പ്രഭാതം
ശിശിരത്തിലെ പ്രഭാതങ്ങൾക്ക് മറ്റു കാലങ്ങളിലുളളതിനേക്കാൾ നൈർമല്യമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വേനൽച്ചൂടിൽ നിന്നും ശൈത്യത്തിലേയ്ക്കുള്ള യാത്രയിൽ പ്രകൃതിയൊന്ന് കുളിരഞ്ഞിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ഒരു ഭാവം !
ശിശിരകാലപുലരികൾ അന്തരീക്ഷത്തിൽ തണുപ്പിൻ്റെ പുതപ്പുമണിഞ്ഞാണ് കുണുങ്ങി നിൽക്കുന്നതെങ്കിലും മുൻപെങ്ങുമില്ലാത്ത ഒരുന്മേഷവും പുതുമയും ഓരോ ദിവസവും അവ പ്രദാനം ചെയ്യുന്നു. അകത്തളത്തിലെ ഊഷ്മളതയിൽ നിന്നും പുറത്തേയ്ക്കിറക്കുമ്പോൾ ദേഹമാസകലം കുളിരുകോരുന്ന ദിവ്യാനുഭൂതി നിറയും- പ്രണയപൂർവ്വം പ്രിയൻ്റെ കരങ്ങളിലൊതുങ്ങുന്നപ്പോഴത്തെ അതേ ഉൾക്കുളിർ വന്നു പുതയും! ആ സുഖാനുഭവത്തിന് മാറ്റുകൂട്ടാനായ് പ്രഭാത സൂര്യൻ്റെ ഇളം ചൂടു സ്പർശനം മുഖത്തെ തലോടുമ്പോൾ അനിർവ്വചനീയമായ ഒരനുഭൂതിയിൽ മുങ്ങിപ്പോകുന്ന മനസ്സും ശരീരവും! അപ്പോൾ യാതൊന്നും മനസ്സിനെ അലട്ടുന്നില്ല. കാതിൽ പ്രകൃതിയൊരുക്കുന്ന സ്വനങ്ങൾ മാത്രം!
കൂടൊഴിഞ്ഞു മക്കൾ സുരക്ഷിതരായ് പറന്നകന്നത്തിൻ്റെ ആശ്വാസമുണ്ടെങ്കിലും വരാനിരിക്കുന്ന ശൈത്യത്തിൻ്റെ കാഠിന്യമുഴറ്റുന്നതിന് മുൻപ് എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്ന പോൽ സദാ കലപില ചിലച്ചു കൊണ്ടിരിക്കുന്ന കിളികൾ ഓരോ പ്രഭാതത്തിനും മിഴിവ് പകരുന്നു. സ്വതേ തണുത്ത സ്പർശനത്താൽ വലയ്ക്കാറുള്ള നനുത്ത കാറ്റും സൂര്യ രശ്മികളൈയാവാഹിച്ച് തഴുകുന്നതിനാൽ അനുവാച്യമായ ഊഷ്മളതയാണ് പകർന്നു നൽകുന്നത്. ഒരു നനുത്ത മഴയിൽ കുളിച്ചിട്ട് നന്നായി തോർത്താത്തതെന്നപോലെ പുല്ലിലും വൃക്ഷത്തലപ്പുകളിലും തിളങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ വൈഡൂര്യം പോലെ തിളങ്ങി നിൽക്കുന്നു. ഹൃദയം എന്തെന്നില്ലാത്ത ഒരാനന്ദതാളത്തിൽ ശാന്തമായ് തുടിക്കുന്നു. അധരങ്ങളിൽ സ്വയമറിയാതെ പുഞ്ചിരി പൂക്കൾ വിടരുന്നു. കണ്ണുകൾ പ്രതീക്ഷയുടേയും പ്രത്യാശയോടെയും തിളങ്ങുന്നു. മനസ്സ് സ്വയമറിയാതെ തുടിക്കൊട്ടി പാടുന്നു.
അതെ, ശിശരത്തിലെ പ്രഭാതങ്ങൾ അതിമനോഹരങ്ങളാണ്. ഒരു നിമിഷമെങ്കിലും അതറിയുവാനും ആസ്വദിക്കാനും കഴിയുന്ന ഈ ജന്മം എത്ര പുണ്യമാണ് !
Comments