അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ

അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ 


അമ്മിണിക്കുട്ടി ഓടി അടുക്കളയിലെത്തിയപ്പോഴേക്കും മുത്തശ്ശിയ്ക്ക് പാലുംവെള്ളവും നാലുമണി പലഹാരവും കൊടുത്തശേഷം അമ്മയും അടുക്കളയിലെത്തിയിരുന്നു. അവളുടെ മുഖത്തെ പരിഭ്രമം കണ്ട് - 'എന്താ? എന്തെങ്കിലും വികൃതി ഒപ്പിച്ചിട്ടാണോ വരുന്നത്' എന്ന് മട്ടിൽ അമ്മയൊന്ന് ശ്രദ്ധിച്ചു നോക്കി.. വേവലാതിപ്പെടേണ്ട ഒന്നും അവൾ ചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോൾ അമ്മ തന്റെ ജോലികൾ തുടർന്നു. 

'അമ്മിണിക്കുട്ടിക്ക്  പലഹാരം കഴിയ്ക്ക്യാറായോ?' അമ്മ ചോദിച്ചു. 'ഇല്ല' എന്നവൾ തലയിളക്കി. 'ഹ്മം... ഏടത്തിമാർ ഇപ്പോ വരും. അവര് വന്നിട്ടാവാം, അല്ലേ?'  'ആയിക്കോട്ടെ' എന്ന് അവൾ തലകുലുക്കി. മനസ്സിൽ നിന്ന് അപ്പോഴും ആന കുത്താൻ വരുമോ എന്ന ആധി മുഴുവനായും മാറിയില്ലായിരുന്നു. 'എന്നാൽ അമ്മിണിക്കുട്ടി പോയി പാറുവമ്മയോട് ചായണ്ടായി എന്ന് പറയൂ' 

അത് കേട്ടതും അവൾ വടക്കേ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുക്കളയുടെ വടക്കേ വാതിലിന് ഉയരം നന്നേ കുറവാണ്. അതുകൊണ്ടു തന്നെ വല്യോർക്കൊക്കെ തല നല്ലോണം കുനിച്ചേ അത് കടക്കാൻ പറ്റൂ. അല്ലെങ്കിൽ വാതിലിന്റെ കട്ടിളയിൽ തല ഇടിയ്ക്കും. അമ്മിണിക്കുട്ടിയ്ക്ക്  പക്ഷേ അതൊന്നും പേടിക്കേണ്ട. നല്ല സുഖായി തലയുയർത്തിപ്പിടിച്ചു തന്നെ അപ്പുറം കടക്കാം. 

വാതിലിനപ്പുറത്ത് തിണ്ണയിൽ നിന്ന് നോക്കിയപ്പോൾ കുറച്ചു ദൂരെ പഴേ തൊഴുത്തിനടുത്ത് നിന്ന് പാറുവമ്മ ഒരു വലിയ മടൽ വെട്ടി ചെറുതാക്കുകയാണ്. ചുറ്റിനും ചിതറിക്കടക്കുന്ന ഓലയൊക്കെ വാരിയൊതുക്കി ഓലക്കൊടിയായി അടുക്കളയിൽ അടുപ്പിൻ്റെ മുകളിലത്തെ ഒരരികിൽ തൂക്കിയിടും.  വിറകുകഷ്ണങ്ങൾ അടുപ്പിൻ്റെ അടിയിലെ ഗുഹപോലത്തെ ഇരുണ്ട കൂട്ടിലേയ്ക്കും ഇടും.  വലിയ വലിയ മടൽ എത്ര എളുപ്പത്തിലാണ് പാറുവമ്മ ചെറുതാക്കിയെടുക്കുന്നത്! ഒരു ദിവസം തന്നെയും പഠിപ്പിക്കാൻ പറയണം - അമ്മിണിക്കുട്ടി മനസ്സിൽ കരുതി.

