നല്ല മലയാളം
ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ ആദ്യ ഭാഗമാണിത്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു...
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ് |
ഇത്തവണ e-മഷിയില്‍ പുതിയൊരു സംരംഭം
കൂടി തുടങ്ങുകയാണ്. നമ്മുടെ മാതൃഭാഷയെ കൂടുതല്‍ അറിയാനും, പഠിക്കാനും അതിലൂടെ
ഉന്നതിയിലേക്ക് നയിക്കാനും നമുക്ക് കഴിയുമാറാകട്ടെ. ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള
ഒരു കാരണം ബ്ലോഗെഴുത്തുകളില്‍ വ്യാപകമായി കാണുന്ന അക്ഷരത്തെറ്റുകളും വികലമായ ഭാഷാ
പ്രയോഗങ്ങളുമാണ്. പല പല കാരണങ്ങള്‍
കൊണ്ടും നമ്മുടെ ഭാഷ ഇന്ന് വികലമാക്കപ്പെടുകയും അതിന്റെ് സംശുദ്ധി നഷ്ടപ്പെടുകയും
ചെയ്യുന്നു. ഈ അവസരത്തില്, ഭാഷയെ കൂടുതല്‍ അറിയാന്‍ ഒരു എളിയ
ശ്രമം എന്ന നിലയിലാണ് e-മഷി ഈ സംരംഭത്തിന് മുതിരുന്നത്. വളരെ വലിയ ഒരു ഉത്തരവാദിത്വമാണ്
ഏറ്റെടുക്കുന്നത് എന്നാലോചിക്കുമ്പോള്‍ ഒരല്പം ആശങ്ക ഇല്ലാതില്ല. എങ്കിലും
നിങ്ങളുടെയെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവും കൂട്ടിനുള്ളപ്പോള്‍
ആശങ്കപ്പെടേണ്ടതില്ല എന്ന വിശ്വാസം ഒന്നു മാത്രമാണ് ഈ സംരംഭത്തിന് ഞങ്ങളെ
പ്രേരിപ്പിച്ചത്.
ആമുഖമായി ഇതും കൂടി പറയട്ടെ, ഭാഷാസ്നേഹികള്‍ എന്ന ഒരേയൊരു യോഗ്യതയുടെ പിന്‍ബലത്തിലാണ് ഈ സംരഭം
തുടങ്ങുന്നത്. അതിന് ശക്തിയും വെളിച്ചവും പകരാന്‍ നിങ്ങളുടെ പിന്തുണ കൂടിയേ കഴിയൂ.
അമ്മമലയാളത്തെ സ്വന്തം അമ്മയെപ്പോലെ കരുതാനും കൈരളിയാം അമ്മയ്ക്ക് പുത്തനുണര്‍വ്വു.
നല്കാനും നമുക്കാകട്ടെ എന്നാശിക്കുന്നു.
ഇന്നിവിടെ കൊളുത്തുന്ന ഇത്തിരിവെട്ടം ഒരു വലിയ ജ്ഞാനാഗ്നിയായി
നമ്മുടെയെല്ലാം ജീവിതത്തെ പ്രകാശപൂരിതമാക്കട്ടെ എന്നുമാശിക്കുന്നു.
മലയാളം – ഒരു ആമുഖം
ആശയവിനിമയത്തിന് ഭാഷ കൂടിയേ കഴിയൂ. അത് വാക്കുകളാവാം, ചേഷ്ടകളാവാം, എഴുത്താവാം; ചില സന്ദര്‍ഭങ്ങളിലെങ്കിലും മൗനവും
ഏറെ കാര്യങ്ങള്‍ പറയുന്ന ഭാഷ തന്നെ! എങ്കിലും ഏറ്റവുമധികം കാലം നിലനില്ക്കുന്ന
ആശയവിനിമയ ഉപാധി വരമൊഴി അഥവാ എഴുത്താണ്. വാമൊഴിയുടെ വ്യാപ്തി പരിമിതമാണ്.
