ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്
(ഒരു പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് എഴുതുന്നതിന് എന്തിനാണ് ഇങ്ങനെ കാടു കയറിപ്പറയുന്നത് എന്നാവും, അല്ലേ? ഒരല്പം ചരിത്രം പറയാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല എന്നത് കൊണ്ടാണത്).
അങ്ങനെ തട്ടിയും മുട്ടിയും അല്പസ്വല്പം എഴുത്തും വായനയുമായി പോയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ എത്തിപ്പെടുന്നത്. ബ്ലോഗ്ഗര്‍മാരുടെ ഈ കൂട്ടായ്മയില്‍ എത്തിയ അന്നു മുതല്‍ എന്റെ എഴുത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഒരല്പം ലക്ഷ്യബോധവും കൈവന്നു. മുന്പ് നാലാള്‍ വായിച്ചിരുന്ന എന്റെ ബ്ലോഗ് നാല്പത് ആളുകള്‍ വായിച്ചു തുടങ്ങി. വായിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങളൊന്നും നല്കാനായില്ലെങ്കിലും അവര്‍ എന്റെ ബ്ലോഗില്‍ ചെലവിടുന്ന സമയം ഒരു നഷ്ടമായി തോന്നരുത് എന്ന നിഷ്കര്‍ഷ എന്റെ എഴുത്തിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയും, ഒരു ബ്ലോഗ്ഗര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ എഴുതണം എന്ന തോന്നല്‍ എന്നിലുണ്ടാക്കുകയും ചെയ്തു. തല്‍ഫലമായി ബ്ലോഗ് പോസ്റ്റുകളുടെ എണ്ണം കുറയുകയും അവയുടെ നിലവാരം മെച്ചപ്പെടുകയും ഉണ്ടായി എന്നാണ് എന്റെ സ്വയം വിലയിരുത്തല്‍.
ഗ്രൂപ്പില്‍ എത്തിയതുകൊണ്ടുണ്ടായ ഏറ്റവും വലിയ മെച്ചം അതൊന്നുമായിരുന്നില്ല. കഴിവുറ്റ അനേകം എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ രചനകള്‍ വായിക്കുവാനും സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യമായി തോന്നുന്നത്. എന്തൊക്കെയോ അറിയാം എന്ന് ധരിച്ചു വെച്ചിരുന്ന എനിക്ക്, ഗ്രൂപ്പിലെ സംവാദങ്ങളും ചര്‍ച്ചകളുമെല്ലാം, അത്രയൊന്നും അറിവില്ലെന്നുള്ള വലിയ തിരിച്ചറിവും നേടിത്തന്നു. അങ്ങനെയിരിക്കെയാണ് ഗ്രൂപ്പിലെ ചര്‍ച്ചകളിലും മറ്റും സജീവ സാന്നിദ്ധ്യമായി വിഡ്ഢിമാന്‍ എന്നൊരു ബ്ലോഗറെ കാണാനിടയായത്. എന്ത് കാര്യത്തിലും വ്യക്തമായ അഭിപ്രായം ഉള്ളയാള്‍, തന്റെ വാദങ്ങള്‍ക്ക് ശക്തിപകരാന്‍ അതിനെക്കുറിച്ച് അത്യാവശ്യം ചില ഗവേഷണ-നിരീക്ഷണങ്ങള്‍ ഒക്കെ നടത്തുന്നയാള്‍ എന്നൊക്കെയായിരുന്നു വിഡ്ഢിമാനെക്കുറിച്ചുള്ള എന്റെ നിരീക്ഷണം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബോദ്ധ്യമായി - വിഡ്ഢിമാന്‍ എന്നതിനേക്കാള്‍ ബുദ്ധിമാന്‍ എന്ന വിശേഷണമാണ് ചേരുക എന്ന്‍! വി ഡി മനോജ് എന്ന തന്റെ പേരില്‍ നിന്നും വിഡ്ഢിമാന്‍ എന്ന തൂലികാനാമം കണ്ടെത്തിയ ആള്‍ എങ്ങനെ ബുദ്ധിമാന്‍ അല്ലാതിരിക്കും?
