Posts

കൂട്ടുകാരെയോര്‍ത്ത്

Image
അറിയാത്തൊരു നൊമ്പരത്തില്‍ നെഞ്ചകം നുറുങ്ങുന്നു, ഇതു വരെ കാണാത്തൊരു കൂട്ടിനെയോര്‍ത്ത്... മനസ്സിലൊരു മഴവില്‍ വിരിയുന്നു, മാംഗല്യത്തിന്‍ മധുരം നുകരുവാനൊരുങ്ങുമിരു ജീവനെയോര്‍ത്ത്... ആശങ്ക തന്‍ ചിറകടിയൊച്ചകള്‍ മുഴങ്ങുന്നുവെന്നുള്ളില്‍ നിനച്ച സന്ദേശം കിട്ടാത്തതോര്‍ത്ത്... കരളില്‍ കദനം നിറയുന്നു, അകലെ നിന്നെത്തിയൊരു സ്നേഹത്തിന്റെ സൗഖ്യമറിയാത്തതോര്‍ത്ത്... കണ്ണുകള്‍ നിറയുന്നു, കൂട്ടത്തില്‍ കളിപറഞ്ഞു നടന്നവര്‍ തിണ്ണം കൊമ്പുകള്‍ കോര്‍ത്തതോര്‍ത്ത്... ഹൃദയം നിറയുന്നു ചുറ്റിലും സ്നേഹത്തിന്‍ പാലാഴി വിതറും മനസ്സുകളെയോര്‍ത്ത്... മോദത്താല്‍ തുടിക്കുന്നെന്‍ ഹൃദന്തം സ്നേഹാദരങ്ങള്‍ നല്കിയൊരീ കൂട്ടിന്‍ ഭാഗമെന്നോര്‍ത്ത്... ആഹ്ലാദിക്കുന്നു ഞാന്‍ ഒരമ്മതന്‍ മക്കളായ്‌ പിറന്നില്ലെങ്കിലും എന്റേതായി മാറിയവരെയോര്‍ത്ത്... നമിക്കുന്നു ശിരസ്സാദരാല്‍ ഞാനെന്‍ജീവനഴകേകിയ സര്‍വ്വശക്തി തന്‍ കാരുണ്യമോര്‍ത്ത്...

സൗഹൃദം

Image
കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ,  എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ്‌ കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു-  നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍ കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു... ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!! ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

ഉണ്ണിയ്ക്കായ്

Image
ഉണ്ണീ നീയുണര്‍ന്നീടുക വേഗമിപ്പോള്‍  ഇന്നു നിന്റെയാട്ടപ്പിറന്നാളല്ലോ കര്‍ക്കിടകക്കാറുകള്‍ നീങ്ങിയാ മാനത്ത് അര്‍ക്കനിതായിപ്പോള്‍ പുഞ്ചിരിപ്പൂ... സ്നാനത്തിനാശു ഗമിച്ചീടുക നീയ്യെന്നിട്ടാ- ത്തേവരെയും പോയ്‌ വണങ്ങി വരൂ! നെറ്റിയില്‍ ചന്ദനക്കുറിയോടൊപ്പമമ്മ നല്കിടാം ഉമ്മകളായിരങ്ങള്‍ ; മാറോടുചേര്‍ത്തു പുണര്‍ന്നീടാം നിന്നെ ഞാന്‍ ഓമനയാമുണ്ണീ നീയോടിവായോ.. നിന്‍ കണ്ണില്‍ വിടരുന്നോരാനന്ദപ്പൂത്തിരി- യെന്നുള്ളില്‍ സ്നേഹക്കടലായ് മാറി, നെറുകയില്‍ കൈവെച്ചു ഞാനിതാ നേരുന്നു ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നന്മതന്‍ നിറകുടമായ് വാഴുകയെന്നുടെ- യോമനക്കുട്ടാ നീയെന്നുമെന്നും പാരിലെ പീഡകള്‍ നിന്നെ വലയ്ക്കാതെ പാരം ഞാന്‍ കാത്തീടാമാവുവോളം... സദ്‌ബുദ്ധിയെന്നും നിന്‍ മതിയിലുണരുവാന്‍ സച്ചിതാനന്ദനെ വണങ്ങിടുന്നു... ഉണ്ണീ നീ വാഴ്കയാമോദമോടെന്നാളും ഉള്ളം നിറഞ്ഞു ഞാനനുഗ്രഹിപ്പൂ...

