Saturday, 25 February 2017

ആത്മ ബന്ധങ്ങള്‍

പരസ്പരം കാണാത്ത ആളുകള്‍ തമ്മില്‍ പോലും ഒരു ഹൃദയബന്ധം തോന്നുക, ദിനേനയുള്ള ഓണ്‍ലൈന്‍ ഇടപെടലുകള്‍ (ചിലപ്പോള്‍ ഗൌരവമേറിയ ചര്‍ച്ചയും മിക്കപ്പോഴും തമാശകളും ഇടയ്ക്കൊക്കെ അടികൂടലുമൊക്കെയായി) പതുക്കെപ്പതുക്കെ നിര്‍വചിക്കാനാവാത്ത ഒരു ആത്മബന്ധത്തിലേയ്ക്ക് നയിക്കുക - ഇതൊന്നും എല്ലായിടത്തും സംഭവിക്കുന്നതല്ല എന്നെനിക്ക് തോന്നുന്നു.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ‍അതെന്‍റെ ജീവിതത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവരുമെന്ന്. ഒരുപാട് ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടാനും അവരുടെ കൃതികള്‍ വായിച്ചാസ്വദിക്കാനും എന്‍റെ എഴുത്തിന് അല്പം കൂടി ഗൌരവം കൊണ്ടുവരാനും ഒക്കെ ഈ ഗ്രൂപ്പാണ് കാരണം. പിന്നീടെപ്പോഴോ ഇതിന്റെ അഡ്മിന്‍ സ്ഥാനത്തെത്തി. ഇ-മഷി, വിവിധതരം മത്സരങ്ങള്‍ തുടങ്ങി ഗ്രൂപ്പ് വളരെ സജീവമായി തന്നെ പോയിക്കൊണ്ടിരുന്നു. അംഗബലം കൂടിയപ്പോഴും വലിയ പൊട്ടിത്തെറികള്‍ ഒന്നുമില്ലാതെ അങ്ങനെ പോയിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ എപ്പോഴോ കാര്യങ്ങള്‍ മന്ദഗതിയിലായി. എഴുതാനും വായിക്കാനുമല്ലാതെ ലൈക്കാനും ഷെയറാനും ആളുകള്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ബ്ലോഗിലെ എഴുത്തുകള്‍ എഫ് ബിയിലേക്ക് പറിച്ചു നടപ്പെട്ടു. ഗ്രൂപ്പ് നിര്‍ജ്ജീവമായി തുടങ്ങി. ചര്‍ച്ചകളും തമാശകളും വഴക്കുകളും പഴംകഥകളായി മാറി. ഓരോ മണിക്കൂറിലും ഗ്രൂപ്പിലെത്തിനോക്കിയിരുന്ന ഞാന്‍ പതുക്കെപ്പതുക്കെ വല്ലപ്പോഴും മാത്രം ഇവിടെ വരുന്നു എന്ന സ്ഥിതിയായി - മാറിയ ജീവിത സാഹചര്യങ്ങളും ഒരു കാരണമായി എന്നത് വിസ്മരിക്കുന്നില്ല. ഊണും ഉറക്കവും ഉപേക്ഷിച്ചു പോലും ഇ-മഷിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അവസ്ഥയില്‍ നിന്നും അതിനു വേണ്ടി ഒന്നും ചെയ്യാത്ത ഒരാളായി മാറി...

എന്നിരുന്നാലും പൂര്‍വാധികം ശക്തിയോടെ എന്നോടൊപ്പം ഒന്നുണ്ടായിരുന്നു - ഇവിടെ നിന്നും കിട്ടിയ ബന്ധങ്ങള്‍. പേരിനപ്പുറം ഒന്നുമറിയാതിരുന്ന ആളുകളില്‍ നിന്നും അവര്‍ക്ക് ഞാന്‍ 'ചേച്ചി'യും അനിയത്തിയും ഒക്കെയായി മാറി. സ്നേഹം വാരിതന്ന അനിയന്മാര്‍, അറിവിലും പ്രായത്തിലും മുതിര്‍ന്നവരില്‍ നിന്നു ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഏത് തിരക്കിനിടയിലും ഒരാവശ്യമുണ്ടായാല്‍ പരസ്പരം വിളിക്കാനും സഹായിക്കാനും മനസ്സുള്ളവര്‍. ഇതൊക്കെ ഇവിടെ നിന്ന് കിട്ടിയ പോലെ വേറെ ഒരിടത്തും കിടിയിട്ടില്ല - ഇനി കിട്ടുകയും ഇല്ല.

ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം കൂട്ടത്തില്‍ ഒരാള്‍ക്ക് ഒരപകടം പറ്റിപ്പോള്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും ഓടിയെത്തിയ കൂട്ടുകാരുടെ സ്നേഹം തന്നെ. ഉട്ടോയ്ക്കുണ്ടായ അപകടത്തെക്കുറിച്ച് സംഗീത് (വിനായകന്‍) അറിയിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ പ്രാര്‍ത്ഥനയായിരുന്നു. ഗ്രൂപ്പില്‍ പ്രവീണും മഹേഷും റഫീക്കുമൊക്കെ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു.  ഞാന്‍ മെസ്സേജ് അയക്കുന്നതിനു മുന്‍പ് തന്നെ എന്നും ഉട്ടോയുടെ വിവരങ്ങള്‍ സംഗീത് (കുന്നിന്മേല്‍) തന്നു കൊണ്ടേയിരുന്നു. അവര്‍ക്കൊക്കെ ഉട്ടോ അടുത്ത സുഹൃത്തായിരുന്നുവെങ്കില്‍ എനിക്ക് ഒരിക്കല്‍ മാത്രം നേരിട്ടു കണ്ടിട്ടുള്ള, ഏറെ പ്രതിഭാധനനായ ഒരു കലാകാരനും ഫോട്ടോഗ്രാഫറുമായ ഒരനിയനായിരുന്നു. തുഞ്ചന്‍ പറമ്പ് മീറ്റില്‍ കണ്ടു പരിചയപ്പെട്ട ഏതാനും മണിക്കൂറുകള്‍ എന്റെയുള്ളില്‍ സദാ ചിരിക്കുന്ന ഒരു മുഖം മങ്ങാതെ നിറച്ചു വച്ചു.

അത്യധികം വേദനാജനകമായ ഒരു ഘട്ടത്തിലാണ് ഉട്ടോയിപ്പോള്‍ - എന്നാല്‍ മാനസികമായും ശാരീരികമായും തളര്‍ന്ന ഈ അവസ്ഥയിലും താങ്ങായി കൂട്ടുകാര്‍ ഉണ്ട്. സൌഹൃദമെന്നാല്‍ അടിച്ചു പൊളിച്ചു കറങ്ങി നടക്കുകയല്ല, കൂട്ടത്തിലൊരാള്‍ തളര്‍ന്നു പോകുമ്പോള്‍ താങ്ങായും തണലായും കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നു ലോകത്തിനു കാണിച്ചു കൊടുത്ത എന്റെ അനിയന്മാരെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്‍ പ്രതീക്ഷ നല്‍കുന്നു. നിങ്ങളുടെയൊപ്പം ഈ ഗ്രൂപ്പിന്‍റെ ഒരു ഭാഗമായത് എന്‍റെയും ഭാഗ്യം തന്നെ.

ഇവിടെ വച്ചു പരിചയപ്പെട്ട് നല്ല സുഹൃത്തുക്കളായി മാറിയ ഒത്തിരി പേരുണ്ടിവിടെ. അതു പോലെ തന്നെ പരസ്പരം സഹായിക്കുന്ന ഒരുപാട് പേരും ഇവിടെയുണ്ട്. അവരെല്ലാം നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും സൌഹൃദത്തിന്റെയും പ്രതീകങ്ങള്‍ തന്നെ. പരസ്പരം കടിച്ചു കീറാനൊരു കാരണം കിട്ടാന്‍ കാത്തു നില്‍ക്കുന്ന പുറം ലോകത്തിന് നിങ്ങള്‍ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും മാതൃകയാവട്ടെ എന്നാശിക്കുന്നു. 

Thursday, 16 February 2017

ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരിയസി

കേടായ ഷോപ്പിങ്ങ് ബാഗ് മാറ്റിക്കിട്ടാനായി കടയിൽ പോയതായിരുന്നു. മാറിക്കിട്ടിയ ഷോപ്പിങ്ങ് ബാഗ് അവിടെ വെച്ചു തന്നെ പുറത്തെടുത്ത് ചക്രങ്ങളൊക്കെ പിടിപ്പിച്ച് റെഡിയാക്കുന്നതിനിടയിലാണ് അപ്പുറത്തിരുന്ന സ്ത്രീ പറഞ്ഞത്: 'ഇത് വളരെ നല്ല ഒരുത്പന്നമാണ്. എന്റെയടുക്കലും ഉണ്ട് ഇതേ പോലൊരെണ്ണം. സാധനങ്ങൾ കൊണ്ടുപോകാൻ വളരെ സൗകര്യപ്രദം.' പതിവില്ലാത്തവണ്ണം ഒരാൾ അഭിപ്രായം പറയുന്നത് കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും അവർക്കുള്ള മറുപടിയായി ഒരു ചിരിയും, 'അതേയല്ലേ' എന്നൊരു വാക്കും പറഞ്ഞ് ഞാൻ വീണ്ടും എന്റെ പണി തുടർന്നു. അവർ ഇവിടത്തുകാരിയല്ല. ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മുസ്ലീം ആണെന്നത് മാത്രമാണ്. കാണുന്ന മാത്രയിൽ തന്നെ ആളുകൾ എവിടത്തുകാരാണെന്നൂഹിക്കാൻ കഴിവുള്ളവർ കാണും. ഞാൻ അക്കൂട്ടത്തിൽ പെടില്ല. ഒരാളെ സൂക്ഷ്മമായി നോക്കുന്നത് അപമര്യാദയാണല്ലോ... അതിനാൽ ആ സാഹസത്തിന് മുതിരാതെ ചെയ്തു കൊണ്ടിരിക്കുന്ന പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നാൽ അവർ മിണ്ടാതിരുന്നില്ല. സംസാരിക്കാൻ വെമ്പി നിൽക്കുന്ന പോലെ അവർ തുടർന്ന് ചോദിച്ചു: 'നിങ്ങൾ ഇന്ത്യയിൽ നിന്നാണല്ലേ ? ഇന്ത്യ മനോഹരമായ ഒരു സ്ഥലമാണല്ലേ ?' 'അതേ, ഞാൻ ഇന്ത്യയിൽ നിന്നാണ്. ഇന്ത്യ തീർച്ചയായും  ഒരു മനോഹരമായ സ്ഥലമാണ്. നിങ്ങൾ എവിടെ നിന്നാണ് ?'

