അവനെ തേടി...

എനിക്ക് പങ്കെടുക്കാനുള്ള ചടങ്ങ് അവന്റെ നാട്ടിലാണ് എന്നറിഞ്ഞതു മുതല്‍ ഒരു വെപ്രാളമായിരുന്നു മനസ്സില്‍ . 'പോകണോ വേണ്ടയോ' എന്ന ചോദ്യം ഒരു നൂറു തവണയെങ്കിലും തിരിച്ചും മറിച്ചും എന്നോട് തന്നെ ചോദിച്ചു. ഒടുവില്‍ ഉത്തരം കിട്ടാഞ്ഞപ്പോള്‍ കാന്തന്റെ അഭിപ്രായം തേടി - 'പോവുക തന്നെ വേണം' എന്ന അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ മനസ്സ് തുടിച്ചത് സന്തോഷം കൊണ്ടായിരുന്നുവോ? ആവാം...

പോകാം എന്ന്‍ തീരുമാനിച്ചത് പോകേണ്ടുന്നതിന്റെ തലേ ദിവസം മാത്രമാണ്. അതിനാല്‍ കുറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. അതെല്ലാം വേഗം ചെയ്തു തീര്‍ക്കുമ്പോഴും മനസ്സില്‍ ഒരുപാട് വികാരങ്ങള്‍ മിന്നി മറയുകയായിരുന്നു... അവനെ കാണാന്‍ പോകണോ? കാണാന്‍ പറ്റുമോ? അതോ ചടങ്ങില്‍ പങ്കെടുത്ത് ഒന്നും മിണ്ടാതെ തിരിച്ചു പോന്നാല്‍ മതിയോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പടാപടാന്ന് മിടിക്കുന്ന നെഞ്ചിനെ ശാന്തമാക്കാന്‍ കഴിഞ്ഞതേയില്ല...

രാത്രി ഉറക്കം വരാതെ കിടക്കുമ്പോഴും ഓര്‍മ്മകള്‍ അവനില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവനെ ആദ്യമായി കണ്ടത് എന്നാണെന്ന് ഓര്‍മയില്ല. എന്നാലും ഒരു കാര്യം തീര്‍ച്ച - ഓര്മ വെച്ച കാലം മുതല്‍ക്ക് അവന്റെ വീട്ടിലേക്കുള്ള യാത്ര ഒരാഘോഷമായിരുന്നു. പൊതുവേ എങ്ങോട്ടും പോകാനിഷ്ടമില്ലാതിരുന്ന കാലത്തും അവന്റെ വീട്ടിലേക്കുള്ള യാത്ര ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. മുടങ്ങാത്ത ഒരു പതിവായി ഈ സന്ദര്‍ശനങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. എന്റെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ മുതല്‍ കൌമാരത്തിലെ പൊട്ടത്തരങ്ങള്‍ വരെ അവനുമായി പങ്കുവെക്കുമായിരുന്നു. ഒരു പക്ഷേ അക്കാലത്ത് വീട്ടുകാരേക്കാള്‍ പ്രിയപ്പെട്ടവനായി അവന്‍ മാറി.

എന്നാല്‍ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്റെ വീട്ടിലേക്കുള്ള പോക്ക്  വളരെ കുറഞ്ഞു. എന്നാലും എന്നുമെന്ന പോലെ എന്റെയുള്ളിലും ജീവിതത്തിലും നിറ സാന്നിദ്ധ്യമായി അവനുണ്ടായിരുന്നു. എന്തുണ്ടെങ്കിലും ആദ്യം പറഞ്ഞിരുന്നത് അവനോട് തന്നെയാണ്. വിദ്യാലയം വിട്ട് കലായലത്തിലേക്ക്‌ ചേക്കേറിയപ്പോഴും അവന്‍ കൂടെയുണ്ടായിരുന്നു... എന്നാല്‍ തുടര്‍ വിദ്യാഭ്യാസത്തിനു നാട്ടില്‍ നിന്നും മറുനാട്ടിലെത്തിയപ്പോള്‍ അവനെ കാണാന്‍ പോകല്‍ ഏതാണ്ട് നിന്നത് പോലെയായി. പുതിയ ലോകവും സുഹൃത്തുക്കളും ഒക്കെ ആയപ്പോഴും അവനെ മറന്നില്ല. എന്നാലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് വീട്ടില്‍ വരുമായിരുന്ന ഞാന്‍ എന്റെ പതിവ് സന്ദര്‍ശനത്തിനു വലിയ വില കല്പിച്ചില്ല. പതുക്കെ പതുക്കെ എന്റെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു വന്നു.

