അമ്മയും മകളും


അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു
മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു ....
ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ-
വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ;

നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍
സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന
കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍
ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ???

ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ,
മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ!
കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു,
നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല ...

പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ
ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍
ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ,
ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം...

"ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി
തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍!;
ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല,
ഇവിടെയെന്നെ അടിമുടി നഗ്നയാക്കും തുറിച്ചു നോട്ടങ്ങളില്ല

ഇവിടെയെനിക്കുറക്കെ ചിരിക്കാം, കരയാം; രാവും പകലും
ഇവിടെയൊരുപോലെ;  ആണും പെണ്ണുമില്ല, എല്ലാം തുല്യാത്മാക്കള്‍..;
പെണ്ണായ് പിറന്നോള്‍ക്കും ആണായ് പിറന്നോനും നരകമായ്
മരുവിടും ഭൂമിയേക്കാള്‍  സുഖമെനിക്കുണ്ടമ്മേ ഇവിടെയിപ്പോള്‍...

നിന്‍ സ്നേഹം ചുരത്തും അമൃതൊരു തുള്ളിയെനിക്കു
രുചിക്കാന്‍  കഴിയാഞ്ഞതൊന്നു മാത്രമെന്‍ നഷ്ട സ്വര്‍ഗ്ഗം!
എങ്കിലുമെന്നന്തരംഗത്തില്‍ നിറഞ്ഞു തുളുമ്പുന്നു, പത്തു
മാസം നീയെനിക്കു തന്ന സ്നേഹത്തിന്‍ പാലലകള്‍

ഇനിയൊരു പത്തുജന്മം കഴിച്ചുതീര്‍ക്കാനെനിക്കാ ഉറച്ച
സ്നേഹത്തിന്‍ കുഞ്ഞലകള്‍ മാത്രമേ വേണ്ടു; അതിലൊരു
ജന്മം വീണ്ടും നിന്‍ ഗര്‍ഭത്തിലെത്താന്‍ എന്തു സുകൃതം
ഞാന്‍ ചെയ്തിടേണ്ടൂ എന്നും ഞാന്‍ വ്യാമോഹിപ്പൂ!!!"

ജനിക്കാതെ പോയ കുഞ്ഞിന്‍ വാക്കുകള്‍ മനസ്സിനുള്ളില്‍
കേട്ട നേരം, ദു:ഖമൊരു നിശ്വാസമായെന്നെ വിട്ടിറങ്ങി ...
ഒരു കൊച്ചു മാലാഖയായെന്‍ ജീവിതത്തില്‍ അവളിരിക്കേ,
ഭൂമിയൊരു സ്വര്‍ഗ്ഗമാക്കുവതെങ്ങിനെയെന്നു ഞാനന്തിച്ചിരുന്നു!!!!

Comments

കവിതയെ കുറിച്ച് പറയാൻ ഞാൻ ആളല്ല .. എന്നാലും അമ്മയെ കുറിച്ച് കേൾക്കുമ്പോൾ ഒന്നും പറയാതിരിക്കാനും പറ്റുന്നില്ല .. അമ്മ തന്നെ ഈ ലോകം .. അമ്മ എന്ന വാക്ക് പോലും നമുക്ക് എവിടെയും ഒഴിച്ച് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല . അമ്മ എന്ന വാക്ക് ഉച്ചരിക്കുമ്പോൾ തന്നെ നമ്മിൽ പ്രാണവായു നിറയുന്നു ..
നന്നായി എഴുതി, നല്ല വരികൾ,
അമ്മ അതല്ലാതെ എന്ത് സത്യം ഈ വിണ്ണിൽ

വരികളിൽ കവിത്വത്തിന്റെ റേഞ്ച് കുറച്ച് കൂട്ടി എഴുതൂ, ഇതിലേറെ നല വരികൾ ഉണ്ടാകും..............