'ഞാൻ ഇറാഖിൽ നിന്നാണ്. ഇവിടെ വന്നിട്ട് നാലു വർഷമായി. ഒരു കൊല്ലം കൂടി കഴിഞ്ഞാൽ തിരിച്ചുപോകണം.'

'ഓഹോ! അതു ശരി! അപ്പോൾ നിങ്ങൾ ഇവിടെ ജോലിക്കായ് വന്നതാണോ?'

'അല്ല, ഭർത്താവ് ഇവിടെ കംപ്യൂട്ടർ സയൻസ് പഠിക്കുകയാണ്. എനിക്ക് ഇറാഖിൽ നല്ല ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. പക്ഷേ, അവിടെ സ്വസ്ഥതയില്ല. എനിക്ക് ഭയമാണ് അവിടേക്ക് തിരിച്ചു പോകാൻ.'

ഒരൽപം ആശ്ചര്യത്തോടെ ഞാനവരെ നോക്കിയപ്പോൾ അവർ തുടർന്നു: 'ഞങ്ങളുടെ നാട്ടിൽ ആകെ പ്രശ്നമാണ്. എന്നും യുദ്ധവും ബോംബിടലും ഒക്കെ... ആ കുരുതിക്കളത്തിലേക്ക് തിരിച്ചു പോകാൻ ധൈര്യമില്ല.'

'ഉം... ഇറാഖ് - കുവൈറ്റ് യുദ്ധത്തിനു ശേഷം അവിടെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ! ഞങ്ങളുടെ നാട്ടുകാർ പലരും അവിടെ നിന്ന് പലായനം ചെയ്തതായി പത്രങ്ങളിൽ വായിച്ചിരുന്നു.'

'ഇപ്പോൾ സ്ഥിതി അതിലും കഷ്ടമാണ്. തിരിച്ച് അവിടെ പോകാതെ ദുബായ്ലോ മറ്റോ പോകാനാവുമോ എന്ന ചിന്തയിലാണ് ഞങ്ങൾ. പക്ഷേ, ഈ ഇറാഖി പാസ്പോർട്ട് വലിയ ഒരു പ്രശ്നമാണ്. ഇതിന് സ്വീകാര്യത വളരെ കുറവാണ്. മറ്റു രാജ്യങ്ങളിലെ വിസ കിട്ടാൻ വല്യ പാടാണ്. നിങ്ങളുടേത് ബ്രിട്ടീഷ് പാസ്പോർട്ട് ആണോ?'

'ഏയ്, അല്ല. ഇന്ത്യൻ പാസ്പോർട്ട് തന്നെ.'  മറ്റൊരു സാധനം വാങ്ങിയതിന്റെ ബില്ലടയ്ക്കാനായി വരിനില്ക്കുന്ന എന്റെയാളെ എത്തിനോക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

'നിങ്ങൾ നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നുണ്ടല്ലോ' എന്ന അവരുടെ വാക്കുകൾക്ക് പുഞ്ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു. അപ്പോഴേയ്ക്കും ഷോപ്പിങ്ങ് ബാഗ് റെഡിയായിക്കഴിഞ്ഞു. അത് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി എല്ലാം ശരിയല്ലേ എന്ന് പരിശോധിച്ചു.

'കുട്ടികളുണ്ടോ?' വീണ്ടും ചോദ്യം. 'ഉവ്വ് രണ്ടു മക്കളുണ്ട്. അവർ പഠിക്കുന്നു' എന്ന് ഞാൻ.

'ഭാഗ്യവതി! എനിക്ക് ആ ഭാഗ്യവും ഉണ്ടായിട്ടില്ല. ഒൻപതു പ്രാവശ്യം ഗർഭമലസിപ്പോയി. ഇനി അടുത്തു തന്നെ IVF ശ്രമിക്കണം. എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു.'

അവരുടെ മുഖത്ത് തെളിഞ്ഞു കണ്ട നിസ്സഹായതയും ദയനീയതയും എന്റെ മനസ്സിൽ എവിടയോ തറച്ചു കയറിയ പോലെ... എന്നു പറയണമെന്നറിയാതെ ഇരിക്കുമ്പോൾ അവരുടെ ഭർത്താവ് ബില്ലടച്ചു കഴിഞ്ഞ് അവരെ തേടി എത്തി... യാത്ര പറഞ്ഞ് അവർ പോകുംമ്പോൾ ' നല്ലതു മാത്രം സംഭവിക്കട്ടെ ' എന്നാശംസിച്ചു ഞാൻ.

