനും പെരുമാറിയതുമൊക്കെ അച്ഛൻ പറഞ്ഞപ്പോൾ തന്നെ അവരൊക്കെ എന്റെ സ്വന്തക്കാരായി..
എന്റെ വിവാഹ നിശ്ചയത്തിന്റെ അന്നാവണം ഞാൻ ആദ്യമായി വാസുവല്യച്ഛനെ കണ്ടത്. അന്നു മുതൽ സ്നേഹത്തോടെയും ഏറെ പ്രിയത്തോടെയും വാത്സല്യത്തോടെയുമല്ലാതെ പെരുമാറിയിട്ടില്ല. 'കുട്ടീ..' എന്നുള്ള ഒരു വിളിയിൽ കടലോളം സ്നേഹവാത്സല്യങ്ങൾ നിറച്ചു വെച്ചിരുന്നു. എപ്പോൾ കണ്ടാലും മുഖത്ത് നിറഞ്ഞു നിലക്കുന്ന പുഞ്ചിരിയും ആ ഒരു വിളിയും മതി നമുക്ക് മനസ്സു നിറഞ്ഞു സന്തോഷിക്കാൻ.
എന്നാൽ ഈ ഒരു സ്നേഹവും കരുതലും എനിക്ക് മാത്രമല്ല, അദ്ദേഹത്തിനെ പരിചയമുള്ള എല്ലാവർക്കും കിട്ടിയിരുന്നു എന്നതാണ് വാസു വല്യച്ഛനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നത്. പരിചയപ്പെടുന്ന എല്ലാവരുമായി അനയേസേന ഒരു സ്വത്വഭാവം സ്ഥാപിക്കാൻ അദ്ദേഹതത്തിന് കഴിഞ്ഞിരുന്നു. എങ്ങനെയാണ് ഒരാൾക്ക് ഇത്രയും അധികം ആളുകളെ ഒരുപോലെ കരുതലോടെയും സ്നേഹത്തോടെയും സമീപിക്കാൻ കഴിയുന്നത് എന്ന് ഇന്നും എനിക്ക് അദ്ഭുതമാണ്.
അദ്ദേഹത്തിന്റെ ഈ സ്നേഹം നേരിട്ടനുഭവിച്ചറിയാത്തവരായി ഞങ്ങളുടെ ബന്ധുക്കളിൽ ആരും തന്നെ ഉണ്ടാവില്ല. കേരളത്തിൽ നിന്നും ആദ്യകാലങ്ങളിൽ ഡെൽഹിയിലേക്ക് ചേക്കേറിയ വാസുവല്യച്ഛൻ അവിടെ വന്നെത്തുന്ന നമ്പൂതിരിമാർക്ക് മാത്രമല്ല മറ്റുള്ളവർക്കും ഒരു അഭയ കേന്ദ്രമായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സ്വന്തം അനുജന്മാരെ കൂടാതെ വേറെ പലരെയും കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് കൊണ്ടു പോവുകയും സ്വയം പര്യാപ്തത കൈവരിക്കാൻ പ്രാപ്തരാക്കുകയും ചെയ്തിട്ടുണ്ട്.
അക്കാലത്ത് ഡെൽഹിയിൽ എത്തിച്ചേരുന്ന യുവനമ്പൂതിരിമാർക്കും നാട്ടുകാർക്കും ഒരു കാരണവരും അഭയസ്ഥാനവും ആയിരുന്നത്രെ അദ്ദേഹം. ഇക്കാര്യത്തിൽ സതി ഏട്ടന്റമ്മ നല്കിയ പൂർണ്ണ പിന്തുണയും എല്ലാവരും പ്രത്യേകം പറയാറുണ്ട്. പലരിൽ നിന്നും പലവട്ടം ആ ഡൽഹി കഥകൾ കേട്ട് കേട്ട് ആ കാലത്ത് ഞാനും അവിടെ ഉണ്ടായിരുന്ന പോലെ ഒരു തോന്നലാണ് എനിക്ക്.
ഞാൻ കാണുമ്പോഴേക്കും അദ്ദേഹം ഡെൽഹിയൊക്കെ വിട്ട് കേരളത്തിൽ, തൃശൂരിൽ സ്ഥിരതാമസമാക്കിയിരുന്നു. ഞങ്ങൾ ലഖ്നൌവിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ വാസു വല്യച്ഛന്റെ വീടാണ് ഞങ്ങളുടെ ആസ്ഥാനമായിരുന്നത്. അച്ഛനുമമ്മയും നാട്ടിലേക്ക് സ്ഥിരതാമസമാക്കുന്നതു വരെ അങ്ങനെ തന്നെയായിരുന്നു. വല്യച്ഛന്റെയും ഏട്ടന്റമ്മയുടെയും വീട്ടിൽ നില്ക്കാൻ പ്രത്യേകം ക്ഷണമോ മുൻകൂർ ആയി അറിയിക്കുകയോ ഒന്നും വേണ്ടിയിരുന്നില്ല. നാട്ടിൽ പോയാൽ താമസം അവരുടെ ഒപ്പമല്ലെങ്കിലായിരുന്നു പരിഭവം.
