സ്മരണാഞ്ജലി !

ശങ്കരേട്ടന്‍
ഇന്നും പതിവ് പോലെ പത്രത്തിലെ ചരമ കോളത്തിലേക്ക് അലസമായി കണ്ണോടിച്ചതാണ് - അതില്‍ പരിചയമുള്ള ഒരു മുഖം കണ്ടപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍ ! അവിശ്വസനീയതയോടെ വീണ്ടും നോക്കി - അതേ, അത് അദ്ദേഹം തന്നെ! എന്നാലും വിശ്വാസമായില്ല - അദ്ദേഹത്തിനു മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നാണ് മനസ്സില്‍ തോന്നിയത്. (മരണത്തിനു പ്രായം ഒരു ഘടകമല്ലെന്ന് നന്നായി അറിയുന്ന ഞാന്‍ എന്ത് കൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്നറിയില്ല). എന്തായാലും 'പത്രത്തിനു തെറ്റു പറ്റിയതാവും, ഫേസ് ബുക്ക് നോക്കിയാല്‍ അറിയാം ഇത് ശരിയായ വാര്‍ത്തയല്ലെന്ന്' എന്ന് മനസ്സില്‍ കരുതി ഫേസ് ബുക്കില്‍ അദ്ദേഹത്തെ പരിചയപ്പെട്ട ഗ്രൂപ്പില്‍ എത്തിയപ്പോള്‍ വാര്‍ത്ത ശരിയാണ് എന്ന് മനസ്സിലായി... ഒരു നിമിഷം തരിച്ചിരുന്നു പോയി! എപ്പോഴും സൗമ്യനായി, ശാന്തനായി മാത്രം കണ്ടിട്ടുള്ള ശങ്കരേട്ടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു... ഓര്‍മകളുടെ ഭാണ്ഡത്തില്‍ മായാത്ത ഒരു പുഞ്ചിരിയും ബാക്കിവെച്ചു കൊണ്ട്...
പത്രവാര്‍ത്ത

ശങ്കരേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് ഫേസ് ബുക്കിലെ ഒരു കൂട്ടായ്മയിലൂടെയാണ്. ഇത്തരം കൂട്ടായ്മകളുടെ മുഖമുദ്രയായ ചര്ച്ചകളും അതിനോടനുബന്ധിച്ച അല്ലറ ചില്ലറ ബഹളങ്ങളുമൊക്കെ നടക്കുന്ന വേളയില്‍ തന്റെ വ്യതസ്തമായ വാക്കുകളിലൂടെയാണ് ശങ്കരേട്ടന്‍ ശ്രദ്ധേയനായത്. ഇത്തരം അവസരങ്ങളില്‍ അദ്ദേഹത്തിന്‍റെ കമന്റുകള്‍ വളരെയധികം പക്വവും സമീകൃതവുമായിരുന്നു - a sane voice in the midst of insanity - എന്ന്‍ പറയാം. മറ്റുള്ളവര്‍ക്ക് വേദനാജനകമായ വാക്കുകള്‍ ഒരിക്കലും തന്നില്‍ നിന്നും വരാതിരിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ഒരിക്കലും പറയാതിരുന്നിട്ടുമില്ല. മറ്റുള്ളവരോട് യോജിക്കാന്‍ കഴിയാത്തപ്പോള്‍ പോലും അവരെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള ഒരു പരാമര്‍ശമോ, അവരെ മുറിപ്പെടുത്തുന്ന ഒരു വാക്കോ അദ്ദേഹത്തില്‍ നിന്നും വന്നതായി ഞാന്‍ കണ്ടിട്ടില്ല. ഗ്രൂപ്പില്‍ എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. 

ഞാന്‍ അറിഞ്ഞ ശങ്കരേട്ടന്‍ ഒരു നല്ല എഴുത്തുകാരനാണ്, സഞ്ചാരപ്രിയനാണ്, ആളുകളെ സഹായിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്തയാളാണ്, തന്റെ അറിവ് മറ്റുള്ളവരുമായി പങ്കു വെക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയിരുന്ന ഒരാളാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിശുക്ക് കാണിച്ചിട്ടില്ല. എന്റെ ബ്ലോഗുകളും കുറിപ്പുകളും വായിച്ച് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട് - എന്നോട് മാത്രമായല്ല, പൊതുവായി. (ഇത് പോലെ പലരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നു ഇപ്പോള്‍ അറിയുന്നു) അവ എന്നില്‍ മാത്രം ഒതുങ്ങാതെ ഇനിയും ആളുകള്‍ കാണണം, മനസ്സിലാക്കണം എന്ന വലിയ ചിന്തയായിരുന്നു അതിനു പിന്നില്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എഴുത്തുകാരന്റെ ധര്‍മം എഴുതുന്നതോടെ അവസാനിക്കുന്നില്ല എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ബ്ലോഗ്‌ എഴുതിയാല്‍ മാത്രം പോരാ, അത് വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുക കൂടി വേണം എന്നദ്ദേഹം പറഞ്ഞിരുന്നത് ഞാന്‍ മറക്കില്ല. 