അവർ പോയിക്കഴിഞ്ഞിട്ടും അവർ പറഞ്ഞ കാര്യങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവർ പറഞ്ഞത് ശരിയാണ്. തിരിച്ചു പോകാനൊരു നാടും തങ്ങളുടെ വരവും കാത്തിരിക്കുന്ന വീട്ടുകാരും കൂട്ടുകാരും ഒക്കെയുള്ളയാളുകൾ ഭാഗ്യം ചെയ്തവർ തന്നെ!  എന്തൊക്കെ കുറവുകളും കുറ്റങ്ങളും പറഞ്ഞാലും പിറന്ന നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റുന്നത് വലിയൊരു ജീവിത സൗഭാഗ്യം തന്നെ! ജന്മനാടിന്റെ മണ്ണും മണവും നെഞ്ചിലേറ്റി നടക്കുന്ന ഓരോ പ്രവാസിയും തിരിച്ചു പോകാൻ ഒരിടമുണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം ലോകത്തിലെ ലക്ഷോപലക്ഷം ആളുകളെക്കാൾ ഭാഗ്യവാന്മാർ തന്നെ!

Tuesday, 14 June 2016

മുസ്രീസിലൂടെ - വായനാനുഭവം

നിരക്ഷരന്‍ എന്ന പേര് ആദ്യമായി കേട്ടപ്പോള്‍ കൌതുകം തോന്നി. ആളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ മനോജ്‌ എന്നാണ് പേരെന്നും സാമൂഹികം, സാഹിത്യം  എന്നിങ്ങനെ ഒരുപാടു മേഖലകളില്‍ സജീവമായി ഇടപെടുന്ന ഒരാളാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായിച്ച് ഓരോ കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാടുകളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. മിക്കവാറും എല്ലാവരും നമുക്കു ചുറ്റും നടക്കുന്ന പല വിഷയങ്ങളും കണ്ടില്ലെന്നു നടിച്ചപ്പോള്‍ അദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ ഒട്ടും ശങ്കിച്ചിരുന്നില്ല.

കുറച്ചു കാലം മുന്‍പ് ഒരു ബ്ലോഗ്‌ മീറ്റില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്പം ശങ്കയോടെയാണ് പരിചയപ്പെടാന്‍ ചെന്നത്. വല്ലപ്പോഴും വല്ലതുമൊക്കെ കുത്തിക്കുറിക്കും എന്നത് കൊണ്ട് ഒരു ബ്ലോഗര്‍ എന്ന വിശേഷണമുണ്ട് എന്നല്ലാതെ എനിക്ക് പറയാന്‍ വേറെ ഒന്നും ഇല്ലായിരുന്നു. അന്ന് ഏറെ ഹൃദ്യമായി ചിരപരിചിതനെ പോലെ എന്നോട് സംസാരിച്ച മനോജേട്ടനെ പിന്നീട് രണ്ടുമൂന്നു തവണ കാണുകയുണ്ടായി. അത്തരമൊരു കൂടിക്കാഴ്ച്ചയിലാണ് പുസ്തകം ഇറക്കുന്നുണ്ടെന്നും വിചാരിച്ചതിനേക്കാള്‍ സമയം എടുത്തു എന്നുമൊക്കെ പറഞ്ഞത്. വീഡിയോ ഒക്കെ ഉള്ളതിനാലാണ് സമയമെടുക്കുന്നത് എന്ന് പറഞ്ഞെങ്കിലും അന്ന് എനിക്ക് അത് മുഴുവനായും മനസ്സിലായിരുന്നില്ല എന്നതാണ് സത്യം.

ഫേസ്ബുക്കില്‍ മുഴുവനും നിറഞ്ഞു നിന്ന വിഭാഗീയതയും നിഷേധാത്മക സമീപനവും കണ്ട് മനസ്സുമടുത്ത് അതില്‍ നിന്നൊക്കെ കുറച്ചു കാലം മാറി നിന്നു. ആയിടയ്ക്കാണ് മനോജേട്ടന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. അതിനാല്‍ അതിനെക്കുറിച്ച് കുറെ വൈകിയാണ് ഞാന്‍ അറിഞ്ഞതും. അറിഞ്ഞപ്പോള്‍ മനോജേട്ടന്റെ കയ്യൊപ്പോടെ പുസ്തകത്തിന്റെ ഒരു കോപ്പി വേണമെന്ന് ആവശ്യപ്പെടുകയും പുസ്തകം വാങ്ങുന്നതിനു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എനിക്കുള്ള പുസ്തകം ഒപ്പിട്ട് അത് എനിക്കെത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും അദ്ദേഹം ചെയ്തു തന്നു.
പുസ്തകം കയ്യില്‍ കിട്ടിയപ്പോഴാണ് അന്ന് മനോജേട്ടന്‍ പറഞ്ഞ 'വീഡിയോ' കഥ എനിക്ക് പിടികിട്ടിയത്‌. ഇന്ത്യയിലെ ആദ്യത്തെ 'ഓഗ്മെന്റഡ് റിയാലിറ്റി' പുസ്തകം എന്ന വിശേഷണത്തിന്റെ പൊരുള്‍ അപ്പോഴാണ്‌ മനസ്സിലായത് എന്നര്‍ത്ഥം.