ഒടുവില്‍ വിവാഹം കഴിഞ്ഞു പുതിയ ജീവിതം കെട്ടിപ്പടുക്കാനായുള്ള നെട്ടോട്ടത്തിനിടയില്‍ സമയമില്ല എന്ന മുടന്തന്‍ ന്യായവും പറഞ്ഞ് അവനെ കാണാന്‍ പോകാതെയായി. എനിക്ക് പ്രിയപ്പെട്ട പലതുമെന്ന പോലെ അവനും എന്നില്‍ നിന്നും അകന്നു എന്ന തോന്നലിൽ ഞാൻ അവനെ മറക്കാൻ ശ്രമിച്ചു. മനഃപൂർവ്വം എന്നെ അവനില്‍ നിന്നും അകറ്റി നിർത്താൻ നോക്കി. എന്നിരുന്നാലും എന്നും എന്റെ ദിനങ്ങള്‍ തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും അവന്റെ ചിന്തയിലായിരുന്നു.

അതൊക്കെ കൊണ്ടാവും അവിടേക്ക് പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മനസ്സിന് ഒരു വിറയല്‍ ... എന്തായാലും രാവിലെ നേരത്തേ എഴുന്നേറ്റ് കുട്ടികള്‍ക്ക് സ്കൂളിലേക്ക് പോകാനുള്ള കാര്യങ്ങള്‍ ഒക്കെ ഒരുക്കി വെച്ചു. അവര്‍ തിരിച്ചെത്തുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടാവും എന്ന്‍ പ്രിയതമന്‍ ഉറപ്പു പറഞ്ഞതിനാല്‍ ഒരല്പം സ്വസ്ഥമായ മനസ്സോടെ  യാത്ര തിരിച്ചു. ഏറെ കാലമായി തന്റെ പ്രിയനെ കാണാതെ വിഷമിച്ച പ്രേയസിയുടെ മനസ്സുമായി, ആദ്യം തീവണ്ടിയിലും പിന്നെ റോഡ്‌ മാര്‍ഗവും യാത്ര ചെയ്ത് ഒടുവില്‍ അവിടെയെത്തി.

കണ്ടാൽ തിരിച്ചറിയാത്ത വിധം അവന്റെ വീട്ടിലേക്കുള്ള വഴി ആകെ മാറിയിരിക്കുന്നു. ചുറ്റിനുമുള്ള വീടുകളും മറ്റും ഇല്ലാതായിരിക്കുന്നു. അവനെ കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ വരിവരിയായി നില്‍ക്കുന്നു - ക്ഷമാപൂര്‍വ്വം നില്‍ക്കുന്ന അവരുടെ പിന്നില്‍ അപരിചിതയായ ഏതോ ഒരാളെ പോലെ നില്‍ക്കാന്‍ മനസ്സ് വന്നില്ല. വീടിന്റെ ഒരു വശത്തുള്ള മറ്റൊരു കവാടത്തിലൂടെ അകത്തു കടന്നു. സുരക്ഷാപരിശോധനയും മറ്റും കഴിഞ്ഞു വേണം ഇപ്പോള്‍ അതിനകത്ത് കടക്കാന്‍. മുന്പ് യഥേഷ്ടം ഇവിടെ വന്നിരുന്നതും ഇഷ്ടം പോലെ സമയം ഇവിടെ ചെലവിട്ടതുമൊക്കെ ഓര്‍മയിലേക്ക് തള്ളിത്തിരക്കി വന്നു. ഒടുവില്‍ തിങ്ങിനിറഞ്ഞ ജനസമുദ്രത്തിലൊരു കണികയായി ഞാന്‍ അവന്റെ മുന്നിലെത്തി - ഒരു മിന്നായം പോലെ മാത്രമേ എനിക്ക് ആ മുഖം കാണാനായുള്ളൂ... ഏറെ ദൂരെ നിന്നും അര നിമിഷ നേരത്തിനു മാത്രം ആ മുഖം കണ്ട ഞാന്‍ കൃതാര്‍ത്ഥതയോടെ തിരിച്ചു നടന്നു... അവനോടു പറയാനുണ്ടായിരുന്ന പരിഭവങ്ങള്‍ എല്ലാം അലിഞ്ഞില്ലാതെയായി - "എന്റെ കണ്ണാ" എന്ന ഒരു വിളിയല്ലാതെ ഒന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. എന്തെന്നറിയാത്ത ഒരു സന്തോഷം മനസ്സില്‍ നിറഞ്ഞ ആ വേളയില്‍ വേറെ എന്തു പറയാന്‍!