'പാറ്വോമ്മേ പാറ്വോമ്മേ, ചായണ്ടായി, വന്ന്വോളു ട്ടോ...' 
'രണ്ടു മടലുങ്കൂട്യേ വെട്ടാൻ ള്ളൂ - അതുങ്കൂടി വെട്ടീട്ട്  ഞാൻ ദാ വന്നൂ ട്ട്വോ കുട്ട്യേ...' എന്നും പറഞ്ഞുകൊണ്ട്  പാറുവമ്മ ധൃതിയിൽ തന്റെ പണി തുടർന്നു.  എന്നാൽ അടുത്ത് ചെന്ന് വിറക് വെട്ടണ വിദ്യ ഒന്നും കൂടി നോക്കിക്കണ്ടു പഠിച്ചാലോ എന്നാലോചിച്ചു മിറ്റത്തേയ്ക്ക് എറങ്ങാൻ നോക്കുമ്പോഴേയ്ക്കും 'അമ്മേ... ഇന്നെന്താ കഴിയ്ക്കാൻ' എന്ന് കുഞ്ഞേടത്തിയുടെ ഒച്ച കേട്ടു.

പിന്നെ ഒന്നും നോക്കിയില്ല. തിരിഞ്ഞ് ഒറ്റ ഓട്ടം.  ഞൊടിയിടയിൽ അടുക്കളയും കടന്ന് മേലടുക്കളയിലെത്തി. അപ്പോഴേയ്ക്കും കയ്യിലെ പുസ്തകപ്പെട്ടി തെക്കിണിയിൽ വെച്ച് ചോറു കൊണ്ട് പോയ തൂക്കു പാത്രവും കയ്യിൽ പിടിച്ച് കുഞ്ഞേടത്തിയും മേലടുക്കളയിലെത്തി. 'ഹായ്... കുഞ്ഞേടത്തി വന്നൂലോ' എന്ന് പറഞ്ഞുകൊണ്ട് അവൾ കുഞ്ഞേടത്തിയെ കെട്ടിപ്പിടിക്കാൻ ഓടിച്ചെന്നു. 

'കൈയും കാലും കഴുകി പാലുവെള്ളം കുടിച്ചോളൂ. വല്യേടത്തി എവിടെ?' എന്ന് അമ്മ പറയുന്നത് കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞേടത്തി കയ്യും കാലും കഴുകി വന്നിരിപ്പായി.  പാല് ഗ്ളാസ്സിലാക്കി ഊതിയൂതി കുടിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും വല്യേടത്തിയും ഹാജരായി. വല്യേടത്തിക്ക് കാപ്പിയാണ് ഇഷ്ടം. അമ്മ ഒരു പാത്രത്തിൽ നിറയെ അവിലുപ്പുമാവ് മേശപ്പുറത്തു കൊണ്ടു വന്നു വെച്ച ശേഷം അമ്മ പറഞ്ഞു - 'അമ്മിണിക്കുട്ടി അച്ഛനെ കാപ്പികുടിക്കാൻ വിളിക്കൂ'     

അച്ഛൻ ഉച്ചമയക്കം കഴിഞ്ഞു തങ്ങളുടെ വിളി കാത്തിരിക്കുകയാവും എന്നറിയുന്ന അമ്മിണിക്കുട്ടി കോണിച്ചോട്ടിലേയ്ക്ക് ഓടി. കോണി കയറാൻ പേടിയായത് കൊണ്ട് താഴെ നിന്നവൾ ഉറക്കെ വിളിച്ചു - 'അച്ഛാ... അച്ഛാ,,,' 'ഉം, എന്താ അമ്മിണിക്കുട്ടീ?' അച്ഛൻ മുകളിൽ നിന്നും ചോദിച്ചു. 'കാപ്പി കുടിയ്ക്കാറായി, വരൂ' 'അതെയോ, ദാ വര്ണൂ...' എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ കോണിയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് കോണിയിറങ്ങി അവളെയും എടുത്ത് അച്ഛൻ മേലടുക്കളയിലേയ്ക്ക് നടന്നു.

'ഏടത്തിമാർ വന്ന്വോ? '  'ഉവ്വെന്ന്' അവൾ തലകുലുക്കി. അവർ രണ്ടാളും മേലടുക്കളയിലെത്തിയതും അമ്മിണിക്കുട്ടി അച്ഛന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി കുഞ്ഞേടത്തിയുടെ അരികിലേക്കോടി. അവിലുപ്പുമാവ്‌  വായിലിട്ടു കൊണ്ട് തന്നെ  കുഞ്ഞേടത്തി അമ്മയോട് സ്കൂളിലെ ഓരോ വർത്തമാനങ്ങൾ പറയുന്നുണ്ട്. ആ കുട്ടി ഇങ്ങനെ ചെയ്തു, മറ്റേക്കുട്ടി അങ്ങനെ ചെയ്തു, ഇന്ന് ഇത് പഠിച്ചു, നാളെ ഇത് പഠിയ്ക്കും എന്നിങ്ങനെ പറഞ്ഞാലും പറഞ്ഞാലും കഴിയാത്ത കഥകൾ ഉണ്ടാവും കുഞ്ഞേടത്തിയ്ക്ക് പറയാൻ....  

