1983 - എന്റെ തോന്നലുകള്‍

ഒരു നല്ല പടം എന്ന് 'ഇ-ലോക'ത്ത് നിന്നും ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ വേളയിലാണ് 1983 എന്ന സിനിമ കാണാന്‍ പോയത്. ക്രിക്കറ്റ് സംബന്ധിയായ സിനിമയാണ് എന്നറിയാവുന്നതിനാല്‍ ഇഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ് എന്ന്‍ ഉള്ളിന്റെയുള്ളില്‍ ഞാനറിഞ്ഞിരുന്നുവോ ആവോ! (കുട്ടിക്കാലം മുതല്‍ക്കേ ഒരു 'ക്രിക്കറ്റ് പ്രാന്തി'യായിരുന്ന എനിക്ക് അങ്ങനെ തോന്നാതിരുന്നാലേ അദ്ഭുതമുള്ളൂ, അല്ലേ?) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗവും, ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് തുടങ്ങിയ കഥ രമേശന്റെയും കൂട്ടുകാരുടേയും ജീവിതത്തിലൂടെ പുരോഗമിച്ചപ്പോള്‍ കാണികളും തങ്ങളുടെ ഭൂതകാലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കണം. ഓലമടല്‍ ബാറ്റുകളും ചുള്ളിക്കമ്പുകൊണ്ടുള്ള സ്റ്റമ്പും റബര്‍ പന്തും കള്ളക്കളിയും പൊക്കിയടിച്ചാല്‍ ഔട്ടാവലും എല്‍ ബി ഇല്ല എന്ന പറച്ചിലുമെല്ലാം നമ്മുടേതല്ലേ എന്ന്‍ മിക്കവരും ഗൃഹാതുരതയോടെ ഓര്‍ത്തിരിക്കും... കളിക്കിറുക്കുമായി നടന്നതിനു കിഴുക്കു കിട്ടാത്ത തലകളും അക്കൂട്ടത്തില്‍ കുറവാകും. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി സിനിമയിലെ അച്ഛനെപ്പോലെ...