Posts

Showing posts with the label ഓർമ്മ

അമ്മിണിക്കുട്ടിയുടെ ലോകം - #2 അടുക്കളയുടെ ചുറ്റുമുള്ള ലോകം

Image
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക #2  അടുക്കളയുടെ ചുറ്റുമുള്ള ലോകം അടുക്കളയിലെത്തിയതും അച്ഛന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി. അമ്മ അപ്പോഴേയ്ക്കും അവളുടെ കുഞ്ഞിക്കിണ്ണത്തിൽ ദോശ ചെറിയ കഷ്ണങ്ങളായി പൊട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു. കിണ്ണത്തിന്റെ ഒരു മൂലയിൽ അല്പം നെയ്യും പഞ്ചസാരയുമുണ്ട് - അതിൽ ഓരോ ദോശപ്പൊട്ടും ഒപ്പിയൊപ്പി കഴിക്കാം. നല്ല സ്വാദാണതിന്! കിണ്ണത്തിനു മുന്നിൽ ഇരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും, 'കൈ കഴുകിയിട്ട് കഴിക്കൂ' എന്ന് അമ്മയുടെ നിർദ്ദേശം വന്നു. അത് കേട്ടയുടനെ കൊട്ടത്തളത്തിനരുകിൽ ഓടിയെത്തി. അടുപ്പിനടുത്ത് നിന്ന് ദോശയുണ്ടാക്കിക്കൊണ്ടിരുന്ന അമ്മ അപ്പോഴേയ്ക്കും വെള്ളം നിറച്ചു വെച്ച ചെമ്പിൽ നിന്നും ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അവളുടെ കുഞ്ഞിക്കയ്യിൽ ഒഴിച്ചു കൊടുത്തു. കൈ കഴുകിയതും ഒറ്റയോട്ടത്തിന് തിരിച്ചു കിണ്ണത്തിന്റെ മുന്നിലെത്തി. മേലടുക്കളയിൽ നിന്നും അടുക്കളയിലേക്ക് കടക്കുന്ന വാതിലിന്റെ അരികിൽ ഒരു കൂടുണ്ട് - ചെറിയ വാതിൽപ്പാളികളുള്ള ഒരു കൊച്ചു മുറിയാണ് അതെന്നാണ് അമ്മിണിക്കുട്ടിക്ക്  തോന്നാറുള്ളത്. അതിലാണ് അമ്മ പല സാമാനങ്ങളും പലതരം ഡപ്പികളിലാക്കി സൂക്ഷിക്കുന്ന

അമ്മിണിക്കുട്ടിയുടെ ലോകം # 1 - ഒരു ദിവസം തുടങ്ങുന്നു...

Image
ഒരു ദിവസം തുടങ്ങുന്നു... 'അമ്മിണിക്കുട്ടീ, എണീക്കൂ! നല്ല കുട്ട്യോൾ നേർത്തെ എണീറ്റ് കുളിച്ചു മിടുക്കത്തികളായിട്ടല്ലേ ഇരിക്ക്യാ?' കുഞ്ഞേടത്തി കുലുക്കി വിളിച്ചപ്പോൾ മനസ്സില്ലാമനസോടെയാണ് അമ്മിണിക്കുട്ടി കണ്ണ് തുറന്നത്.  രാവിലെ നേർത്തെ എണീക്കാൻ അവൾക്ക് ഇഷ്ടമല്ല. പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്നതിന്റെ സുഖം ഈ വല്യ ആൾക്കാർക്കൊന്നും അറിയില്ലേ? കുഞ്ഞേടത്തിയെ അവൾക്ക് നല്ല ഇഷ്ടമാണ് - പക്ഷേ രാവിലത്തെ ഈ വിളി മാത്രം ഇഷ്ടല്ല. മിക്കവാറും വിളിച്ചുണർത്തുന്നതിന് സമ്മാനമായി ഒരു ചവിട്ടും കുത്തും ആ പാവത്തിനു കൊടുക്കും. 'അമ്മേ, ഈ അമ്മിണിക്കുട്ടി എന്നെ ചവുട്ടി' എന്ന് ഏങ്ങിക്കൊണ്ട്  കുഞ്ഞേടത്തി താഴേയ്ക്ക് ഓടുമ്പോൾ അമ്മിണിക്കുട്ടി വീണ്ടും പുതപ്പിനടിയിലേയ്ക്ക് ഊളിയിടും. വീണ്ടും ഉറക്കം പിടിച്ചു വരുമ്പോഴേയ്ക്കും വല്യേടത്തി ഹാജരുണ്ടാവും. എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കാൻ വേണ്ടി 'വേഗം ണീറ്റോ, അച്ഛൻ വന്നാൽ നല്ല പെട കിട്ടും' എന്ന് പറഞ്ഞു പേടിപ്പിക്കും. അത് കേട്ടാൽ അറിയാതെ തന്നെ  കിടക്കയിൽ നിന്നും എഴുന്നേറ്റു പോകും.  അച്ഛന്റെ അടി ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും അതിന് നല്ല വേദനയുണ്ടാവും