കുറെ മാസങ്ങള്‍ക്ക് മുന്പ് അദ്ദേഹം നാട്ടില്‍ വരുന്നുണ്ട്, സമയവും സൗകര്യവും ഉള്ളവര്‍ക്ക് വിളിക്കാം / കാണാം എന്ന് പറഞ്ഞ് തന്റെ ഫോണ്‍ നമ്പര്‍ ഗ്രൂപ്പില്‍ ഇടുകയുണ്ടായി. പതിവിനു വിപരീതമായി ഞാന്‍ ആ നമ്പര്‍ സൂക്ഷിച്ചു വെക്കുകയും അദ്ദേഹം നാട്ടില്‍ ഉണ്ടാവുമെന്നു പറഞ്ഞ ദിവസങ്ങളിലൊന്നില്‍ അദ്ദേഹത്തെ വിളിക്കുകയും കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു സംഭാഷണമായിരുന്നു അത്. 
ബ്ലോഗ്‌ എഴുത്തിലും ബ്ലോഗിങ്ങ് ഗ്രൂപ്പുകളിലും സജീവമായപ്പോള്‍ മേല്‍പ്പറഞ്ഞ ഗ്രൂപ്പിലേക്ക് വല്ലപ്പോഴും മാത്രം എത്തിനോക്കുക എന്നതായി എന്റെ പതിവ്. അങ്ങനെ ഒരു ദിവസം അവിടെ ചെന്നപ്പോള്‍ ശങ്കരേട്ടനും പത്നിയും ഹരിദ്വാര്‍ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ തീര്‍ഥാടനത്തിലാണ് എന്നറിഞ്ഞു. അതിനു പിന്നാലെയാണ് ഉത്തരാഖണ്ഡില്‍ പ്രകൃതി ദുരന്തമുണ്ടായ വാര്‍ത്ത കേട്ടത്. സ്വാഭാവികമായും ആദ്യം അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചാണ് ആശങ്ക തോന്നിയത്. കൈയ്യിലുള്ള നമ്പറില്‍ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ ഗ്രൂപ്പില്‍ വന്നു. അവര്‍ കുഴപ്പം കൂടാതെ തിരിച്ചെത്തിയെന്നു പറഞ്ഞ്. തന്നെക്കുറിച്ച് ആകുലരായവര്‍ പലരുമുണ്ടെന്നു മനസ്സിലാക്കി അവരെയൊക്കെ സമാധാനിപ്പിച്ചു കൊണ്ട് വന്ന ആ പോസ്റ്റ്‌ ഇപ്പോഴും ഓര്‍ക്കുന്നു. 