ഇതൊക്കെയാണെങ്കിലും വിഡ്ഢിമാന്‍ എന്ന ബുദ്ധിമാന്റെ ബ്ലോഗുകള്‍ അധികമൊന്നും വായിച്ചില്ല എന്നതാണ് സത്യം! അതിന്റെ കാരണം എന്തെന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം ഇല്ല താനും... എന്തായാലും അങ്ങനെയിരിക്കവേയാണ് അദ്ദേഹത്തിന്‍റെ 'വെടിക്കഥകള്‍ ' പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു എന്നറിഞ്ഞത്. കൂട്ടത്തില്‍ ഒരാളുടെ പുസ്തം ഇറങ്ങുമ്പോള്‍ ചുരുങ്ങിയ പക്ഷം ഒരാശംസയെങ്കിലും പറഞ്ഞില്ലെങ്കില്‍ എന്ത് കൂട്ടായ്മ?? അങ്ങനെ ആശംസകള്‍ നേര്‍ന്ന വേളയിലാണ് കൊച്ചിയില്‍ വെച്ചാണ് പുസ്തക പ്രകാശനം, അതില്‍ പങ്കെടുക്കണം എന്ന് അദ്ദേഹം ക്ഷണിക്കുന്നത്. ഇല്ലെന്നു പറയാതെ, നോക്കാം എന്ന് പറഞ്ഞു - പോകില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ!
എന്നാല്‍ പുസ്തക പ്രകാശനത്തിന്റെ തലേന്ന് പരിപാടിക്ക് പോകാമെന്ന് തീരുമാനിക്കുകയും പ്രസ്തുത ദിനം അവിടെ സമയത്തിനു തന്നെ എത്തിച്ചേരുകയുമുണ്ടായി. ഇതുവരെ ഓണ്‍ലൈനില്‍ മാത്രം കണ്ടു പരിചയിച്ച ചില മുഖങ്ങളെ നേരില്‍ കണ്ടപ്പോഴും, അവരെ പരിചയപ്പെട്ടപ്പോഴും ഉണ്ടായ സന്തോഷം ചെറുതല്ല. എന്തായാലും പരിപാടി (ദേഹാന്തരയാത്രകള്‍, ആപ്പിള്‍, കഥമരം പി ഒ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും, കഥ ഗ്രൂപ്പ് നടത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ആണ് അവിടെ നടന്നത്) കഴിഞ്ഞ്, പുസ്തകവും വാങ്ങി, എഴുത്തുകാരന്റെ ഒപ്പും വാങ്ങി, സസന്തോഷം തിരിച്ചെത്തി.
ഒരാഴ്ച്ചയോളം പുസ്തകങ്ങള്‍ എന്റെ മേശപ്പുറത്തിരുന്നു. പല പല തിരക്കുകള്‍ക്കിടയില്‍ വായന നടന്നില്ല. എന്നാല്‍ ഒരു ദിവസം വിഡ്ഢിമാന്‍ "പുസ്തകം വായിച്ചോ, എന്താണഭിപ്രായം?" എന്ന്‍ ചോദിച്ചപ്പോഴാണ് ഇത്ര ദിവസമായും അത് വായിക്കാത്തതിന്റെ കുറ്റബോധം ഉള്ളില്‍ തോന്നിയത്. അത്ര അത്യാവശ്യമല്ലാത്ത ചില പണികള്‍ മാറ്റി വെച്ച് പുസ്തകം കൈയിലെടുത്തു...
ഒറ്റയിരുപ്പിലാണ് ദേഹാന്തരയാത്രകള്‍ വായിച്ചു തീര്‍ത്തത്. കഥയുടെ ഒഴുക്കും, ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ഉദ്വേഗവും തന്നെയാണ് ഈ വായന സുഖകരമാക്കിയത്. കഥാനായകന്‍ ആരാണെന്നോ അവന്റെ പശ്ചാത്തലം എന്താണെന്നോ യാത്രയുടെ തുടക്കത്തില്‍ പെട്ടെന്ന് വെളിപ്പെടുത്താതെ ഒരു ചെറിയ സസ്പെന്‍സ് വെച്ചുള്ള തുടക്കം. എന്നാല്‍ എന്തോ ഒരു മനോവിഷമം അയാളെ അലട്ടുന്നുണ്ടെന്ന് പകല്‍ പോലെ വ്യക്തം. അതെന്താണെന്ന് അറിയാന്‍ വായനക്കാരന് തിടുക്കമാകുന്നു. പിന്നീടുള്ള അദ്ധ്യായങ്ങളില്‍ രമേഷിനെ കൂടുതല്‍ അറിയുന്നു. അവന്റെ അമ്മയെയും, അവര്‍ അവനെ പോറ്റാന്‍ വേണ്ടി തിരഞ്ഞെടുത്ത വഴിയെയും അറിയുമ്പോള്‍ വായനക്കാരനും ഒരല്പം ആശങ്കയിലാവും - അമ്മയെ കുറ്റം പറയാനാവുമോ, ആ മകനെയും കുറ്റം പറയാനാവുമോ? ആരാണ് ശരി? ആരാണ് തെറ്റ് എന്ന്‍ തീര്‍ത്തു പറയാനാവില്ല...