മുസ്രീസിനെക്കുറിച്ച് എന്റെ വളരെ പരിമിതമായ അറിവ്  അത് ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ ആണ് എന്നത് മാത്രമായിരുന്നു. അതും ജോലിസംബന്ധമായി എഴുതിയ ലേഖനങ്ങളിലെവിടെയോ അതെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വന്നതുകൊണ്ട് മാത്രം കിട്ടിയ അറിവ്. സ്കൂളില്‍ വച്ചു പഠിച്ച ചരിത്രത്തിന്റെ ഏടുകളില്‍ ഇതെല്ലാമുണ്ടായിരുന്നുവോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്തായി ചരിത്രത്തെ കുറേക്കൂടി വ്യത്യസ്തമായി നോക്കിക്കാണാന്‍ തുടങ്ങിയതോടെയാണ് അതിന്റെ മനോഹാരിത മനസ്സിലായി തുടങ്ങിയത്.

'മുസ്രീസിലൂടെ' ഒരു യാത്രയാണ് - നമ്മുടെ പഴയകാലത്തിലേക്കും ചരിത്രത്തിലേക്കും ഒരു യാത്ര. കാലാകാലമായി നമുക്ക് ചുറ്റും നിലനിന്ന്‍ നമ്മോട് നിശബ്ദമായ് സംവദിച്ച ചരിത്രത്തിലേക്ക് ഒരു തീര്‍ഥയാത്ര. അത് ആ പ്രദേശത്തെയും ചരിത്രത്തെയും സാകൂതം വീക്ഷിക്കുകയും നിരീക്ഷിക്കയും ചെയ്യുന്ന ഒരാളുടെ ഒപ്പമാകുമ്പോള്‍ യാത്രയ്ക്ക് സ്വയമറിയാതെ ഒരു മനോഹാരിത കൈവരുന്നു.

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തെക്കുറിച്ചുള്ള കുറിപ്പില്‍ നിന്നു തുടങ്ങി പള്ളിപ്പുറം പള്ളിയുടേയും കോട്ടയുടേയും പരിസരങ്ങളില്‍ യാത്ര അവസാനിക്കുമ്പോള്‍ ചരിത്രത്തിന്‍റെ ഇതുവരെ അറിയാതിരുന്ന പല വിവരങ്ങളും അറിയുന്നു. മുസ്രീസിലൂടെ ഒരു യാത്രാവിവരണമെന്നതിനേക്കാള്‍ ചരിത്രത്തിലേക്ക് തുറന്നു പിടിച്ച വിലമതിക്കാനാവാത്ത ഏടുകളാണെന്ന് നാം തിരിച്ചറിയുന്നു. കാലത്തിന്‍റെ കൈകളാല്‍ മറച്ചു വെക്കപ്പെട്ട, അജ്ഞതയാല്‍ നാം നഷ്ടപ്പെടുത്തിയ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പുസ്തകം!

ഓരോ അദ്ധ്യായത്തിലും വളരെയധികം അറിവുകള്‍ നിറഞ്ഞു നില്‍ക്കുന്നു. കേരള ചരിത്രത്തിലെ അറിയുന്നതും അറിയാത്തതുമായ വിവരങ്ങളും കഥകളും. കേട്ടറിവുള്ള സ്ഥലങ്ങളും ആളുകളും മാത്രമല്ല ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങളും 'മുസ്രീസിലൂടെ'യുള്ള യാത്രയില്‍ നമുക്ക് അനുഭവവേദ്യമാകുന്നു. ഓരോന്നിനെക്കുറിച്ചും എടുത്തു പറയാന്‍ മുതിരുന്നില്ല. അത് സ്വയം വായിച്ചറിയുക തന്നെ വേണം.

പുസ്തക വായനയില്‍ ആകമാനം അനുഭവവേദ്യമായത് ലേഖകന്‍റെ നിഷ്പക്ഷതയാണ്. ഹൃദയത്തോട് തൊട്ടടുത്ത് നില്‍ക്കുന്ന ഒരു വിഷയത്തെപ്പറ്റി ഇത്തരത്തില്‍ ഒരു ചിത്രം വരച്ചു കാട്ടാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. നിരക്ഷരന്‍ എന്ന എഴുത്തുകാരന്‍ അതില്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ! ചരിത്രാഖ്യായികയില്‍ സ്വന്തം തോന്നലുകളും വികാരങ്ങളും കൂട്ടിച്ചേര്‍ത്ത് വര്‍ണ്ണാഭമായ ഒരു ചിത്രം വരയ്ക്കാന്‍ മുതിരാതെ ഉള്ളത് ഉള്ള പോലെ വരച്ചു കാട്ടിയത് പ്രശംസനീയം തന്നെ. താമരയിലയിലെ വെള്ളത്തുള്ളിയെയാണ് ഓര്‍മ്മ വന്നത് - ഇലയിലാണെങ്കിലും ഇലയില്‍ അല്ലാത്ത വെള്ളത്തുള്ളി.

ഓഗ്മെന്റഡ് റിയാലിറ്റിയെ പറ്റി രണ്ടു വാക്ക് പറയാതിരുന്നാല്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയില്ല. ഈ പുസ്തകത്തിന് അത്തരമൊരു സാങ്കേതിക വിദ്യയുടെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. അതില്ലാതെ തന്നെ പുസ്തകം പൂര്‍ണ്ണമാണ് എന്നാണ് എനിക്ക് തോന്നിയത്. എന്നിരുന്നാലും ഇത്തരമൊരു ചരിത്രാഖ്യായികയില്‍ ഈ സാങ്കേതിക വിദ്യ കൊണ്ടുവന്നതു മൂലം ഇതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും മറ്റും ഒട്ടും വിഷമമില്ലാതെ തന്നെ കാണാന്‍ സാധിച്ചു. പലപ്പോഴും ആ ചിത്രങ്ങളും വീഡിയോകളും വായനയുടെ തുടര്‍ച്ചയെ നഷ്ടപ്പെടുത്തി എന്നത്  സത്യമാണെങ്കില്‍ കൂടി... ഗൂഗിളില്‍ പോയി തപ്പാതെ തന്നെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിച്ചു എന്നത് തീര്‍ച്ചയായും നല്ല കാര്യം തന്നെ. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അദ്ധ്വാനത്തിനും കഴിവിനും ഒരു വലിയ സല്യൂട്ട്!