എന്നാല്‍ ഞാന്‍ ഇത് വരെ അറിയാത്ത ശങ്കരേട്ടന്‍ ഞാന്‍ അറിഞ്ഞ ശങ്കരേട്ടനെക്കാള്‍ എത്രയോ വലിയവനായിരുന്നു എന്ന്‍ ഈ വൈകിയ വേളയിലാണ് തിരിച്ചറിയുന്നത്. തന്റെ പ്രവര്‍ത്തന മേഖലയിലെ അത്യുന്നതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ ഒരുപാടാണ്‌ - ടെക്നോപാര്‍ക്കിലെ ആദ്യ ഐ ടി സംരഭമായ ബ്രഹ്മ സോഫ്ടെകിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ചെന്നൈയിലെ വെബ്ട്ര വിഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്-ന്റെ ഡയറക്ടര്‍ ആയ അദ്ദേഹം പല പ്രമുഖ ഐ ടി കമ്പനികളുടെയും ഉപദേഷ്ടാവ് കൂടിയായിരുന്നു. മംഗലാപുരത്തെ കോളേജ് ഫോര്‍ ലീഡര്ഷിപ് ആന്‍ഡ്‌ ഹ്യുമണ്‍ റിസോര്‍സ് ഡെവലപ്പ്മെന്റ്, കോയമ്പത്തൂരിലെ ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ എന്നിവയുടെ സ്ഥാപക ട്രസ്റ്റിയുമായിരുന്നു. അദ്ദേഹം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുള്ള പുതു സംരംഭങ്ങള്‍ എണ്ണമറ്റവയത്രേ! ഇവയെല്ലാം കൂടാതെ തിരഞ്ഞെടുപ്പ് സംബന്ധമായ (വോട്ടര്‍സ് ലിസ്റ്റ് കമ്പ്യൂട്ടര്‍വല്കരിക്കുക, വോട്ടര്‍സ് ഐഡന്റിറ്റി കാര്‍ഡ്‌-ന്റെ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍വല്കരിക്കുക തുടങ്ങി) അനേകം കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണത്രേ നടപ്പാക്കിയിട്ടുള്ളത്. അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ ബാക്കിയുണ്ടാകാം...
ടെക്നോ പാര്‍ക്കിലെ ആദ്യ സംരംഭമായ ബ്രഹ്മ സോഫ്ടെകിന്റെ ഉദ്ഘാടനവേളയില്‍ 
ഇക്കഴിഞ്ഞ ആഴ്ച്ച കൊച്ചിയില്‍ വന്നു പോയതിന്റെ ഒരു ഫോട്ടോ അദ്ദേഹം തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ടിരുന്നു. ആ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ശേഷം ചില ദേഹാസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ വലച്ചിരുന്നുവത്രേ! ചുരുക്കം ചിലരോട് മാത്രം തന്റെ രോഗ വിവരം പറഞ്ഞ അദ്ദേഹം അസുഖം ഭേദമായാല്‍ ഉടന്‍ തന്നെ ഗ്രൂപ്പില്‍ ആക്റ്റീവ് ആവും എന്നും പറഞ്ഞിരുന്നുവത്രേ! എന്നാല്‍ എല്ലാവരെയും ദു:ഖത്തില്‍ ആഴ്ത്തിക്കൊണ്ട് പൊടുന്നനെ അദ്ദേഹം യാത്രയായി...  

അദ്ദേഹത്തിന്‍റെ മരണം, അദ്ദേഹത്തെ ഒരിക്കല്‍ പോലും നേരില്‍ കാണാത്ത എന്നെ ഇത്രയധികം ഉലച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ അകാല വിയോഗം എത്രയധികം വേദനാജനകമായിരിക്കും!!! ഈ ദുഃഖം താങ്ങാനുള്ള ശക്തി ഈശ്വരന്‍ അവര്‍ക്ക് നല്‍കട്ടെ എന്ന്‍ പ്രാര്‍ഥിക്കുന്നു... ഒരുവന്‍ എങ്ങനെയായിരിക്കണം എന്ന്‍ പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും കാണിച്ചു തന്ന ശങ്കരേട്ടന്‍ പലരുടെയും മനസ്സില്‍ കാലങ്ങളോളം ജീവിച്ചിരിക്കും എന്നതിന് തര്‍ക്കമില്ല. ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ പ്രണമിക്കുന്നു...

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: നമ്പൂതിരീസ് ഗ്രൂപ്പ് (https://www.facebook.com/groups/namboodiri/)