എന്തായാലും രമേഷിന്റെ യാത്രയില്‍ ആദ്യന്തം വായനക്കാരനും ഭാഗഭാക്കായിത്തീരുന്നു - ദേശാന്തരങ്ങളിലൂടെ, അയാളുടെ വികാരങ്ങളിലൂടെ, വിചാരങ്ങളിലൂടെ, അയാള്‍ പരിചയപ്പെടുന്ന ആളുകളെ വായനക്കാരും പരിചയപ്പെടുന്നു... മാത്യൂസേട്ടനും, പ്രാന്തിപ്പപ്പിയുമൊക്കെ നനവൂറുന്ന ഓര്‍മകളായി വായനാനന്തരം നമ്മോടൊപ്പം ചേരുന്നു... ബിനീഷും നീനയും ലക്ഷ്മണനും കിഷന്‍ ലാലും റസിയയും എല്ലാം വെറും കഥാപാത്രങ്ങള്‍ മാത്രമല്ലാതെയാവുന്നു. വായനക്കാരില്‍ ഇത്തരമൊരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞത് എഴുത്തുകാരന്റെ മിടുക്ക് തന്നെ!
ഒന്നാലോചിച്ചു നോക്കിയാല്‍ വീടുവിട്ടിറങ്ങിപ്പോയ രമേഷിന്റെ തിരിച്ചു വരവ് അനിവാര്യമായിരുന്നു... കടലിലെ വെള്ളം നീരാവിയായി, മഴമുകിലായ്, പെയ്തിറങ്ങി, നദിയായൊഴുകി, കടലില്‍ തന്നെ തിരിച്ചെത്തണമല്ലോ! വേറെ എവിടെയും അതിനു സ്വസ്ഥതയില്ല - കടലിലെ നീര്‍ത്തുള്ളിയായിത്തീരുന്നത് വരെ! രമേഷിന്റെ ജീവിതവും അങ്ങനെ തന്നെ! തന്‍റെ അസ്തിത്വത്തില്‍നിന്നും അവന്‍ ഓടിയോടിപ്പോയെങ്കിലും അതൊരിക്കലും അവനെ വിട്ടു പിരിഞ്ഞില്ല. ഒടുവില്‍ അമ്മയുടെയടുക്കലേക്കുള്ള വരവ് സ്വയം തിരിച്ചറിയലിന്റെ പരിണാമസ്വരൂപമാണ്. തന്റെ ഭൂതകാലത്തെയും ചരിത്രത്തേയും അംഗീകരിക്കാതെ തനിക്ക് സമാധാനം ലഭിക്കുകയില്ല എന്ന തിരിച്ചറിവില്‍ രമേഷ് മാത്രമല്ല, വായനക്കാരനും സമാധാനം കൈവരിക്കുന്നു.