ചിലപ്പോഴെങ്കിലും ചിത്രങ്ങളും മറ്റും ഡൌണ്‍ലോഡ് ആവാന്‍ ഒരുപാട് സമയമെടുത്തു. ഒന്നുരണ്ടു തവണയെങ്കിലും അവ ഡൌണ്‍ലോഡ് ആവാത്തതിനാല്‍ ഞാന്‍ ആ പരിശ്രമം ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് ഓര്‍മ്മ. വീഡിയോകള്‍ വെറുതേ കാണിച്ചു പോകുന്നതിനു പകരം വിവരണം കൂടിയുണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്നും തോന്നി. എങ്കില്‍ അവയെല്ലാം കോര്‍ത്തിണക്കി ഒരു നല്ല ഡോകുമെന്ററി കൂടി ആക്കാമായിരുന്നു. അത് മുസ്രീസ് ഹെറിറ്റേജ് പ്രൊജെക്റ്റ് പോലെയുള്ളവയ്ക്ക് ഒരു മുതല്‍ക്കൂട്ടായി മാറിയേക്കാം. (ഇപ്പോഴത്തെ രീതിയില്‍ ഇത് വികസിപ്പിച്ചെടുത്തത്തിനു പിന്നിലുള്ള അദ്ധ്വാനത്തെ ഒട്ടും കുറച്ചു കാണുകയല്ല എന്ന് പ്രത്യേകം പറയട്ടെ!) ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം എന്ന നിലയില്‍ അഭിനന്ദനീയമായ പുസ്തകം തന്നെയാണ് മുസ്രീസിലൂടെ.

മറ്റൊരു അഭിപ്രായമുള്ളത് പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഹെറിറ്റേജ് മാപ്പിനെക്കുറിച്ചാണ്. അത് പുസ്തകത്തിന്‍റെ നടുപ്പേജില്‍ അല്പം കൂടി വലുതായി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി.

പുസ്തകത്തിന്‍റെ കെട്ടും മട്ടും നന്ന്. ലേ ഔട്ടും ഫോട്ടോകളും മികച്ചവ തന്നെ. അക്ഷരങ്ങളുടെ അനായാസമായ വായനയ്ക്കുതകുന്ന വലുപ്പത്തിലാണ്.ഈ പുസ്തകത്തിനു ഞാന്‍ കണ്ട വേറൊരു പ്രത്യേകത ഇത് ആദ്യം മുതല്‍ അവസാനം വരെ എന്ന ക്രമത്തില്‍ വായിക്കണം എന്നില്ല. ഓരോ അദ്ധ്യായത്തിനും അതിന്റെതായ നിലനില്‍പ്പുണ്ട്. ഏത് അദ്ധ്യായം വായിച്ചാലും വായനാസുഖം ഒട്ടും കുറയുന്നില്ല. ലേഖകന്‍റെ ഭാഷ ഒരേസമയം ലളിതവും ശക്തവുമാണ്. മലയാളമറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ വായിച്ചു പോകാവുന്ന ശൈലി. ഈ ലാളിത്യം ചരിത്രത്തെ നമ്മിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു എന്നതാണ് സത്യം. മുന്‍പ് വായിച്ചിട്ടുള്ള ചില ചരിത്ര പുസ്തകങ്ങളെപ്പോലെ 'മുസ്രീസിലൂടെ' നമ്മെ മടുപ്പിക്കാത്തതും അത് കൊണ്ടു തന്നെ.

മുസ്രീസിലൂടെ ഒരാവര്‍ത്തി വായിച്ച് മാറ്റിവെക്കേണ്ട ഒരു പുസ്തകമല്ല. ഒരു റഫറന്‍സ് ഗ്രന്ഥമായി കൂടെ കൊണ്ടു നടക്കേണ്ട ഒന്നാണ്. ചരിത്രത്തെയും ചരിത്രസ്മാരകങ്ങളെയും അത്രയ്ക്കൊന്നും വിലകല്പിക്കാത്ത നമ്മുടെ കണ്ണ് തുറപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണിത്. ഇതു വായിച്ചവരാരും വെറുമൊരു കാഴ്ചക്കാരനായി മുസ്രീസിനെ കാണില്ല എന്നത് ഉറപ്പാണ്. ചരിത്രത്തിന്റെ ഏടുകളില്‍ മറഞ്ഞു നില്‍ക്കുന്ന മണ്‍പാത്രങ്ങളും കല്ലുകളും അവര്‍ക്ക് കാണാന്‍ കഴിയും. ചരിത്രം ഒരു ബോറന്‍ വിഷയമല്ലെന്നും അതില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്നും അവര്‍ തിരിച്ചറിയും. അന്നേരം അവര്‍ നന്ദിയോടെ സ്മരിക്കും - മുസ്രീസിലൂടെ ഒരു യാത്രയ്ക്ക് കൂട്ടിക്കൊണ്ടു നിരക്ഷരനെ... ഒരു എഴുത്തുകാരന് ഇതില്‍ പരം വിജയമുണ്ടോ?