Comments

krishnan said…
ശങ്കരേട്ടന് പ്രണാമം . ഹൃദയത്തില്‍ നിന്ന് ഉതിരുന്ന നിഷയുടെ ഈ വാക്കുകള്‍ ശങ്കരേട്ടനെ അറിയുന്നവരെ കണ്ണീരണിയിക്കും.
Cv Thankappan said…
ആദരാഞ്ജലികള്‍
ajith said…
ആദരാഞ്ജലികള്‍. (ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്, ഒരുപക്ഷെ പെട്ടെന്നങ്ങ് മരിച്ചുപോയാല്‍ ഓണ്‍ലൈനിലുള്ള ആരും അറിയുകയില്ലല്ലോ എന്ന്. അനു ഇന്റര്‍നെറ്റ് തുറക്കാറെയില്ല. അല്ലതെ ആര്‍ ഒരു നോട്ട് എഴുതിയിടും? ഒരുവിധ മുന്നറിയിപ്പുമില്ലാതെ എന്നെ ഇവിടെങ്ങും കാണാതെയായാല്‍ ഇതൊന്ന് ഓര്‍ത്തേക്കണേ!!)
ആദരാഞ്ജലികൾ....അജിത്തിന്റെ ചിന്ത എന്നേയും ചിന്തിപ്പിക്കുന്നു.
Echmukutty said…
ആദരാഞ്ജലികള്‍... അജിത്തേട്ടന്‍ എഴുതിയത് വായിച്ച് ഞാനും ... അങ്ങനെയിരുന്നു പോകുന്നു...
Unknown said…
നേരില്‍ കണ്ടിട്ടില്ല ; എങ്കിലും സാധാരണയില്‍ക്കവിഞ്ഞ ഒരടുപ്പം തോന്നിയ വ്യക്തിത്വം ആണ് ശങ്കരേട്ടന്‍ . പല സന്ദര്‍ഭങ്ങളിലും നല്ല ഉപദേശങ്ങള്‍ തന്നു . വിശേഷിച്ചും ഫേസ് ബുക്കില്‍ ഒരു വ്യക്തിയില്‍ നിന്ന് ബ്ലോഗ്‌ എഴുത്തിലൂടെ വ്യക്തി ഹത്യാപരമായ പോസ്റ്റ്‌ എഴുതിയതില്‍ ഉണ്ടായ മുറിവ് ഉണക്കാന്‍ . ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ നിന്ന് ഉണ്ടായ ദുരനുഭവം മറക്കാന്‍ .
ഒപ്പം ഒരിക്കല്‍ അദ്ദേഹത്തെ പ്പറ്റി കവിത എഴുതാമെന്ന വാക്ക് ഓര്‍മ്മിപ്പിച്ച് എന്നെക്കൊണ്ട് അദ്ദേഹത്തെക്കുറിച്ച് കവിത എഴുതാന്‍ സ്നേഹപൂര്‍വ്വം പ്രചോദനമേകിയ ശങ്കരേട്ടന്‍ ; ഒരിക്കല്‍ അദ്ദേഹത്തെ വരച്ചപ്പോഴും കവിത എന്ന പോലെ ആ സര്‍ഗ്ഗ പ്രക്രിയയെ സഹൃദയത്വത്തോടെ അഭിനന്ദിച്ച ശങ്കരന്‍ നമ്പൂതിരി എന്ന ശങ്കരേട്ടന്‍ . മരിച്ചു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ മടിച്ചു .
എന്തു ചെയ്യാന്‍ ; വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?
ആദരാഞ്ജലികള്‍ .
അജിത്‌ ഭായ് എന്നും കാണുന്ന ഒരാളെ കണ്ടില്ലെങ്കിൽ ചോദിക്കണം എന്ന് തോന്നും പക്ഷെ എങ്ങിനെ ചോദിക്കും എന്നുള്ള വ്യക്ലബ്യം തോന്നും ഇപ്പൊ അധികം നാളായിട്ടില്ല സൌഗന്ധികം എന്ന ബ്ലോഗ്ഗേറെ കാണുന്നില്ല വെക്കേഷൻ ആകും എന്ന് കരുതും പക്ഷെ ചോദിക്കുന്നതെങ്ങിനെയാ ആരോട അത് പോലെ അങ്ങിനെ കണ്ടില്ലെങ്കിൽ പോലും ഒന്നും ചോദിച്ചില്ലെങ്കിൽ ഒന്നും തോന്നരുത്
ഇവിടെ ശങ്കരേട്ടന് ആദരാഞ്ജലികൾ
എനിക്കും അദേഹത്തെ ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ വഴിയാണ് കൂടുതല്‍ അറിയാവുന്നത്,ഒത്തിരി നല്ല അറിവുകള്‍ അവിടെ പകര്‍ന്നു തന്നിരുന്നു.തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗം
Unknown said…
കഴിഞ്ഞ പല വര്‍ഷങ്ങളായി നല്ല സുഹൃത്ത് ആയും പിന്നീട് വളരെ അടുത്ത ബന്ധു ആയും ബിസിനസ്‌ പരമായും ഒക്കെ കൂടെ ഇടപെട്ട ഒരു കുടുംബാന്ഗം ആണ് ഞാന്‍. വളരെ അധികം അറിവുകള്‍ പല മേഖലകളിലും ശങ്കരന്‍ ആധികാരികമായി നേടിയിരുന്നു . മണിക്കൂറുകള്‍ സംസാരിച്ചിരിക്കാന്‍ ഒരു വിഷയ ദാരിദ്ര്യവും ഇല്ലായിരുന്നു. ഞങ്ങള്‍ക്കൊക്കെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു വ്യക്തി ആയി എന്നും ഞങ്ങളുടെ മനസ്സില്‍ അദ്ദേഹം ജീവിച്ചിരിക്കും. ഈ ദുര്‍വിധിയെ നേരിടാന്‍ ഗീതക്കും സൌമ്യക്കും മധുവിനും ഈശ്വരന്‍ ശക്തി നല്‍കട്ടെ എന്ന് മാത്രമാണ് പ്രാര്‍ഥന . ലത നമ്പൂതിരി , ക്രിസ്ടല്‍ ഗ്രൂപ്പ്‌



Sangeeth K said…
ആദരാഞ്ജലികള്‍...
ഒരു വലിയ മനുഷ്യന്‍ കൂടി ഓര്‍മ്മയായി

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....