വ്യാഴവട്ടം

Image
ഞാനില്‍ നിന്നും നമ്മളിലേക്ക് നടന്നടുത്ത കാലം, സ്വപങ്ങള്‍ക്കനേകം ചിറകുകള്‍ മുളച്ച കാലം ഹൃദയം തുടിക്കുന്നത് നിനക്കു മാത്രമായ കാലം എന്നില്‍ നീയും നിന്നില്‍ ഞാനുമായ കാലം സ്നേഹത്തിന്‍ ഭാവങ്ങള്‍ തൊട്ടറിഞ്ഞ കാലം വിരഹത്തിന്‍ മുള്ളുകള്‍ പതിഞ്ഞ കാലം അമ്മതന്‍ ഉള്ളം പൊള്ളുമെന്നറിഞ്ഞ കാലം പിള്ള തന്‍ ചിരിയില്‍ മതി മറന്ന കാലം ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറാത്ത കാലം ചിന്തകളെല്ലാമൊന്നായ് ശക്തിയാര്‍ജ്ജിച്ച കാലം സമയരഥചക്രങ്ങള്‍ അതിവേഗമുരുണ്ട കാലം വെള്ളിയിഴകളും ചുളിവുകളും പതിഞ്ഞ കാലം മധുരമാം ഓര്‍മ്മകള്‍ സമ്മാനിച്ചതും ഈ കാലം മരണമാം സത്യത്തെ തുറന്നു കാട്ടിയതുമീ കാലം നീറുമെന്‍ മനസ്സിന് കൂട്ടായ് നീ മാറിയതുമീ കാലം പറയാതെ പറഞ്ഞതും, കൈമാറിയതുമീ കാലം എന്റെ കരളില്‍ നീയലിഞ്ഞു ചേര്‍ന്ന കാലം നീയില്ലാതെ ഞാനില്ലെന്നതറിഞ്ഞ കാലം... ലോകം പറയുന്നു ഒരു വ്യാഴവട്ടമാണീ കാലം ഞാന്‍ പറയുന്നുവെന്‍ മുഴു ജീവിതമാണീ കാലം...

കഥയും കളിയും

Image
വള്ളുവനാട്ടിലെ ഒരു സാദാ ഗ്രാമത്തിലായിരുന്നു ഞാന്‍ എന്‍റെ ബാല്യം ചെലവിട്ടത്. കേരളത്തിലെ ഏതൊരു ഗ്രാമം പോലെയും അവിടെയും നിറയെ പാടങ്ങളും, കുന്നുകളും, അങ്ങിങ്ങായി വീടുകളും, ഒരു സ്കൂളും, മദ്റസയും, കുറെ മൈതാനങ്ങളും, ചില കൊച്ചു കടകളും പിന്നെ ഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്ത് ഒരമ്പലവും ഉണ്ടായിരുന്നു - അവയില്‍ പാടങ്ങളും മൈതാനങ്ങളും ഇപ്പോള്‍ മിക്കവാറും ഇല്ലാതായിരിക്കുന്നു; കുന്നുകളും അംഗഭംഗം വന്ന നിലയിലാണ്.  സ്കൂള്‍, മദ്റസ, വീടുകള്‍ എന്നിവ പൂര്‍വ്വാധികം തലയെടുപ്പോടെ ഇപ്പോഴും നില്‍ക്കുന്നു. അമ്പലവും അമ്പലക്കുളവുമൊക്കെ പഴയപടി തന്നെ - കാലത്തിനനുസരിച്ച് ചെറിയ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ അവിടെ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും കാണില്ല. എങ്കില്‍ പോലും ഏറ്റവും അധികം മാറ്റം വന്നിട്ടുള്ളത് ആ പരിസരത്തിനാണ് എന്നെനിക്ക് തോന്നുന്നു... ചിത്രത്തിനു കടപ്പാട്: മാനസി മുണ്ടേക്കാട് അന്നൊക്കെ അമ്പലത്തിന് കഷ്ടകാലമായിരുന്നു (അതേ, ദൈവങ്ങള്‍ക്കും ചിലപ്പോള്‍ കഷ്ടകാലം വരുമത്രേ!!!). മുന്‍ തലമുറ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും ആചാരങ്ങളും വലിച്ചെറിഞ്ഞ് വിപ്ലവത്തിന്‍റെയും മാറ്റത്തിന്റെയും പുറകെ ഒരു തലമുറ പോയപ്പോള്‍ അനാ