അപ്പോള്‍ മുതല്‍ ഇതാ ഈ നിമിഷം വരെ നിറ സാന്നിദ്ധ്യമായി അവന്‍ എന്നോടൊപ്പമുണ്ട് - (ഇനി എന്നും കൂടെയുണ്ടായിരിക്കും) - എന്നു ഞാന്‍ തിരിച്ചറിയുന്നു. ഈ ചെറുദര്‍ശനം എനിക്ക് വളരെ സന്തോഷം നല്‍കിയെങ്കിലും ഇനിയും അവിടേക്ക് തിരിച്ചു പോയി, കുറച്ചു കൂടി അടുത്തു നിന്ന് ഒരു മുഴു നിമിഷം ആ സന്നിധിയില്‍ ചിലവിടണം എന്ന ആഗ്രഹമാണ് ഇപ്പോള്‍ എന്റെയുള്ളില്‍ . മുടങ്ങിപ്പോയ സന്ദര്‍ശനം വീണ്ടും ഒരു പതിവാക്കണം എന്ന ചിന്തയും ശക്തമായിരിക്കുന്നു. അധികം വൈകാതെ തന്നെ ഞാന്‍ ഗുരുവായൂരപ്പ സന്നിധിയില്‍ തിരിച്ചെത്തിയേക്കാം...  എന്റെ ദിനരാത്രങ്ങള്‍ ആരിലാണോ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നത്, ആ കൂട്ടുകാരനെ കണ്‍കുളിര്‍ക്കെ കാണാന്‍ !