മെന്റര്‍ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 550 രൂപയാണ് വില. പതിവില്‍ നിന്നും വ്യത്യസ്തമായി പ്രധാനപ്പെട്ട പുസ്തക കടകളിലൊന്നും ഇത് ലഭിച്ചെന്നു വരില്ല. പുസ്തകം വേണ്ടവര്‍ക്ക് മെന്റര്‍ ബുക്സില്‍ നിന്നും വി പി പി ആയി പുസ്തകം വാങ്ങാവുന്നതാണ്.

അഡ്രസ്സും ഫോൺ നമ്പറും അയച്ചു കൊടുക്കുക. അല്ലെങ്കിൽ മെന്ററിന്റെ ബാങ്കിൽ പണമടച്ചും വരുത്താം.
Mentor Publishing House,
Federal Bank,
Trissur Main Branch,
A/C # 10140200014878,
IFSC – FDRL0001014
Saturday, 11 June 2016

വിട പറയാത്ത ഓര്‍മ്മകള്‍

ചിലയാളുകള്‍ വിട പറഞ്ഞു പോയാലും അവരുടെ ഓര്‍മ്മകള്‍ നമ്മോടു കൂടെയുണ്ടായിരിക്കും. അവര്‍ അകാലത്തില്‍ പോയി എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ ആശ്ചര്യമോ വേദനയോ തോന്നിയില്ല എന്നതാണ് സത്യം. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ ആശയ്ക്ക് വക നല്‍കിയിരുന്നില്ല എന്നതു കൊണ്ടാവാം അങ്ങനെ ഒരു പ്രതികരണം. എന്നിരുന്നാലും കുറച്ചു കാലം മുന്‍പ് അവരുടെ ഏറ്റവും പ്രിയപ്പെട്ടയാളുകളോട് 'ഏയ്‌ കുഴപ്പമൊന്നും ഉണ്ടാവില്ല; എല്ലാം ശരിയാവും' എന്ന പൊള്ള വാക്കുകള്‍ പറയാന്‍ ഞാന്‍ മടിച്ചില്ല.

ഏറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ ഒരു നിസ്സംഗതയാണ് ആദ്യം തോന്നിയത് - എല്ലാം വരുത്തി വെച്ചതല്ലേ? ഒരളവു വരെ സ്വയം വരുത്തിവെച്ച മരണം! അതില്‍ പരിതപിക്കുന്നത് എന്തിനാണ്? ആര്‍ക്ക് വേണ്ടിയാണ്? അറിയില്ല. അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കും ഒരു തരം വേദനിപ്പിക്കുന്ന ശ്വാസംമുട്ടലില്‍ നിന്നുള്ള രക്ഷയായിരിക്കാം ഈ മരണം - അറിയില്ല. അല്ലെങ്കിലും അതെക്കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ ഞാനാര്???

നിര്‍വികാരതയോടെയാണ് ആ മരണ വാര്‍ത്ത ശ്രവിച്ചതെങ്കിലും ഇപ്പോള്‍, ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോള്‍,  എന്റെ മനസ്സിലേക്ക് ഓര്‍മകളുടെ വേലിയേറ്റമാണ്. മരണ ശേഷമാണോ മനുഷ്യര്‍ മറ്റുള്ളവരെ കൂടുതല്‍ ഓര്‍മ്മിക്കുക? ആണെന്ന് തോന്നുന്നു. അവരെക്കുറിച്ചുള്ള സമിശ്രമായ ആ ഓര്‍മ്മകള്‍ക്കാകട്ടെ, ഒരു അടുക്കും ചിട്ടയും ഇല്ല. അതിങ്ങനെ തോന്നും പോലെ വന്നും പോയും ഇരുന്നു...

അവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യത്തെ ഓര്‍മയെന്താണ്? സ്നേഹപൂര്‍വ്വം അനിയത്തിക്കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഒരു മൂത്ത ചേച്ചി... അതേ, ഒരു തരം നിസ്സംഗതയുടെയും ദേഷ്യത്തിന്റെയും കവചം അവര്‍ അണിയുന്നതിനു മുന്‍പ് അവര്‍ക്ക് അങ്ങനെ ഒരു മുഖമുണ്ടായിരുന്നു. എന്‍റെ ആദ്യകാല ഓര്‍മകളിലേക്ക് എത്തി നോക്കിയപ്പോള്‍ അവര്‍ വളരെ തരളിതമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു എന്നറിയുന്നു... അവര്‍ പറഞ്ഞു തന്നിരുന്ന ഉണ്ണിയുടെയും ഗുരുവായൂരപ്പന്റെയും ഉണ്ടന്റേയും ഉണ്ടിയുടേയുമൊക്കെ കഥകള്‍ ആവോളം ആസ്വദിച്ചു രസിച്ച ഒരു ബാല്യമല്ലേ എന്റേത്?