ഒരു വഴി തെറ്റിയ (തെറ്റിച്ച?) കഥ

Image
വള്ളുവനാട്ടിലെ ഒരു ഗ്രാമത്തിൽ, പാരമ്പര്യ അനുഷ്ഠാനങ്ങളും ചിട്ടകളും പാലിച്ചു പോന്ന ഒരു കുടുംബത്തിലാണ് എൻ്റെ ജനനം. അതു കൊണ്ട് തന്നെ ചെറുപ്പം മുതലേ പല ആചാരാനുഷ്ഠാനങ്ങളും കണ്ടും ആചരിച്ചും പാലിച്ചും തന്നെയാണ് വളർന്നത്. തറവാടിന്റെ ചുമതല അച്ഛനിൽ നിക്ഷിപ്തമായിരുന്നു എന്നതിനാൽ അതിനോടനുബന്ധിച്ച പല  കടമകളും ഞങ്ങളിലേയ്ക്കും സ്വയമേവ വന്നു ചേർന്നു. അതികണിശമായ രീതികൾ ഒന്നും അല്ലെങ്കിലും ഒരു സാമാന്യ വിധത്തിലൊക്കെ കുടുംബത്തിൽ ചെയ്യേണ്ടതായ കാര്യങ്ങൾ എല്ലാ കൊല്ലവും അച്ഛന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു - ഇന്നും നടന്നു വരുന്നു. എല്ലാ കൊല്ലവും തൈപ്പൂയ്യത്തിന് ഇല്ലത്തു നിന്നും അമ്പലത്തിലേയ്ക്കുള്ള കാവടി എഴുന്നള്ളിപ്പ്, കൊല്ലത്തിലൊരിക്കലെങ്കിലും ഭഗവതിക്ക് കളംപാട്ട്, സർപ്പവലി, കരിങ്കുട്ടിയ്ക്ക് ആട്ട്, മുത്തശ്ശൻ, മുത്തശ്ശി എന്നിവരുടെ ശ്രാദ്ധമൂട്ടൽ, വിദ്യാരംഭം എന്നിങ്ങനെ അനേകം കാര്യങ്ങൾ  മുറപോലെ നടന്നു വന്നിരുന്നു. അതു പോലെ തന്നെ ഉള്ള ഒരു ചടങ്ങാണ് നല്ലൂർ അമ്പലത്തിലെ ഗുരുതി. (നല്ലൂർ വളരെ പണ്ടു കാലത്ത് ഞങ്ങളുടെ തറവാടായിരുന്നു, അവിടെനിന്നും ഇപ്പോഴുള്ള ഇല്ലത്തേക്ക് ലയിച്ചതാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.)

കാലങ്ങൾക്കപ്പുറത്തു നിന്നുമുള്ള ചിത്രങ്ങൾ...

