പ്രഭാതം
ശിശിരത്തിലെ പ്രഭാതങ്ങൾക്ക് മറ്റു കാലങ്ങളിലുളളതിനേക്കാൾ നൈർമല്യമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വേനൽച്ചൂടിൽ നിന്നും ശൈത്യത്തിലേയ്ക്കുള്ള യാത്രയിൽ പ്രകൃതിയൊന്ന് കുളിരഞ്ഞിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ഒരു ഭാവം ! ശിശിരകാലപുലരികൾ അന്തരീക്ഷത്തിൽ തണുപ്പിൻ്റെ പുതപ്പുമണിഞ്ഞാണ് കുണുങ്ങി നിൽക്കുന്നതെങ്കിലും മുൻപെങ്ങുമില്ലാത്ത ഒരുന്മേഷവും പുതുമയും ഓരോ ദിവസവും അവ പ്രദാനം ചെയ്യുന്നു. അകത്തളത്തിലെ ഊഷ്മളതയിൽ നിന്നും പുറത്തേയ്ക്കിറക്കുമ്പോൾ ദേഹമാസകലം കുളിരുകോരുന്ന ദിവ്യാനുഭൂതി നിറയും- പ്രണയപൂർവ്വം പ്രിയൻ്റെ കരങ്ങളിലൊതുങ്ങുന്നപ്പോഴത്തെ അതേ ഉൾക്കുളിർ വന്നു പുതയും! ആ സുഖാനുഭവത്തിന് മാറ്റുകൂട്ടാനായ് പ്രഭാത സൂര്യൻ്റെ ഇളം ചൂടു സ്പർശനം മുഖത്തെ തലോടുമ്പോൾ അനിർവ്വചനീയമായ ഒരനുഭൂതിയിൽ മുങ്ങിപ്പോകുന്ന മനസ്സും ശരീരവും! അപ്പോൾ യാതൊന്നും മനസ്സിനെ അലട്ടുന്നില്ല. കാതിൽ പ്രകൃതിയൊരുക്കുന്ന സ്വനങ്ങൾ മാത്രം! കൂടൊഴിഞ്ഞു മക്കൾ സുരക്ഷിതരായ് പറന്നകന്നത്തിൻ്റെ ആശ്വാസമുണ്ടെങ്കിലും വരാനിരിക്കുന്ന ശൈത്യത്തിൻ്റെ കാഠിന്യമുഴറ്റുന്നതിന് മുൻപ് എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്ന പോൽ സദാ കലപില ചിലച്ചു കൊണ്ട...