അന്നും അവര്‍ അവരുടേതായ ഒരു ലോകം തന്‍റെയുള്ളില്‍ സൂക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. അമ്മയുടെ ലാളനകള്‍ അവരെ യാഥാര്‍ഥ്യത്തില്‍ നിന്നും അകറ്റിയിരുന്നുവോ എന്ന് പലപ്പോഴും സംശയിച്ചിട്ടുമുണ്ട്. നിഗൂഢമായ മനസ്സും പേറി നടന്ന അവരെ ശരിക്കും മനസ്സിലാക്കാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ തോന്നുന്നു.

എന്റെ വിവാഹത്തിനു ശേഷം വല്ലപ്പോഴുമൊക്കെയേ അവരെ കണ്ടിരുന്നുള്ളൂ. കുറെ കാലം കഴിഞ്ഞ് അവരെ കണ്ടപ്പോള്‍ തോന്നിയത് കാലം അവരെ വേറെ ഒരാളാക്കി തീര്‍ത്തു എന്നതാണ് - ഇനിയിപ്പോള്‍ അതിന്റെ കാരണങ്ങള്‍ ചികഞ്ഞിട്ട്‌ എന്ത് കാര്യം? അവരുടെ ലോകം എന്നും ഒരു സങ്കല്പലോകമായിരുന്നു എന്ന് തോന്നുന്നു. അവിടുത്തെ ശരിയും തെറ്റും നിര്‍വചിക്കാന്‍ ഞാന്‍ ആളല്ല. പലതും മറിച്ചായിരുന്നെങ്കില്‍ ഇന്ന്‍ ഇതെഴുതേണ്ടി വരില്ലായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം?

കഥ പറഞ്ഞു തന്നിരുന്ന, കണ്ടാല്‍ അധികമൊന്നും  മിണ്ടിയില്ലെങ്കിലും തീര്‍ച്ചയായും ഒരു ചിരി സമ്മാനിക്കുമായിരുന്ന, ഇടക്കെങ്കിലും സുഖവിവരങ്ങള്‍ തിരക്കുമായിരുന്ന ഒരാളില്‍ നിന്നും അവര്‍ ഇങ്ങനെ മാറിപ്പോകണമായിരുന്നുവോ? ഒടുവില്‍ എപ്പോഴോ കണ്ടപ്പോള്‍ വര്‍ത്തമാനകാലവുമായി ഒരു ബന്ധവുമില്ലാത്ത ചില ചോദ്യങ്ങള്‍ അവര്‍ ചോദിച്ചത് ഉള്ളില്‍ ഒരു നീറ്റല്‍ പോലെ ഇന്നും എരിഞ്ഞു കിടക്കുന്നു - ഇന്നും അതേക്കുറിച്ചാലോചിക്കുമ്പോള്‍ അറിയുന്നു, ആ ചോദ്യങ്ങള്‍ സൃഷ്ടിച്ച ഞെട്ടലിന്റെ അലകള്‍ ഇതുവരെ അടങ്ങിയിട്ടില്ല എന്ന്!

തിരിഞ്ഞു നോക്കുമ്പോള്‍ അറിയുന്നുണ്ട് - ആര്‍ക്കും പ്രത്യേകിച്ചൊന്നും  ചെയ്യാന്‍ കഴിയില്ലായിരുന്നു - അല്ലെങ്കില്‍ ചെയ്യേണ്ട സമയത്ത് അത് ചെയ്യാനുള്ള ധൈര്യമോ അറിവോ ഉണ്ടായിരുന്നില്ലായിരിക്കാം... ഏത് ബന്ധങ്ങളിലും പാലിക്കപ്പെടേണ്ട ചില അതിര്‍ വരമ്പുകള്‍ അവര്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ അദൃശ്യമായ, എന്നാല്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചിരുന്നിരിക്കണം. ഒരു പക്ഷേ, അവര്‍ക്കും ആരോടും തന്റെ മനസ്സുതുറക്കാന്‍ കഴിയാതെ പോയിരിക്കണം.

എന്തായാലും ആ ഇതളും ജീവിത്തില്‍ നിന്ന് കൊഴിഞ്ഞു പോയിരിക്കുന്നു - മെലിഞ്ഞ ശരീരവും പ്രത്യേകതയുള്ള ശബ്ദവും അവര്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ഒരു തരം ചിരിയും കുറെ കഥകള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ബാല്യവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തന്ന് അവര്‍ യാത്രയായി - എന്നും അവരോടൊപ്പമുണ്ടായിരുന്ന ഒരു തരം വാശിയുടെ പിന്‍ബലത്തില്‍... ബാക്കി വെക്കാന്‍ ഏറെയൊന്നും ഉണ്ടായിരുന്നില്ല. അകലെയുള്ള ഒരു ലോകത്ത് തന്റെ അമ്മയുടെ അരികിലിരുന്ന് അവര്‍ ചിരിക്കുന്നുണ്ടാവാം - തന്‍റെ വാശി തന്നെ ജയിച്ചു എന്നര്‍ത്ഥത്തില്‍ ഒരു ഗൂഢമന്ദഹാസം ആ മുഖത്ത് എനിക്ക് കാണാം... അവിടെയെങ്കിലും അവര്‍ക്ക് സ്വസ്ഥത ലഭിക്കട്ടെ എന്നാശിക്കുന്നു!