നമ്മള്‍

Image
നീയൊന്നു ചിരിച്ചാലെന്‍ മനസ്സിലും നിറയുന്നു മോദം; നിന്നാര്‍ത്തികളെന്നിലും നിറപ്പൂ വേദന തന്‍ മുള്ളുകള്‍ ... ജന്മം കൊണ്ടു നീയെനിക്കന്യ- നെന്നാകിലും, കര്‍മ്മം കൊണ്ടു നീയെന്‍ സോദരനായ് മാറിയ- തെന്നെന്നു ഞാനറിഞ്ഞീല... ആത്മ ബന്ധത്തിന്‍ തീച്ചൂളയില്‍ വെന്തുറച്ച സ്നേഹമാമിഷ്ടിക കൊണ്ടു നമ്മള്‍ പടുതുയര്‍ത്തീ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ സാമ്രാജ്യം ഭൂമിയിലൊരു സ്പന്ദനം ബാക്കി- യുണ്ടാകും കാലമതു വരേയ്ക്കും നമ്മുടെ സാഹോദര്യത്തിന്‍ മാനങ്ങള്‍ തിളങ്ങി നില്‍ക്കട്ടേ അവനീ തലത്തില്‍ പുതു തലമുറയീ അതുല്യ സ്നേഹത്തിന്‍ അലയടികളാല്‍ മുഖരിതമായിടട്ടെ; സ്നേഹമാണഖിലസാരമൂഴിയിലെ- ന്നൊരിക്കല്‍ കൂടി മാലോകരോതിടട്ടെ!!! ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

താങ്ക് യു!

Image
ജീവിതത്തില്‍ മറക്കാനാവാത്ത പല അനുഭവങ്ങളും നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും. ചില വിഷമ സന്ധികളില്‍ പെട്ടുഴലുമ്പോള്‍ , എവിടെന്നിന്നെന്നറിയാതെ, ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട്, നമ്മുടെ വിഷമങ്ങള്‍ തരണം ചെയ്യാന്‍ നമ്മെ സഹായിച്ച്, യാതൊരു ഫലേച്ഛയും ഇല്ലാതെ, വന്നത് പോലെ തന്നെ തിരിച്ചു പോകുന്ന പുണ്യാത്മാക്കള്‍ നമ്മില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ടാവാം - അവരുടെ ചിത്രം ദൈവത്തിന്‍റെ ചിത്രത്തിനൊപ്പം തന്നെ നമ്മുടെ മനസ്സുകളില്‍ സ്ഥാനം നേടിയിട്ടുമുണ്ടാകാം. കൃതാര്‍ത്ഥയോടെയല്ലാതെ അവരെ നമുക്ക് ഓര്‍ക്കാനും കഴിയില്ല. മനസ്സു കൊണ്ടെങ്കിലും നാം അവരോട് നിത്യവും 'താങ്ക് യു' എന്ന്‍ പറയുന്നുണ്ടാവും, അല്ലെ? എന്‍റെ ജീവിതത്തിലും പല വിഷമ ഘട്ടങ്ങളുണ്ടായിട്ടുണ്ട് - അവയെല്ലാം തരണം ചെയ്യാന്‍ എന്നെ പലരും സഹായിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നിപ്പോള്‍ ഞാനിവിടെ പറയാനുദ്ദേശിക്കുന്നത് അവരെ കുറിച്ചൊന്നുമല്ല - മറിച്ച് നിത്യ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടാറുള്ള ചില മുഖങ്ങളെക്കുറിച്ചാണ്. കടയില്‍ പച്ചക്കറിയും സാമാനങ്ങളും എടുത്ത് തരുന്നവര്‍, ഓട്ടോ ഡ്രൈവര്‍, പരിചയമില്ലാത്ത സ്ഥലത്ത് വഴി അറിയാതെ സ