വീട്ടിലെ കിളികൾ: 3 - കാക്ക
കാക്ക മലയാളിയുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള ഒരു പക്ഷിയാണെന്ന് കുട്ടിക്കാലത്ത് തന്നെ ധരിച്ചു വെച്ചിരുന്നു. മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ശ്രാദ്ധത്തിന് ബലിയിട്ടാൽ കുട്ടികളൊക്കെ കൈ കൊട്ടി കാക്കയെ വിളിക്കാൻ കൂടും. കാക്ക വന്ന് ബലിച്ചോറ് കഴിച്ചില്ലെങ്കിൽ എന്താണാവോ അവർ വരാത്തത് എന്ന് സങ്കടപ്പെടുന്ന അച്ഛൻ പെങ്ങളുമാരുടെ സങ്കടം കാണുമ്പോൾ കൂടുതൽ ശക്തിയോടെ കൈ കൊട്ടി നോക്കും. കാക്ക വന്നാൽ സന്തോഷിക്കും. ഇതാണ് എന്റെ ഏറ്റവും പഴക്കമുള്ള കാക്കയോർമ്മ. ക്രമേണ ശ്രാദ്ധവും മറ്റും ഏറ്റവും ചുരുങ്ങിയ രീതിയിൽ ബലിയിടൽ മാത്രമായി മാറുന്നതിനു മുൻപ് തന്നെ കാക്കകൾ ചുറ്റുവട്ടത്ത് അസുലഭ കാഴ്ച്ചകളായി മാറിയിരുന്നു. കാക്കയ്ക്ക് പകരം അണ്ണാനും മറ്റു കിളികളും ബലിച്ചോറുണ്ടു. കേരളത്തിൽ രണ്ടു തരം കാക്കകളാണ് കാണപ്പെടുന്നത് - ബലിക്കാക്കയും പേനക്കാക്കയും - എന്ന് ആദ്യമായി പറഞ്ഞു തരുന്നത് യാമിനിയാണ്. അവയുടെ വ്യത്യാസങ്ങളും അന്ന് യാമിനി പറഞ്ഞുവെന്നാണ് എന്റെ ഓർമ്മ. പ്രായം എന്നെക്കാളും കുറവാണെങ്കിലും ഇത്തരം കാര്യങ്ങളിൽ യാമിനിയ്ക്ക് നല്ല അറിവായിരുന്നു. യാമിനിയുടെ അച്ഛൻ നാരായണേട്ടൻ വലിയൊരു സഞ്ചാര പ്രിയനാണെന്ന് മാത്രമല്ല, കാടുകളാണ്...