വല്യേടത്തിയും കൂട്ടുകാരുടെ വർത്തമാനങ്ങൾ പറയുന്നുണ്ട്. സ്കൂളിലെ കഥകൾ പറയാൻ തുടങ്ങിയാൽ രണ്ടാൾക്കും കുറെ പറയാനുണ്ടാവും. എത്ര കേട്ടാലും മതിയാവില്ലെങ്കിലും കഥ നീണ്ടു പോയാൽ കളിയ്ക്കാനുള്ള സമയം കുറയും എന്നതു കൊണ്ട് കുറച്ച് കഴിയുമ്പോൾ അമ്മിണിക്കുട്ടിയ്ക്ക് അക്ഷമായാവും.  'കുഞ്ഞേടത്തീ നമ്ക്ക് ഒളിച്ചു കളിക്ക്യാൻ പൂവ്വാ'ന്ന് പറഞ്ഞു കൊണ്ട് അവൾ പിന്നാലെ കൂടും. ചില ദിവസങ്ങളിൽ കുഞ്ഞേടത്തി വേഗം കളിയ്ക്കാൻ വരും. അല്ലാത്തപ്പോൾ ഇത്തിരി ഗമയൊക്കെ കാണിച്ച് 'ഞാൻ സ്കൂള്ന്ന് വന്നല്ലേളളൂ.. നിയ്ക്ക് വയ്യാണ്ടായി. ഇപ്പോ കളിയ്ക്കാൻ വയ്യ' എന്ന് പറഞ്ഞു കൊണ്ട് പലഹാരം വളരെ സാവധാനത്തിൽ കഴിച്ചു കൊണ്ടിരിക്കും. അപ്പോൾ അമ്മിണിക്കുട്ടി സങ്കടത്തോടെ വടുക്കിണിയിലേക്കുള്ള ഉമ്മറപ്പടിയിൽ ചെന്നിരിക്കും.         

ഇന്നും കുഞ്ഞേടത്തി വയ്യാണ്ടായി എന്ന് പറഞ്ഞു പലഹാരം കഴിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയും നേരം കാത്തിരുന്നതിന്റെ ഉത്സാഹമൊക്കെ പോയ അവൾ അടുത്ത കൊല്ലം താനും സ്കൂളിൽ പോവുമല്ലോ, അപ്പോൾ തനിക്കും കുറെ കഥകൾ പറയാനുണ്ടാവുമല്ലോ എന്നൊക്കെ ആലോചിച്ച് ആശ്വസിക്കാൻ ശ്രമിച്ചു... 

തുടരും) 

Comments

എന്താ പവറ് ..ഏട്ടത്തിമാർക്ക് ല്ലേ...
അവില്ഉപ്പുമാവ് വീണ്ടും വന്നൂലോ..
ഇത്തവണ അമ്മിണി കുട്ടി വേഗം തീർന്നു പോയി
വരയിലൂടെയും വരികളിളിലൂടെയും
കുസൃതി കുടുക്കയായ അമ്മിണിക്കുട്ടി വളരുകയാണ് 
Nisha said…
അതേന്നെ.. എന്താ ചെയ്യാ! അവിലുപ്പുമാവിൽ നിന്നും അത്ര വേഗം മോചനമില്ല. ഇത്തവണ അമ്മിണിക്കുട്ടിക്ക് അധികം വിശേഷം പറയാൻ ഉണ്ടായിരുന്നില്ല. അതാ വേഗം കഴിഞ്ഞേ..
Nisha said…
അതെ, പക്ഷേ അമ്മിണിക്കുട്ടി വലുതാവണ്ട എന്നാണ് എല്ലാവർക്കും. ഇങ്ങനെ കുട്ടിയായി ഇരുന്നാൽ മതീത്രെ!
© Mubi said…
അടുത്തത് വായിക്കട്ടെ... ഏട്ടത്തിമാർ കളിക്കാൻ വന്നോ ആവോ?
Nisha said…
വന്നിട്ടുണ്ടാവും, അല്ലേ? അതോ അമ്മിണിക്കുട്ടിയെ പറ്റിച്ചുവോ?

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം