കളിയോർമ്മകൾ

ചില സന്ദർഭങ്ങളിൽ മനസ്സ് ഇന്നത്തെ സങ്കീർണ്ണതകളൊന്നുമില്ലാത്ത പണ്ടത്തെ ആ നിഷ്‌കളങ്കത പേറുന്ന, കൗതൂഹലം നിറഞ്ഞ കുട്ടിക്കാലത്തിലേക്ക് സ്വയമറിയാതെ യാത്രയാവും. ഞാൻ ജനിച്ചു വളർന്ന സാഹചര്യങ്ങളുടെ വേരറ്റു പോകാത്ത ഒരു കണ്ണി ഇന്നുമെന്നിലുണ്ടെന്നും എന്നെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള ഒരു തിരിച്ചറിവ് ഈയിടെയെൻ്റെ ഉൾബോധത്തിൽ നിന്നുമുയർന്നു വന്നു.



കുറച്ചു ദിവസം മുൻപ് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കലാചേതന കഥകളി കമ്പനി അവതരിപ്പിച്ച ദുര്യോധനവധം കഥകളി സദസ്സിലെ മുൻ നിരയിലിരുന്ന് ആസ്വദിക്കുമ്പോൾ ഞാൻ എരവിമംഗലം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനത്തിരുന്ന് കളിക്കാണുന്ന ആ കുട്ടിയായി മാറിയതു പോലെ തോന്നി. അന്നൊന്നും കഥകളിയെ പറ്റി വലിയ അവഗാഹമുണ്ടായിരുന്നില്ല. ഇന്നും അതുണ്ടെന്നല്ല .... പക്ഷേ ഓരോ വേഷങ്ങളും വേദിയിൽ നിറഞ്ഞാടുമ്പോൾ എല്ലാം മനസ്സിലായിരുന്നില്ലെങ്കിൽ കൂടി അതൊക്കെ കാണാനുളള മോഹം വളരെയധികമായിരുന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി യുദ്ധം ചെയ്ത് ഫുൾ നൈറ്റ് കളി കണ്ടിട്ടുള്ളത് ഇന്നും മനസ്സിൽ മങ്ങലില്ലാതെ ജ്വലിച്ചു നിൽക്കുന്നു. 
ഇവിടെ ലിവർപൂളിൽ ആ പഴയ ഗ്രാമാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഒന്നുമുണ്ടായിരുന്നില്ലെങ്കിൽ കൂടിയും ഞാനവിടെയിരുന്ന് കളിയാസ്വദിച്ച പോലെയാണ് തോന്നിയത്. ഇടയ്‌ക്കെപ്പോഴോ ഒരു സംശയം തോന്നിയപ്പോൾ അമ്മയോട് ചോദിക്കാമെന്ന് കരുതി ഇടതു വശത്തേയ്ക്ക് തിരിയാൻ തുടങ്ങിയപ്പോഴാണ് ഞാൻ പഴയ ആ കുട്ടിയല്ലെന്നതും ക്യാമറക്കണ്ണുകളിലൂടെയാണ് അതിസൂക്ഷ്മമായ ഭാവങ്ങൾ നുകർന്നു രസിക്കുന്നതെന്നുമുള്ള ബോധം എന്നിൽ വന്നത്. 

എന്നാൽ രസച്ചരട് മുറിഞ്ഞതിലെ ഒരസ്വസ്ഥത നിമിഷ നേരം കൊണ്ടുതന്നെ ഞാൻ മറന്നു... കൃഷ്ണൻ മുന്നിലങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ വേറെന്തു കാണാൻ ! വിശ്വരൂപ ദർശനം കഴിഞ്ഞ് യുദ്ധരംഗങ്ങൾ കൊഴുത്തപ്പോൾ വീണ്ടും കളിയിലേക്ക് തന്നെ ശ്രദ്ധ മടങ്ങി. രൗദ്രഭീമൻ്റെ ഭാവങ്ങൾ കുട്ടിക്കാലത്ത് ഏറെ പേടിപ്പിച്ചിരുന്നെങ്കിലും ഇന്നങ്ങനെയല്ല. ആ ചലനങ്ങളും അട്ടഹാസങ്ങളും ഭാവങ്ങളും ഒക്കെ ഒട്ടും പേടിയില്ലാതെ കണ്ടിരുന്നു. ഒടുവിൽ കൃഷ്ണനുമായുള്ള സംഭാഷണത്തിനു ശേഷം മംഗളം പാടി കളിയവസാനിച്ചപ്പോൾ നിർത്താതെയുള്ള കരഘോഷങ്ങളിൽ ഞാനും പങ്കു ചേർന്നു. 