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ് 

Comments

Unknown said…
Sho ..njaan thetodharichu
ചുമ്മാ കൊതിപ്പിച്ചു ....ശ്ശെ..... നീ എന്നെ ഗായകനാക്കി ഗുരുവായൂരപ്പാ !
മനസ്സിനെ ഫ്രീ ആക്കാന്‍ ഇടക്കെങ്കിലും ഇങ്ങിനെയൊരു യാത്ര അനിവാര്യമാണ്. ശുഭയാത്ര.
ഹഹഹ ഇതൊരു ബാലാമണി കഥ ആയല്ലോ നിഷ ആശംസകള്‍
കൃഷ്ണ ഗുരുവായൂരപ്പാ കലികാലം എന്നല്ലാണ്ട് എന്താ പറയുക ഒരു ക്ലൂ കൂടി കൊടുത്തില്ല
അതോണ്ട് നന്നായി
Aarsha Abhilash said…
എന്‍റെ കണ്ണാ :)
Unknown said…
നല്ല കഥ ..
Manoj Vellanad said…
:) ആദ്യമൊന്നും കത്തിയില്ല.. 'എന്‍റെ പലതും എന്നില്‍ നിന്നു അകറ്റിയിട്ടും , എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഞാനറിയാതെ അവനെ ഓര്‍ത്തായിരുന്നു' എന്ന ഡയലോഗില്‍ ഞാന്‍ പിടിച്ചു.. സസ്പെന്‍സ് അവിടെ തീര്‍ന്നു... :) :)
Anonymous said…
ഞാൻ കണ്ടു. ഞാനേ കണ്ടുള്ളൂ. ഞാൻ മാത്രമേ കണ്ടുള്ളൂ......... :)
Unknown said…
സസ്പെന്‍സ്സ് ഇഷ്ട്മായീ
Abu cheriyan said…
ആദ്യം കത്തിയില്ല . പിന്നെ സംശയിച്ചു .എന്തായാലും നന്നായി കണ്ണാ .
Aneesh chandran said…
ഇവനാണ് കള്ളനാ ,കൊതിപ്പിക്കും ചെന്നാല്‍ കാത്തു നിര്‍ത്തി എല്ലൊടിക്കും .എന്നാലും ഇഷ്ടപ്പെട്ടു പോകും.
ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും
ഗോപുരവാതില്‍ തുറക്കും ഞാന്‍ ഗോപകുമാരനെ കാണും
ശ്ശോ ....!!!!! നല്ലോരു പ്രണയകഥ ഇവ്വിദം ഭക്തികഥ ആക്കിയില്ലേ ...........
padasaram said…
ചേച്ചി,എന്തൊക്കെയോ വിചാരിച്ചു,എല്ലാ പ്രതീക്ഷയും കണ്ണന്‍ തകര്‍ത്തു,,,,
എന്റെ കണ്ണാ... എത്ര കാമുകിമാരാ....?
നന്നായിരിക്കുന്നു
നന്നായിരിക്കുന്നു
Cv Thankappan said…
കഥയിലെ സസ്പെന്‍സ് നന്നായിട്ടുണ്ട്.
ആശംസകള്‍
Joselet Joseph said…
കണ്ടോളാന്‍ കാന്തന്‍ പറഞ്ഞു എന്ന് വായിച്ചപ്പോഴേ ഉറപ്പിച്ചു ഇതേതോ ഉടായിപ്പാണ് എന്ന്.
ഏതായാലും ഗുരുവായൂരപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ.
ajith said…
ആള്‍ അവിടെ ഉണ്ടായിരുന്നോ?
Sunais T S said…
നന്നായിരിക്കുന്നു...


ആശംസകള്‍
ഇപ്പോള്‍ ഉച്ചപൂജക്കു ശേഷം പുള്ളിക്കാരന്‍ പുറത്തൊക്കെ ഇറങ്ങി ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്ന് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.
Echmukutty said…
എനിക്ക് പ്രിയപ്പെട്ട പലതും എന്നു തുടങ്ങിയപ്പോള്‍ അടുത്ത വാചകവും വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായീ കേട്ടോ..
നന്നായി, നിഷ...
ഈ വ്യംഗ്യത്തിനു ഒരു സുഖമുണ്ട്, ട്ടോ!
MAGICAL REALISM...ennu english bhaashyam...:)
വെരുതെ ഓരോന്ന് ധരിച്ചു....ശോ!
Unknown said…
നന്നായി എഴുതി

ആശംസകള്‍
© Mubi said…
കള്ള കൃഷ്ണാ... ഇങ്ങിനെയും ഉണ്ടോ?? നിക്ക് ഇഷ്ടായിട്ടോ...

ഗുരുവായൂരപ്പനായിരുന്നോ ???? ഗ്രൂപ്പിലെ ഇന്റ്രോ കണ്ടപ്പോ എവടെ ഒക്കെയോ ഒരു സാമ്യം തോന്നി...... ബ്ലോഗ്‌ ലേക്ക് നെറ്റ് connection ശരിയാക്കി ആദ്യം വായിക്കാന്‍ നോക്കിയത് ഈ post ആയിരുന്നു... എഴുത്ത് വളരെ നന്നായെങ്കിലും എന്നെ അവസാനം നിരാശനാക്കി..... പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാകും....... ഇനിയും വരാട്ടോ... ആശംസകള്‍
അത് ശരി ,കുറച്ചു നേരത്തേക്ക് ഞാനും ഒരു 'പൈങ്കിളി' ആയിപ്പോയി !!!!

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....