Image
ഒരു ദിവസം പതിവില്ലാതെ രാവിലെ തന്നെ മൊബൈലിൽ  മെസഞ്ചറിന്റെ മണികിലുക്കം.  പുതിയ സന്ദേശമുണ്ടെന്ന അറിയിപ്പ് കേട്ട് ആരാണാവോ എന്ന് കരുതി  നോക്കിയപ്പോൾ കപ്ലിങ്ങാട്ടെ  വീണ(അമ്മയുടെ കസിന്റെ മകന്റെ ഭാര്യ)യാണ്.  മെസേജ് തുറന്നപ്പാേൾ നാലഞ്ച് രേഖാചിത്രങ്ങളാണ് ... മുത്തശ്ശന്റെ (കപ്ലിങ്ങാട്ടെ കുട്ടമ്മാമൻ)  പെട്ടി തുറന്നു നോക്കിയപ്പോൾ അദ്ദേഹം സൂക്ഷിച്ചു വെച്ച സാധനങ്ങളുടെ കൂടെയുണ്ടായിരുന്നതാണ് എന്നും വീണ എഴുതിയിരിയ്ക്കുന്നു.  വളർത്തു നായ?  ആ ചിത്രങ്ങൾ നോക്കി കുറേ നിമിഷങ്ങൾ വല്ലാത്തൊരവസ്ഥയിൽ ഇരുന്നു പോയി. ചിത്രങ്ങൾക്ക് കീഴെ കെ കെ നമ്പൂതിരിപ്പാട് എന്ന കൈയ്യൊപ്പ് കണ്ടപ്പോൾ സന്തോഷം കൊണ്ടാണോ  സങ്കടം കൊണ്ടാണോ അതോ രണ്ടും കൂടിയതാണോ എന്നറിയില്ല, കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ പറ്റാതെയായി.  അതിമനോഹരമായ ആ ചിത്രങ്ങൾ എന്റെ അമ്മാത്തെ മുത്തശ്ശൻ വരച്ചവയാണ്.  അമ്മാത്തെ മുത്തശ്ശനെക്കുറിച്ച് കേട്ടുകേൾവി തന്നെ കുറവാണ് - അമ്മയ്ക്ക് ഏഴോ എട്ടോ വയസ്സേ ആയിരുന്നുള്ളൂ അദ്ദേഹം മരിയ്ക്കുമ്പോൾ. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടുമില്ല. അമ്മയ്ക്കോ അമ്മാമൻമാർക്കോ അദ്ദേഹത്തിന്റെ രൂപമോ ഛായയാേ കൃത്യമായി ഓർമ്മയിൽ സൂക്ഷിയ്

ഒരു സ്വാദിന്റെ ഓർമ്മയിൽ

Image
ബാലവാടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരിക വേശുവേടത്തിയെ ആണ്. ഏടത്തിമാർ രണ്ടാളും വേശുവേടത്തിയുടെ ബാലവാടിയിൽ പോയിട്ടുണ്ട് (രണ്ടാമത്തെയാൾ പഠിയ്ക്കാനും മൂത്തയാൾ കൊണ്ടാക്കാനും കൊണ്ടു വരാനുമൊക്കെ). എനിക്കാ ഭാഗ്യം ഉണ്ടായിട്ടില്ല. എന്റെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയത് പ്രസൻറേഷൻ മോൺടിസറിയിലാണ്. (ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപ് തന്നെ അവിടെയൊരു ദിവസം പോയതും ചങ്ങലയിൽ തൂങ്ങുന്ന ചെറിയ കസേരയൂഞ്ഞാലിൽ ആടിയതും ബേബി സുധയെന്ന ആദ്യത്തെ കൂട്ടുകാരിയെ കിട്ടിയതും ഇപ്പോഴും നല്ല ഓർമ്മയുണ്ട്). അതു കൊണ്ട് ബാലവാടി എനിക്ക് കേട്ടറിഞ്ഞ ലോകമാണ്. സ്വയം അനുഭവിച്ചറിഞ്ഞതല്ല. ബാലവാടിക്കഥകൾ പലതും അയവിറക്കി ഏsത്തിമാർ രസിക്കുമ്പോൾ മൗനിയായി അതൊക്കെ കേട്ടു നിൽക്കാനേ പറ്റിയിട്ടുള്ളു. ബാലവാടിയിലെ  ഉപ്പുമാവിന്റെ സ്വാദിനെക്കുറിച്ചവർ ചർച്ച ചെയ്യുമ്പോൾ എനിക്ക് കുശുമ്പ് തോന്നിയിട്ടുണ്ട്. അതൊന്നു രുചിച്ചു നോക്കാൻ പറ്റാത്തതിലുള്ള ഇച്ഛാഭംഗം വേറെ.. (അവധിക്കാലത്ത് അച്ഛൻ പെങ്ങളുടെയടുത്ത് താമസിയ്ക്കുമ്പോൾ അവിടെ അടുത്തുള്ള  ബാലവാടിയിലെ ഉപ്പുമാവ് സതിയോപ്പോൾ വഴി കിട്ടിയിരുന്നു എന്ന് തോന്നുന്നു. അതിന്റെ ഓർമ്മ നന്നേ മങ്ങിയിരിയ്ക്കുന്നു). കൊല്ലങ