കഥയുടെ പശ്ചാത്തലം വളരെയധികം കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് തോന്നിയത്. തുടക്കത്തില്‍ അമ്മയുടെ (പഴയ) 'തൊഴില്‍' മകനെ അസ്വസ്ഥനാക്കുന്നതും അവന്റെ പൌരുഷത്തെപ്പോലും നിഷ്ക്രിയമാക്കുന്നതുമായ ഘടകമാണ്. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന രാജദാസിയാണ് അവനെ ആ ശാപത്തില്‍ നിന്നും മുക്തനാക്കുന്നത്... ഒരുപക്ഷേ അവന്റെ മാനസാന്തരത്തിനുള്ള നാമ്പുകള്‍ മൊട്ടിട്ടു തുടങ്ങിയത് അവിടെ നിന്നാവാം... എന്തായാലും വളരെ സൂക്ഷ്മതയോടെ, സഭ്യവും അസഭ്യവും തമ്മിലുള്ള വേലിക്കെട്ടുകള്‍ തകരാതെ, എന്നാല്‍ കഥക്ക് ഒരു കോട്ടവും തട്ടാതെ ഈ യാത്രയെ മുന്നോട്ട് നയിക്കുവാന്‍ കഥാകാരന് കഴിഞ്ഞിരിക്കുന്നു എന്നുതന്നെ വേണം പറയാന്‍. (ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വെടിക്കഥകളെ ഒരല്പം സെന്സറിംഗ് ചെയ്താണ് പുസ്തകത്തില്‍ കയറ്റിയിരിക്കുന്നതെന്ന് പിന്നീട് അറിഞ്ഞു.)
എന്നാല്‍ ഒരു കോട്ടവും ഇല്ലാത്തതാണോ ഈ യാത്ര? അല്ല... അതു കൂടി പറഞ്ഞില്ലെങ്കില്‍ തികച്ചും അന്യായമാവും. ഏറ്റവും ആദ്യം പറയേണ്ടത് അക്ഷരത്തെറ്റുകളെക്കുറിച്ചാണ്. പുറംചട്ടയിലെ 'വിഢിമാന്‍ ' "വിഡ്ഢിമാന്‍ " തന്നെയാവണമായിരുന്നു എന്ന പക്ഷക്കാരിയാണ് ഞാന്‍. കഥാകാരന്റെ ഐഡന്റിറ്റിക്ക് തന്നെയാണ് ഇവിടെ ഒരല്പം മങ്ങലേറ്റത്. വിഡ്ഢിമാന്‍ എന്ന പേരുളവാക്കുന്ന പ്രതീതിയും വിഢിമാന്‍ എന്ന്‍ വായിക്കുമ്പോള്‍ ഉളവാകുന്ന പ്രതീതിയും രണ്ടാണ് - പ്രത്യേകിച്ചും വിഡ്ഢിമാനെ അറിയുന്നവര്‍ക്ക്. എഴുത്തുകാരന്‍ എന്തു കൊണ്ട് വിഢിമാനായി എന്നറിയാന്‍ ഒരു കൌതുകമുണ്ട്.
അതു പോലെ പുസ്തകത്തിലുടനീളം സംസാര ഭാഷ കൂടിക്കലര്‍ന്ന പോലെ തോന്നി. കഥാനായകന്‍ തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കുന്നതില്‍ തെറ്റില്ല, അയാള്‍ അവിടത്തുകാരനാണല്ലോ. എന്നാല്‍ ബാക്കിയുള്ള കഥാപാത്രങ്ങള്‍ ഇടയ്ക്ക് തൃശ്ശൂര്‍ ഭാഷയിലും, മറ്റു ചിലപ്പോള്‍ അല്ലാതെയും സംസാരിക്കുന്നു. അത് ഒരു പൊരുത്തക്കുറവായി തോന്നി.
മറുനാടന്‍ ഭാഷ (പ്രത്യേകിച്ചും ഹിന്ദി) മലയാളത്തിലാക്കിയപ്പോള്‍ ചില തെറ്റുകളൊക്കെ വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഹിന്ദിക്കാര്‍ ഒരിക്കലും റമേഷ് എന്ന്‍ പറയില്ല. റ എന്ന അക്ഷരം അവര്‍ക്കില്ല - ര മാത്രമേയുള്ളൂ. അത് പോലെ തന്നെ 'ഭായ്' എന്നുള്ളത് അവര്‍ ഒരിക്കലും 'ബായ്' എന്ന്‍ പറയില്ല. കപ്പടാ ഉഥാരോ അല്ല, കപ്ടാ ഉതാരോ ആണ് ശരി. ഹമാരാ ബേട്ടി അല്ല, ഹമാരി ബേട്ടി... അങ്ങനെയങ്ങനെ കുറെ തെറ്റുകള്‍ കാണുകയുണ്ടായി. അതൊന്നും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ലെങ്കിലും, കഥയുടെ പശ്ചാത്തലത്തിനും മറ്റും കുറെയധികം ഗവേഷണങ്ങളും പ്രയത്നങ്ങളും എടുത്ത സ്ഥിതിക്ക് ഇവ കൂടി കുറ്റമറ്റതാക്കാമായിരുന്നു എന്ന തോന്നല്‍ കാരണം ചൂണ്ടിക്കാണിച്ചുവെന്നു മാത്രം!