ഒരു നല്ല കളി കണ്ട സന്തോഷവും അത് മുൻപത്തേക്കാൾ നന്നായി ആസ്വദിക്കാനായി എന്ന ചാരിതാർത്ഥ്യവും എന്നിൽ നിറഞ്ഞു. അതിനിടയിൽ ഓർക്കാപ്പുറത്ത് കുറേ നാൾ മുൻപ് ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തി ഒരു ചർച്ചയ്ക്കിടയിൽ പറഞ്ഞ ഒരു കാര്യവും മനസ്സിലേക്ക് ഓടിയെത്തി. ദ്രൗപദി കാരണമാണ് കുരുക്ഷേത്ര യുദ്ധമുണ്ടായത് അവർ വിചാരിച്ചിരുന്നെങ്കിൽ കൃഷ്ണൻ മദ്ധ്യസ്ഥത്തിന് ശ്രമിച്ച സമയത്ത് യുദ്ധമൊഴിവാക്കാൻ ആവശ്യപ്പെടാമായിരുന്നു അതിനു പകരം പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടാണ് ഇത്രയും വിനാശമുണ്ടായത് എന്നൊക്കെയായിരുന്നു. എത്ര എളുപ്പമായാണ് എല്ലാ കുറ്റവും ഒരു സ്ത്രീയുടെ മേൽ കേറ്റി വെച്ചത് എന്ന് അന്ന് തോന്നിയത് ഈ അവസരത്തിലും മനസ്സിലോടിയെത്തി. എന്തൊക്കയായാലും ആ യുദ്ധം നടക്കുക തന്നെ ചെയ്യും അതിന് ദ്രൗപദിയുടെ ശപഥവും ഒരു കാരണമായി എന്നേയുള്ളു. ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ കുരുക്ഷേത്രയുദ്ധം നടക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ജഗന്നിയന്താവായ ഭഗവാൻ കൃഷ്ണൻ ഒന്നു വിചാരിച്ചാൽ മാത്രം മതിയായിരുന്നില്ലേ ... 



മനുഷ്യൻ്റെ സാമാന്യബുദ്ധിക്ക് മനസ്സിലാവാത്ത പലതും പുരാണേതിഹാസങ്ങളിലുണ്ട്. അത് അതിൻ്റേതായ അർത്ഥതലങ്ങളിൽ മനസ്സിലാവാൻ നാമും ആ തലത്തിലേയ്ക്ക് ഉയരണം. അപ്പോഴേ നമുക്ക് ജ്ഞാനവും ഉൾബോധവും കൈവരൂ ... അല്ലാത്തപക്ഷം നാമോരോരുത്തരും കഥയറിയാതെ ആട്ടം കണ്ട് ആ വേഷവിധാനങ്ങളുടെ ഭംഗിയും മറ്റു ഭൗതിക വിചാരങ്ങളുമായി സമരസപ്പെട്ട് ആ സന്തോഷത്തിലങ്ങനെ കഴിയും.
എന്നാൽ യഥാർത്ഥ കലയും കലാകാരന്മാരും നമ്മെ ആ ഭൗതിക തലത്തിൽ നിന്നുമുയർത്തി കുറേകൂടി ഉന്നതമായ ആത്മീയ തലത്തിലെത്തിക്കും. അവിടെ നാം നമ്മോടു തന്നെ സംവദിക്കും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും. കേവലം കഥയെന്ന് കരുതുന്നവയിലടങ്ങിയ പൊരുളുകൾ കണ്ടെത്തും. അങ്ങനെ നോക്കുമ്പോൾ ഈ കഥകളിയരങ്ങ് എന്നെ ആ ഒരു തലത്തിലേയ്ക്ക് ഒരു നിമിഷമെങ്കിലും ഉയർത്തിയെന്ന് നിസ്സംശയം പറയാം. അതിൽ നിന്നുമനുഭവവേദ്യമാകുന്ന ചാരിതാർത്ഥ്യം പറഞ്ഞറിയിക്കാനാവില്ല.



ഈയൊരാസ്വാദനാനുഭവം എനിക്കായി പകർന്നു നൽകിയ കഥകളി ആചാര്യന്മാർക്കും പാട്ടുകാർക്കും വാദ്യക്കാർക്കും അണിയറപ്രവർത്തകർക്കും  സാദര പ്രണാമം! ഒപ്പം ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിനും - ഇങ്ങനെ ഒരു അവസരം ഒരുക്കിത്തന്നതിന്!!! കല മനുഷ്യനെ ഉദ്ബോധിപ്പിക്കുകയും ഉയർത്തുകയും ചെയ്യുന്നുവെന്നതിൽ സംശയമേതുമില്ല. കലാകിരണങ്ങൾ നമ്മേ നിരന്തരം പ്രബോധരാക്കിക്കൊണ്ടിരിക്കട്ടെ!

Comments

Popular posts from this blog

സൗഹൃദം

തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ്‌ - ഒരു പിടി നല്ല ഓര്‍മ്മകള്‍

അദ്ധ്യാപക ദിനം !