ഗോമുഖിലേയ്ക്ക് - 1

Image
പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ്‌ വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ. ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം  എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12  പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു.  പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അങ്കലാപ്പ് ചെറു

യാത്ര

Image
ഏറെ നാൾ പൂട്ടിയിട്ടയെൻ കിളിവാതിലിൻ മറയൊന്നു നീക്കിയെത്തിനോക്കി ഞാൻ; കണ്ടു മാറാലമൂടിയതിന്നിടയി- ലൂടെയൊരു വിശാലമായാ- മാനത്തിൻ നീലക്കീറങ്ങനെ; കേൾപ്പായെൻ കാതുകളിൽ പക്ഷിച്ചിലപ്പുകളായിരങ്ങൾ മങ്ങിയ കണ്ണുകൾ വെളിച്ച- ത്തിൻ പൊരുൾ തേടിയുഴറവേ അറിഞ്ഞു ഞാനെൻ ജാലകപ്പുറ- ത്തുണ്ടൊരു മായാലോകമെന്നും... അറിഞ്ഞില്ല ഞാനീ മാധുര്യമൊന്നു- മൊരു സംവത്സരം കൊഴിഞ്ഞു പോയ് മൗനമൊരു കൂട്ടായെൻ കർണ്ണങ്ങളിൽ നിറഞ്ഞിരുന്നതു ഞാനറിഞ്ഞതേയില്ല; ഇന്നിതു കേൾക്കുമ്പോഴാനന്ദ ലഹരിയിൽ ഞാനലിവൂ ... കൺ തുറന്നപ്പോൾ കാണായെൻ  ജാലകപ്പുറത്ത് നിറഞ്ഞു നില്ക്കും  ഹരിതാഭയങ്ങനെ കൺകുളുർക്കെ... ഹൃദയത്തിലാസ്നിഗ്ദ്ധതയാവാഹിച്ചു ഞാൻ യാത്രയാവട്ടെ ഇല കൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലേയ്ക്ക്...  