അതുപോലെ ഒഴിവാക്കേണ്ടിയിരുന്ന ചില അക്ഷരത്തെറ്റുകളാണ് പക്ഷെ (പക്ഷേ), അനുഭവഖണ്ഢങ്ങള്‍ (അനുഭവഖണ്ഡങ്ങള്‍ ), പീഢം (പീഠം) എന്നിങ്ങനെയുള്ളവ (ഇനിയും ഉണ്ട് - എല്ലാം ഇവിടെ പറയുന്നത് പ്രായോഗികമല്ലാത്തതിനാല്‍ അതിനു മുതിരുന്നില്ല). അതു പോലെതന്നെ വാക്കുകള്‍ തമ്മിലുള്ള അകലവും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാകേണ്ടിയിരിക്കുന്നു. പല വാക്കുകളും കൂടിച്ചേര്‍ന്ന് നില്‍ക്കുന്നു. ഒരു പുസ്തകത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു. ബ്ലോഗിലെ തെറ്റുകള്‍ക്കു നേരേ വേണമെങ്കില്‍ കണ്ണടയ്ക്കാമെങ്കിലും, പുസ്തകത്തില്‍ വരുന്ന തെറ്റുകള്‍ അക്ഷന്തവ്യമാണ്. പൈസ കൊടുത്ത് വാങ്ങുന്ന ഒരുല്പന്നം കുറ്റമറ്റതാവണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനില്ലെന്ന് തോന്നുന്നു. പ്രൂഫിങ്ങും എഡിറ്റിങ്ങും കുറച്ചുകൂടി ശ്രദ്ധാപൂര്‍വ്വം നിര്‍വഹിക്കേണ്ടിയിരുന്നു എന്ന്‍ മാത്രം പറഞ്ഞ് നിര്‍ത്തട്ടെ!
ഇനി പറയാനുള്ളത് അക്ഷരങ്ങളുടെ വലുപ്പത്തെക്കുറിച്ചാണ്. ഫോണ്ട് സൈസ് ഒരല്പം കൂടി കൂട്ടിയിരുന്നുവെങ്കില്‍ കണ്ണുകള്‍ക്ക് ആയാസം കുറവാകുമായിരുന്നു (പ്രസാധകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ!). കമ്പ്യൂട്ടര്‍ വായനയില്‍ ഓരോ വായനക്കാരനും അവന് ഇഷ്ടമുള്ള വലുപ്പത്തിലേക്ക് സൂം ചെയ്ത് വായിക്കാം - പുസ്തകത്തില്‍ ആ സൗകര്യമില്ലാത്തതിനാല്‍ ഫോണ്ട് സൈസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് തോന്നുന്നു.
കവര്‍ ചിത്രം അനുയോജ്യമായി തോന്നിയെങ്കിലും പുസ്തകത്തിലെ മറ്റു ചിത്രങ്ങള്‍ തികച്ചും അനാവശ്യമായി തോന്നി. കഥാസന്ദര്‍ഭങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുള്ളതായി തോന്നിയില്ല. (ചിത്രകാരന്‍ എന്നോട് ക്ഷമിക്കട്ടെ!) ചിത്രങ്ങള്‍ക്കായി വിനിയോഗിച്ച പേജുകള്‍ കൂടി അക്ഷരങ്ങള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.
എന്നിരുന്നാലും കൃതി ബുക്സിന് പ്രത്യേകം അഭിനന്ദനങ്ങള്‍ ! ഒരുപക്ഷേ വന്‍കിട പ്രസാധകര്‍, 'ബ്ലോഗര്‍' എന്ന ഒറ്റ വിശേഷണം കാരണം തഴയുമായിരുന്ന ഒരു നല്ല എഴുത്തുകാരനെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതിന്... ഇത് വിഡ്ഢിമാനെപ്പോലെയുള്ള അനേകം കഴിവുറ്റ ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ എഴുതാനും താന്താങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുവാനും ഒരു വലിയ പ്രചോദനമാവും എന്ന് ആശിക്കുന്നു!