ആശംകൾ
നേരാണ് , ജനിക്കാതെ പൊയ കുഞ്ഞിനേയോര്‍ത്ത്
നെടുവീര്‍പ്പെടുന്ന , നോവുന്ന അമ്മ മനം ...
പക്ഷേ ജനിച്ച് പൊയ അനേകായിരങ്ങള്‍
മണ്ണില്‍ ജീര്‍ണിക്കുമ്പൊള്‍ , കരാളഹസ്തങ്ങളില്‍
പെട്ടുഴലുമ്പൊള്‍ , സമാധാനിക്കാം നിത്യതയില്‍
ആ കുഞ്ഞ് , സ്വര്‍ഗ്ഗപദത്തില്‍ സുഖാമായിരിക്കുന്നു എന്ന് ...
വേറിട്ട് ചിന്തിക്കേണ്ടിയിരിക്കുന്ന കാലമാണ് മുന്നില്‍ ..
അതിലൂടെ മനസ്സിന്റെ താപം ഉരുകിപൊകട്ടെ .....!
അമ്മയെന്ന സ്നേഹം
അമ്മയെന്ന സന്തോഷം
അമ്മയെന്ന ആഹ്ലാദം
അമ്മയെന്ന ജീവൻ .
Echmukutty said…
നല്ല വരികള്‍
ഞാനും അമ്മയെ കുറിച്ച് കുറച്ചു നേരം ഓര്‍ത്തു...ഉടനെ ഫോണ്‍ ചെയ്യുന്നുണ്ട്...:)
ajith said…
എല്ലാരും തുല്യാത്മാക്കള്‍
വരികള്‍ നന്നായിരിക്കുന്നു.
സ്നേഹം നിഷാ....നന്ദി.
RAGHU MENON said…
കവിതയിൽ പരിജ്ഞാനം പോര-
പക്ഷെ ഭാഷ ലളിതമായതിനാൽ ആസ്വദിച്ചു
lishana said…
Niswarthatha... athanamma.

Nalla varikal
മനോഹരമായി ആവിഷ്കാരം
Anonymous said…
നല്ല, മനസ്സിനുള്ളിൽ തട്ടുന്ന വരികൾ
ethu vaakkukal kondaanu ammaye upamikkuka ....othiri ishtamayi eee ammaye ezhuthuka iniyum aashmsakal nernnu kondu oru kunju mayilpeely
ആദ്യമായാണ്‌ ഇവിടെ..
ഈ കവിത വായിക്കുമ്പോൾ കഴിഞ്ഞ വര്ഷം ജൂലായിൽ ബ്ലോഗിലിട്ട കവിത കൊണ്ട് മറുപടി പറയാമെന്നു തോന്നുന്നു. പക്ഷെ, ഒരു സങ്കടമുള്ളത്: സൂക്ഷിച്ചു നോക്കിയാൽ അതിലങ്ങിങ്ങായ് ഒരു 'സ്ത്രീ വിരുദ്ധത' ഉണ്ട്. കവിതക്ക് വേണ്ടിയെങ്കിലും അത് നീതീകരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ഒരു ക്ഷമാപണത്തോടെ അതിവിടെ പകര്ത്തുന്നു.

ഉദരശിശു
*******
''ഞാൻ മരിച്ചതല്ല.
കൊന്നതാണ്.
സ്വാർത്ഥചിന്തയിൽ,
ഉള്ളു ഹോമിച്ചിട്ട,
നിസ്തുലയായൊരു മാതാവ്
നിഷ്കരുണം നിഷ്കാസനം ചെയ്തതാണ്.

സ്വാതന്ത്ര്യത്തിൻ
മൂർച്ച കൊതിച്ചൊരു മാതൃത്വം
തീപ്പെട്ട കുലക്കോലപ്പെരുമയ്ക്കായ്'
ത്യജിച്ചതെന്നെ,
ഈ മൃദുഹരിത സരണിയെ.

മനഃസാക്ഷിത്തടവറയിൽ
ഏഴുമാസം
വിചാരണത്തടവുകാരനായിരുന്നു;
ഒടുക്കം കയറേറ്റം.

പവിത്രകോശമായ് പിറന്ന നാളിൽ
പിഴവൊഴിപ്പിച്ച് പകുത്തു വീർപ്പിച്ചതും,
പാരതന്ത്ര്യപരകോടിയിൽ
വായ്ക്കരിയിട്ടതും ആതുരാലയം.

ഹേ കാവ്യ സഞ്ചാരീ,
ഒരുദര ശിശുവിന്റെ
മരണവേദാന്തം,
നിന്നന്തരേ ശോകമാകുന്നുവോ?

ഇരുളറക്കാമനയിൽ
ഊർന്നുവീണന്യമായ്,
ജഡത്വം വരിയ്ക്കുന്ന
പരകോടി ബീജത്താൽ
പാഴാകും ജീവനിൽ
ഖിന്നനാകില്ലെ നീ?''

പ്രകൃതിഹരിതാഭയിലെ,
ആഴിപ്പരപ്പുകളിലെ,
തീവ്രമോഹത്തിന്റെ
ഗൂഢപ്രജനനമേ...
സഹശയനയാമാന്ത്യേ,
ഗർഭമൊരു ശിക്ഷയോ?

സ്വത്വമാരായുന്ന,
സ്വാതന്ത്ര്യം കേഴുന്ന,
പ്രവൃത്തിജ്വാലകളിൽ
തർക്കൊല ചെയ്യുന്ന,
ലളിതയെ,
നിന്റെ നല്ല പാതിയെ,
നീ വിലക്കുന്നുവോ?

