ചില എഴുത്തു ചിന്തകൾ
കഴിഞ്ഞ കൊല്ലം പലപ്പോഴും എഴുതാൻ ഒരു മടുപ്പ് തോന്നിയിരുന്നു. എന്തിനെഴുതണം എന്ന ചോദ്യം തന്നെ വീണ്ടും വീണ്ടും മനസ്സിൽ പൊങ്ങി വന്നിരുന്നു. ഇക്കൊല്ലം എന്തായാലും എഴുതാനുള്ള മടുപ്പിനെ മറികടക്കണമെന്ന തോന്നലിൽ നിന്നാണ് കുറെ കാലം മുൻപ് എഴുതിത്തുടങ്ങിയ ഈ ലേഖനം മുഴുമിക്കുന്നത്. ഇതിലൂടെ, ആഴ്ചയിൽ ഒരു ബ്ലോഗ് എങ്കിലും എഴുതണമെന്ന അതിമോഹത്തിന് ഒരു തുടക്കവും കുറിക്കുകയാണ്. മുൻപൊക്കെ കുറെ പേരെങ്കിലും ബ്ലോഗ് വായിച്ച് പ്രതികരണം അറിയിച്ചിരുന്നു. ഇപ്പോൾ ഫേസ്ബുക്കിലേക്ക് എഴുത്തു മാറിയപ്പോൾ ബ്ലോഗിലേക്ക് അധികമാരും വരാതെയായി. ഫേസ്ബുക്കിൽ എഴുതിയിട്ടാൽ ടൈംലൈനിൽ കാണുകയാണെങ്കിൽ ആളുകൾ വായിക്കുകയും പ്രതികരിക്കുകയും ചെയ്യും എന്നത് കൊണ്ട് മിക്കവരും എഴുത്ത് അങ്ങോട്ടേയ്ക്ക് മാറ്റിയെന്ന് തോന്നുന്നു. എന്നാൽ ഫേസ്ബുക്കിൽ എഴുതിയിടുന്നത് ചിലപ്പോഴെങ്കിലും അധികമാരും കാണാതെ മുങ്ങിപ്പോവുകയും ചെയ്യാറുണ്ട്. ബ്ലോഗിൽ എഴുതിയിട്ട് കമന്റുകൾക്ക് കാത്തു നിന്നിരുന്ന കാത്തിരിപ്പ് ഒഴിവായി - ഫേസ്ബുക്കിൽ ഇടേണ്ട താമസം പ്രതികരണം കിട്ടും - എന്നതാണ് പലർക്കും ഈ മാദ്ധ്യമം കൂടുതൽ ഇഷ്ടപ്പെടാൻ കാരണം എന്ന് തോന്നുന്നു. ലൈക്ക...