മനോജ് / വിഡ്ഢിമാന്‍ ചിത്രത്തിന് കടപ്പാട് : കിരണ്‍ കണ്ണന്‍ |
ദേഹാന്തരയാത്രകള്‍ - വിഡ്ഢിമാന്‍
കൃതി ബുക്സ് പ്രസിദ്ധീകരണം
വില : 95/-
Comments
നന്ദി, നിഷ. ഹൃദയത്തിൽ നിന്നും.
ഇപ്പോൾ ഞാനിത് ആഘോഷിക്കട്ടെ..
വിമർശനങ്ങൾക്കുള്ള മറുപടി പിന്നെയാവാം...
നല്ല അവലോകനം.
ഇതാണ് എന്റെ ബ്ലോഗ് .
http://vithakkaran.blogspot.in/
സമയമാവട്ടെ, പുസ്തകത്തെ കുറിച്ച് എനിക്കും ചിലത് പറയാനുണ്ട്. :)
ബ്ലോഗിലെ കഥകള്‍ വായിച്ചിട്ടുണ്ടെങ്കിലും പുസ്തകം വായിച്ചാലേ തൃപ്തിയാകൂ.
വാങ്ങുന്നുണ്ട്.വായിക്കണം.
ആശംസകള്‍
അഭിനന്ദനങ്ങള്‍ നിഷ.
വിഡ്ഡിമാനെന്ന് പേരിട്ട് എല്ലാവരേയും കളിപ്പിക്കുന്ന ആ ബുദ്ധിമാനും അഭിനന്ദനങ്ങള്‍... ആശംസകള്‍.
അവലോകനം ഇഷ്ടപ്പെട്ടു.
സംസാരഭാഷ ഉൾപ്പെടുത്തിയത് മനപ്പൂർവ്വമായിരുന്നു. കഥാപാത്രങ്ങൾ സംസാരഭാഷയിലാണല്ലോ സംസാരിക്കുക എന്ന ചിന്തയിലായിരുന്നു അത്. കൂടുതൽ പ്രാധാന്യമുണ്ട് എന്ന് തോന്നിയ വ്യക്തികളുടെ സംഭാഷണത്തിന് ( കിഷൻ ലാലിന്റെ ചെറിയമ്മയെ പോലെ ) അച്ചടി ഭാഷയും ഉപയോഗിക്കാൻ ശ്രമിച്ചു. കേരളത്തിൽ ഉള്ളവർക്ക് അതാത് പ്രദേശത്തെ ഭാഷയാണ് നൽകാൻ ശ്രമിച്ചത്. പക്ഷെ പലയിടത്തും പാളിച്ചകൾ പറ്റി എന്നത് സത്യം.
അക്ഷരത്തെറ്റുകൾ സംബന്ധിച്ചുള്ള എല്ലാ വിമർശനങ്ങൾക്കു മുന്നിലും തല കുനിച്ചു നിൽക്കുന്നു. ഇനി മുതൽ ശ്രദ്ധിക്കാം എന്നല്ലാതെ എന്തു പറയാൻ.
ചിലയിടത്ത് വാക്കുകൾക്ക് ഇടയിൽ സ്പേസ് ഇല്ലാതെ വന്നത് പ്രൂഫ് വായിച്ചപ്പോൾ തന്നെ പ്രസാധകരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പേജ് സെറ്റിങ്ങിന്റെ ഭാഗമായാണ് അത്തരം ചില പിശകുകൾ കടന്നു കൂടിയതെന്നും ഒഴിവാക്കാനാവില്ലെന്നും അവർ മറുപടി തന്നു.
അക്ഷരങ്ങളുടെ വലിപ്പം പുസ്തകം കൈയ്യിൽ കിട്ടിയപ്പോഴാണ് കണ്ടത്. വിവരം ചോദിച്ചപ്പോൾ, പ്രസ്സുകാർ ഫോണ്ട് സൈസ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് അങ്ങനെയൊരു അബദ്ധം പറ്റിയതെന്ന് അവർ പറഞ്ഞു. ഈ കാര്യത്തിലും അവരെ വിശ്വസിക്കാൻ തന്നെയാണെനിക്കിഷ്ടം.
വായനയ്ക്കും വിമർശനത്തിനും ഒരിക്കൽ കൂടി നന്ദി പറയട്ടെ.