ഒരിക്കൽ നാട്ടിൽ പോയ സമയത്ത് കൈക്കുഞ്ഞായിരുന്ന മകനെയും കൊണ്ട് ഗുരുവായൂരിൽ പോകേണ്ടതുണ്ടായിരുന്നു. അച്ഛനുമമ്മയും അവിടെയെത്തും ഞാൻ അവരോടൊപ്പം ചേരും - അതായിരുന്നു പ്ലാൻ. ചെറുപ്പം മുതൽക്കേ എല്ലായിടത്തേക്കും ഒറ്റയ്ക്ക് യാത്ര ചെയ്ത് ശീലമുള്ള എനിക്ക് തനിച്ചു യാത്ര ചെയ്യുന്നത് ഒരു വിഷയമേ ആയിരുന്നില്ല. പക്ഷേ ചെറിയ കുട്ടിയെയും കൊണ്ട് എന്നെ ഒറ്റയ്ക്ക് ബസ്സിൽ വിടാൻ വയ്യാത്തത് കൊണ്ട് വേണ്ടെന്ന് ഞാൻ കുറേ തവണ പറഞ്ഞിട്ടും വല്യച്ഛൻ ഞങ്ങൾക്ക് കൂട്ടു വന്നു. ഗുരുവായൂരിൽ വെച്ച് അച്ഛനെയും അമ്മയെയും കണ്ടുമുട്ടുന്നത് വരെ ഏറെ കരുതലോടെ എന്റെ കൂടെ നിന്നു. മകളെ സുരക്ഷിതമായി ഏൽപ്പിച്ചിരിക്കുന്നു എന്ന് അച്ഛനോട് പറഞ്ഞ ശേഷം അടുത്ത ബസ്സിൽ കയറി തൃശ്ശൂർക്ക് തിരിച്ചു പോയി. ചില കാഴ്ചപ്രശ്നങ്ങളും മറ്റും ഉണ്ടായിട്ടും അദ്ദേഹം അന്ന് എനിക്ക് കൂട്ടു വന്നത് ആ കരുതലിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം.
തികഞ്ഞ ഇടതുപക്ഷ കാഴ്ചപ്പാടുകളുള്ള അദ്ദേഹത്തിന് രാഷ്ട്രീയപരമായി പലരോടും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്. അതിനെ ചൊല്ലി പല തർക്കങ്ങളും ചൂടു ചർച്ചകളും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ കഴിയുമ്പോൾ പരസ്പരം ഏറെ സ്നേഹത്തോടെയാണ് ഇരുപക്ഷക്കാരും പിരിയുക. ഒരിക്കൽ ഇത്തരമൊരു ചൂടൻ ചർച്ച കേട്ട് ഇതെവിടെ പോയി അവസാനിക്കും എന്ന് ആശങ്കപ്പെട്ട് നിലക്കുന്ന എന്നോട് ഇതൊന്നും കണ്ടും കേട്ടും പേടിക്കേണ്ട - ചർച്ച കഴിഞ്ഞാൽ കഴിഞ്ഞു ഞങ്ങൾ ആരും ശത്രുക്കൾ ഒന്നും ആവാൻ പോവുന്നില്ല എന്ന് പറഞ്ഞതും ഓർക്കുന്നു.
ടിവിയിൽ വരുന്ന സിനിമകൾ , പാട്ടുമായി ബന്ധപ്പെട്ട പരിപാടികൾ എന്നിവ കാണുവാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. തനിക്ക് പ്രിയപ്പെട്ട ചില പരിപാടികൾ കാണുന്നതിൽ അദ്ദേഹം ഒരു വിട്ടുവീഴ്ച്ചയും ചെയ്തിരുന്നില്ല. അതിനിടയിൽ നമ്മൾ ഉറക്കെ സംസാരിച്ച് ശല്യപ്പെടുത്തിയാൽ 'മിണ്ടാതിരിക്കൂ ഇതൊന്ന് കാണട്ടെ' എന്ന് സ്നേഹത്തോടെ ശാസിക്കാനും മടിയില്ലായിരുന്നു.
ആളുകളെ കാണാനും അവരോട് സംസാരിക്കാനും പ്രത്യേക ഇഷ്ടമായിരുന്നു വല്യച്ഛന്. ക്ഷണം കിട്ടിയ ഏത് ചടങ്ങിനും എത്രയും പെട്ടന്ന് എത്തി ആളുകളെ ഒക്കെ കണ്ട് സംസാരിച്ച് ആദ്യത്തെ പന്തിയിൽ തന്നെ ഊണ് കഴിച്ച് വീട്ടിലെത്തി വിശ്രമിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നത്. എന്ത് പരിപാടിയാണെങ്കിലും വൈകി എത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. നമ്മളൊക്കെ എത്തുമ്പോഴേക്കും അദ്ദേഹം അവിടെ ഹാജരുണ്ടാവും - നിങ്ങൾ ചെറുപ്പക്കാരൊക്കെ ഇങ്ങനെ അമാന്തിച്ചാലോ എന്നൊക്കെ കളിയായി പറയുകയും ചെയ്യും.
ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും ഇഷ്ടമായിരുന്നു. കുടുംബത്തിലെ ഒത്തുചേരലുകളിൽ എല്ലാവരും ഓരോ വിഭവങ്ങൾ ഉണ്ടാക്കി ഓരോരോ വീട്ടിൽ ഒത്തു കൂടുമായിരുന്നു. ആഘോഷ വേളകളിൽ ഭക്ഷണം തന്നെയാണ് ഒരു ഹൈലൈറ്റ്.. ഉപ്പേരിക്കും മറ്റും കഷ്ണം നുറുക്കുവാനുള്ള വല്യച്ഛന്റെ നിഷ്കർഷയും മറ്റും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
പ്രായത്തിന്റേതായ ചില വയ്യായ്കകൾ ഉണ്ടായിരുന്നുവെങ്കിലും ജീവിതം ആസ്വദിക്കുന്നതിൽ അദ്ദേഹമൊട്ടും പിറകിലായിരുന്നില്ല. എവിടെ പോയാലും ആ സ്ഥലത്തുള്ള പ്രിയപ്പെട്ടവരെ പോയിക്കാണുക അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഇനി അഥവാ നേരിട്ട് കണ്ടില്ലെങ്കിൽ ഫോണിലൂടെയെങ്കിലും സൌഖ്യം അന്വേഷിച്ചിരിക്കും, തീർച്ച! യാത്രകളും ഇഷ്ടമായിരുന്നു. ഞങ്ങൾ കുറെ പേര് ഒന്നിച്ചു അഞ്ചാറ് കൊല്ലം മുൻപ് നടത്തിയ ഹിമാലയൻ യാത്ര ഇപ്പോൾ മുൻപത്തേതിലും കൂടുതൽ പ്രിയപ്പെട്ടതായ പോലെ.. അന്ന് കുറെ ദേഹാസ്വാസ്ഥ്യങ്ങൾ അലട്ടിയിരുന്നെങ്കിലും ഞങ്ങളുടെയൊക്കെ ഒപ്പം യാത്ര ചെയ്യാനുള്ള മോഹം കൊണ്ട് അദ്ദേഹം അതിന് മുതിരുകയായിരുന്നു.
കഴിഞ്ഞ തവണ നാട്ടിൽ പോയി തിരിച്ചു വരുന്ന ദിവസം അതികാലത്ത് എയർപോർട്ടിലേക്ക് പോവാൻ ഇറങ്ങുമ്പോൾ ഞങ്ങളെ യാത്രയാക്കാൻ വന്നിരുന്നു. സാധാരണ യാത്ര പറയുമ്പോൾ ചിലരൊക്കെ പറയാറുള്ളതു പോലെ 'ഇനിയെന്നാണാവോ കാണുക, ഇനി കാണുമോ ആവോ' എന്നൊന്നും വല്യച്ഛൻ ഒരിക്കലും പറഞ്ഞിരുന്നില്ല. 'അടുത്ത തവണ വരുമ്പോൾ കാണാം, പോയ് വരൂ, happy journey' എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് യാത്രയാക്കിയപ്പോൾ ഒരിക്കലും കരുതിയില്ല ഞങ്ങളോടൊന്നും യാത്ര പറയാതെ വല്യച്ഛൻ തിരിച്ചു വരാത്ത ഒരു വലിയ യാത്ര പോകുമെന്ന്.
ഓർത്തെടുക്കാൻ ഇനിയും നൂറായിരം കാര്യങ്ങളുണ്ട്. അതൊന്നും ഒരു കുറുപ്പിലും എഴുതിത്തീർക്കാനാവില്ല. പക്ഷേ, കാലചക്രത്തിലെ ഒരു തിരിവിൽ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോൾ പതിവുപോലെ ഒരു ചിരിയോടെ വല്യച്ഛൻ "എന്തൊക്കെയുണ്ട് കുട്ടീ.. "എന്ന ചോദ്യവുമായി വരുന്നത് എനിക്ക് മനസ്സിൽ കാണാം. അപ്പോൾ പറയാൻ ഒരു പാട് കാര്യങ്ങളുണ്ട്. അതു വരെ ആ സ്നേഹവും ഓർമകളും നിറഞ്ഞു നിലക്കുന്ന ഈ ഹൃദയത്തിൽ നിന്നും ഉയരുന്ന ഒരായിരം സ്നേഹാഞ്ജലികൾ അർപ്പിക്കട്ടെ... 💓

Comments