ഗംഗോത്രിയിലേയ്ക്ക്

Image
യാത്രാക്കുറിപ്പിന്റെ  ആദ്യഭാഗങ്ങള്‍ വായിക്കാന്‍ ഭാഗം 1  ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര ഭാഗം 2   യമുനോത്രിയിലേയ്ക്ക് ഇതിന്റെ വീഡിയോ കാണാൻ   താമസസ്ഥലം, പാചകക്കാരന്‍, ഭക്ഷണം പിറ്റേന്ന് രാവിലെ എണീറ്റ് പ്രഭാതകര്‍മ്മങ്ങള്‍, കുളി എന്നിവയൊക്കെ കഴിഞ്ഞ് ബസ്സിലെ കുശിനിക്കാരന്‍ ഉണ്ടാക്കി തന്ന പ്രാതലും കഴിച്ച് എല്ലാവരും പതുക്കെ തയ്യാറായി. ഇന്നത്തെ ദിവസം അഞ്ചാറു മണിക്കൂര്‍ യാത്രയാണ്. ബട്കോട്ടില്‍ നിന്നും ഗംഗോത്രിയിലേക്ക് ഏകദേശം 180 കിലോമീറ്റര്‍ ദൂരമാണുള്ളത്. മലയോര പാതകളിലൂടെ അനേകം മലകള്‍ കയറിയിറങ്ങിയും വളഞ്ഞും പുളഞ്ഞുമാണ് ഈ യാത്ര എന്നതുകൊണ്ട് ആറേഴു മണിക്കൂര്‍ സമയമെടുക്കും ഈ ദൂരം താണ്ടാന്‍. അന്ന് ഉച്ചയോടെയെങ്കിലും ഗംഗോത്രിയില്‍ എത്തിയാലും വേറെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പറ്റില്ലാത്തത്  കൊണ്ട് അതികാലത്ത് പുറപ്പെടേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ ഒരു എട്ടര ഒന്‍പതു മണിയായിക്കാണും ഞങ്ങള്‍ ബസ്സില്‍ കയറിയപ്പോള്‍. വഴിയും വഴിക്കാഴ്ച്ചകളും യാത്ര തുടങ്ങി അധികം താമസിയാതെ ചുറ്റുമുള്ള കാഴ്ചകള്‍ വീണ്ടും ഹൃദയമിടുപ്പ് കൂട്ടി. വശ്യസൌന്ദര്യം വിതറി നില്‍ക്കുന്ന മലകള്‍, വളഞ്ഞുപുളഞ്ഞു കുണുങ

ഓര്‍മകളുടെ അറകള്‍

Image
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍ തള്ളിത്തിരക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോളിങ്ങനെ ഓര്‍മ്മകള്‍ അലയടിയ്ക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും തോന്നുന്നില്ല. പ്രവാസം എന്ന പലരും പറഞ്ഞും അവരുടെ വാക്കുകളിലൂടെയും വരികളിലൂടെയും അറിഞ്ഞ ഒരു പ്രതിഭാസം അനുഭവിച്ചറിയുന്നതു കൊണ്ടാണോ ഗൃഹാതുരതയുടെ മുഖംമൂടിയണിഞ്ഞു ഈ ഓര്‍മ്മകള്‍ എന്നെ അലോസരപ്പെടുത്തുന്നത്? അതോ എന്നുമെന്നും എവിടെപ്പോയാലും മനസ്സിന്‍റെയുള്ളിലെ പച്ചത്തുരുത്തായി, ജീവന്‍റെ അംശമായി ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്ന ജന്മഗൃഹത്തിന്റെ മോഹിപ്പിയ്ക്കുന്ന അകത്തളങ്ങളോ? അറിയില്ല... ഓര്‍മ്മകള്‍ പിന്നോട്ട് പായുമ്പോള്‍ കാണുന്നത് ഒരു സാദാ നമ്പൂതിരി ഗൃഹമാണ് - എട്ടുകെട്ടുകളുടെ പ്രൌഢിയോ ഗംഭീരമായ നാലുകെട്ടിന്‍റെ തലയെടുപ്പോ വലുപ്പമോ ഒന്നും ഇല്ലാത്ത ഒരു സാധാരണ ഇല്ലം. മണ്ണെണ്ണ വിളക്കിന്റെയും കമ്പിറാന്തലിന്റെയും നരച്ച വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന ബാല്യം. ചാണകം മെഴുകിയ നിലങ്ങളും നരിച്ചീറുകള്‍ തൂങ്ങിയാടുന്ന തട്ടുകളും പെരുച്ചാഴി, ചേര, പാമ്പ് തുടങ്ങിയ ജീവികള്‍ യഥേഷ്ടം വിഹരിച്ചിരുന്ന അകത്തളങ്ങളും കാലമിത്ര കഴിഞ്ഞിട്ടും ഓര്‍മയില്‍ ഉണ