''അചരങ്ങൾ മരിയ്ക്കുമോ?
നിർജ്ജീവമാം നിന്റെ
സ്ഥാനഭ്രംശങ്ങളിൽ
ഞാനെന്തു പിഴ ചെയ്തു''

സദാചാര മേലങ്കിയുടെ,
അരമുറുക്കലോ ഗർഭം?
ശാസ്ത്രത്തിൻ യാഥാർത്ഥ്യമോ?
*മതിവായ്പ്പിൻ ചിത്രമോ?

''മാതൃബോധകല്പനകൾ
എന്നെ കൊന്നു തള്ളി.
ഞാനെന്റെ വൈഖരിയുടെ
ശോകതാളങ്ങളിൽ,
പൊള്ളിക്കുളിയ്ക്കുന്നു.

ഒന്ന്
.ഞാനുണ്ടായിരിയ്ക്കുന്നു.
രണ്ട്
.ഞാൻ കൊല്ലപ്പെട്ടിരിയ്ക്കുന്നു.
മൂന്ന്
.ഞാൻ അമ്മയെപ്പഴിച്ചിരിയ്ക്കുന്നു.

ഇങ്ങേകസാക്ഷി.
ഒരിയ്ക്കലും ജനിയ്ക്കാത്ത,
ഞാനെന്ന ഉദരശിശു.
സങ്കീർണ്ണപ്രഹേളിക.''
http://thoudhaaram.blogspot.com/2012/07/blog-post.html
ജനനശേഷം അനുഭവിക്കേണ്ടി വരുന്ന സാമൂഹ്യ വിപത്തുകള്‍ മാത്രമാണല്ലോ ഇവിടെ എഴുത്തുകാരി കാണുന്നത്.
ജീവിതത്തിനു സാന്ദ്ര സുന്ദരമായ ചില നല്ല വശങ്ങള്‍ കൂടിയില്ലേ എന്നൊരു വേള വെറുതെ ചിന്തിച്ചു..

ഗര്‍ഭസ്ഥ ശിശു ഉദരത്തില്‍ വെച്ച് തന്നെ മരിച്ചത് ഭാഗ്യം എന്ന് ചിന്തിക്കുന്ന അവസ്ഥാ വിശേഷത്തിലേക്ക് വര്‍ത്തമാനലോകം എത്തപ്പെട്ടിരിക്കുന്നു അല്ലെ ..

വരികള്‍ കൊള്ളാം ... ആശംസകള്‍

Anonymous said…
മനോഹരമായ ആവിഷ്കാരം
മുകളില്‍ വേണൂജി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഓരോരുത്തര്‍ക്കും ഭൂമി അനുഭവതലം കൊണ്ട് വ്യത്യസ്തമാണ്. ഭൂമിയില്‍ ജീവിക്കാന്‍ കഴിയുന്നതും,അമ്മയുടെ മകനായി,മകളായി ജീവിക്കാന്‍ കഴിയുന്നതും ഒന്ന് പോലെ തന്നെ.
നന്നായിരിക്കുന്നു, മനസ്സില്‍ തട്ടുന്നുണ്ട് പലവരികളും.
നല്ല കവിത. നല്ല വരികള്‍. ഇഷ്ടപ്പെട്ടു. കൂടുതലൊന്നും പറയാനറിഞ്ഞുകൂടാ..
Unknown said…
മാതാവ് അനുഭവസത്യമാണ്.മരിച്ചുപോയ കുഞ്ഞും അമ്മയും തമ്മിലുള്ള സംഭാഷണത്തിലൂടെ ഇതൾ വിരിയുന്ന ഈ കവിത ഒരുപാട് സമകാലീനപ്രശ്നങ്ങളെയും ഓർമിപ്പിക്കുന്നുണ്ട്. ആശംസകൾ -bhaskaran unnithan saseendrakumar
Nisha said…
കവിതയായാലും കഥയായാലും വായിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകണം എന്ന ചിന്തയിലാണ് എഴുതാറ്. അത് കൊണ്ടുതന്നെ വളച്ചുകെട്ടി പറയാതിരിക്കാന്‍ നോക്കാറുണ്ട്. അതിനാല്‍ പ്രവീണ്‍നും അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടാവില്ല :-)
Nisha said…
അമ്മ തന്നെ എല്ലാം...
Nisha said…
നന്ദി ഷാജു ...