അതിലൂടെയുള്ള ആശയവിനിമയം നിമിഷങ്ങള്‍ക്കകം ഇല്ലാതാവുകയും ചെയ്യും. ഒരാള്‍ പറയുന്ന
കാര്യങ്ങള്‍ കേള്‍ക്കുന്നയാള്‍ സശ്രദ്ധം ശ്രവിച്ചില്ലെങ്കിലും
പ്രതികരിച്ചില്ലെങ്കിലും വാമൊഴിയിലൂടെയുള്ള ആശയ വിനിമയം പരാജയപ്പെടും.
വരമൊഴി പലപ്പോഴും കൂടുതല്‍ വ്യക്തവും ഏറെക്കാലം
നിലനിര്‍ത്താവുന്നതുമാണെങ്കിലും അതിന് അക്ഷരങ്ങള്‍, അവ രേഖപ്പെടുത്താനുള്ള സാമഗ്രികള്‍, അക്ഷരജ്ഞാനം തുടങ്ങി പല ഘടകങ്ങളും
ആവശ്യമായുണ്ട്. അതുകൊണ്ട് തന്നെ പൊതുവേ വാമൊഴി അനായാസമായി കൈകാര്യം ചെയ്യാവുന്നതും, വരമൊഴി ഒരല്പം പരിശീലനത്തിലൂടെ
മാത്രം സ്വായത്തമാക്കാവുന്നതുമാകുന്നു.
ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണെങ്കില്‍ വ്യാകരണം ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള
നിയമമാകുന്നു. രണ്ടിനേയും വേര്‍പ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ വ്യാകരണ
ശുദ്ധിയില്ലാത്ത ഭാഷ പലപ്പോഴും വികലമാക്കപ്പെടും. എഴുത്തുകാര്‍ വ്യാകരണം
അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണു താനും.
മലയാള ഭാഷ വന്ന വഴി:
ആശയവിനിമയത്തിനുള്ള ഉപാധിയായ ഭാഷയെക്കുറിച്ച് പറഞ്ഞല്ലോ; ഇനി നമ്മുടെ മാതൃഭാഷയെക്കുറിച്ച്
ഒരല്പം പറയാം. മലയാളം പണ്ട് ദേശനാമത്തെ സൂചിപ്പിക്കുന്ന പദമായിരുന്നത്രേ! അന്ന്
നമ്മുടെ ഭാഷയെ മലയാണ്മ എന്നും മലയായ്മ എന്നുമാണ് പറഞ്ഞിരുന്നത്. മലയാളം എന്ന്‍
ഭാഷയ്ക്ക് പേര് കിട്ടിയിട്ട് അധികകാലം ആയിട്ടില്ല എന്ന് ചരിത്രകാരന്മാര്‍
പറയുന്നു.
ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഭാഷയാണ് മലയാളം. തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയവയും ഈ കുടുംബത്തില്‍പ്പെടും.
മലയാളം ഉരുത്തിരിഞ്ഞു വന്നത് ഇപ്രകാരമാണത്രേ:
(തുടരും...)
PS: ഭാഷാ വിദഗ്ദ്ധയല്ലാത്ത എനിക്ക് ഈ സംരഭത്തിന് താങ്ങായി വര്‍ത്തിക്കുന്നത് മലയാള വ്യാകരണ പുസ്തകങ്ങളാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ മിക്കതും അവയില്‍ നിന്ന് അതേപടി പകര്‍ത്തിയതും ആണ്. അതിനാല്‍ ഈ പംക്തിക്ക് ശക്തി പകര്‍ന്നു തരുന്ന ഭാഷാ പണ്ഡിതന്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.
Comments
തുടരുക..
തുടരുക...
അടുത്ത ഭാഗം ഉടന്‍ വരും...
(ഞാനടക്കം) ചിന്തകള്‍ ലിപിയിലേക്ക് ആക്കുമ്പോള്‍, വാക്കുകള്‍ക്ക് പഞ്ഞം!
വാചകങ്ങള്‍ക്ക് എന്തോ വൈകൃതം! വായിച്ചിട്ട് ഒരു 'ഇത്' കിട്ടുന്നില്ല എന്ന തോന്നല്‍!! -
"സംരംഭത്തിനു സര്‍വാശംസകളും "
വീണ്ടുമെത്താന്‍ ശ്രമിക്കാം