വായനയും ഭാഷാപരിജ്ഞാനവും പരിമിതമാണ് - അതിന്‍റെ ഒരു കുറവ് എഴുത്തിലും കാണാം - എന്നാലും ഓരോ തവണയും കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്; വിജയിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
Nisha said…
ചില ദുഖങ്ങളെ മറികടക്കാന്‍ അങ്ങനെ ചില ചിന്തകള്‍ കൊണ്ട് മനസ്സിനെ ബലപ്പെടുത്താന്‍ ശ്രമിക്കാം എന്ന തോന്നല്‍ ഇല്ലാതില്ല.
Nisha said…
സര്‍വ്വം സഹ!
Nisha said…
ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.
Nisha said…
നന്ദി എച്മു! സന്തോഷം ഇവിടെ കണ്ടതില്‍!
Nisha said…
അമ്മയ്ക്ക് സന്തോഷമായിട്ടുണ്ടാവും എന്ന്‍ വിശ്വസിക്കുന്നു...
Nisha said…
അതേ, ആ തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
Nisha said…
നന്ദി റാംജി!
Nisha said…
സന്തോഷം, വര്‍ഷിണി!
Nisha said…
എനിക്കും കവിതയില്‍ പരിജ്ഞാനം ഇല്ല - ഓരോന്ന് കഴിയുന്നത്ര ലളിതമായി എഴുതാന്‍ ശ്രമിക്കുന്നു എന്ന് മാത്രം!
Nisha said…
നന്ദി, ഈ നല്ല വാക്കുകള്‍ക്ക്...
Nisha said…
വളരെ നന്ദി അബൂതി!
Nisha said…
എന്‍റെ വരികള്‍ മനസ്സിനെ സ്പര്‍ശിച്ചു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം.
Nisha said…
നന്ദി, മയില്‍പീലി! നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും
Nisha said…
ഹൃദയതാളങ്ങളിലേക്ക് സ്വാഗതം നാമൂസ്! സന്തോഷം ഇവിടെ കണ്ടതില്‍...

അങ്ങനെയുള്ള അമ്മമാരും ഉണ്ടെന്ന സത്യം നിഷേധിക്കുന്നില്ല. ക്ഷമാപണത്തിന്റെ ആവശ്യമില്ല; എല്ലാവര്ക്കും അവരവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടാവുമല്ലോ. ഇങ്ങനെ ഒരു വശവും ഉണ്ടെന്നത് ഓര്‍മ്മിപ്പിച്ചതിന് നന്ദി!
Nisha said…
ഒരനുഭവത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണ് ഈ വരികള്‍ - ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞിന് ജീവനില്ലെന്നറിഞ്ഞു തകര്‍ന്നു പോകുന്ന ഒരമ്മ സ്വന്തം വേദന മറക്കാന്‍ കണ്ടെത്തുന്ന ന്യായീകരണങ്ങള്‍ ആണെന്ന് വേണമെങ്കില്‍ പറയാം. കുഞ്ഞ് മരിച്ചത് നന്നായി എന്ന ചിന്ത ഒരിക്കലും ആ മനസ്സില്‍ ഇല്ല. തന്‍റെ ദുഃഖം മറക്കാന്‍ ഒരു താങ്ങ് എന്ന രീതിയിലാണ് ആ വരികള്‍ എഴുതിയത്.

മറിച്ച് ചിന്തിക്കുന്നവരും ഉണ്ടാകും, തര്‍ക്കിക്കുന്നില്ല.

ജീവിതത്തില്‍ സാന്ദ്രസുന്ദരമായ മുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ട് എന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍.;

എന്തായാലും വേണുവേട്ടന്‍ ഈ അഭിപ്രായം പറയുന്നത് വരെ ഇങ്ങനെയൊരു വീക്ഷണവും ഇതിനുണ്ടാവും എന്ന്‍ ഞാന്‍ ഓര്‍ത്തില്ല കേട്ടോ, അതിലേക്ക് ശ്രദ്ധ തിരിച്ചതിന് നന്ദി!
Nisha said…
നന്ദി!
Nisha said…
തുമ്പി പറഞ്ഞത് ശരിയാണ് - ഭൂമിയിലെ അനുഭവം എല്ലാവര്‍ക്കും വ്യത്യസ്തമാണ്; ഒരമ്മ തന്‍റെ നഷ്ടത്തെ മറക്കാന്‍ കണ്ടെത്തുന്ന ഒരു ന്യായീകരണം എന്ന നിലയിലാണ് ഞാന്‍ കവിത അവതരിപ്പിച്ചത്. അങ്ങനെ വന്നത് നന്നായി എന്ന് ഒരിക്കലും ആ അമ്മ ചിന്തിക്കുന്നേയില്ല...
Nisha said…
നന്ദി, ഈ നല്ല വാക്കുകള്‍ക്ക്
Nisha said…
വളരെ നന്ദി ശ്രീക്കുട്ടാ!ഇവിടെ വന്ന്‍ നല്ല വാക്കുകള്‍ പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിന്....
Nisha said…
നന്ദി - ഈ നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും.

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....