അമ്മിണിക്കുട്ടിയുടെ ലോകം # 4 ഉച്ചയൂണിന്റെ നേരം

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അമ്മിണിക്കുട്ടിയുടെ ലോകം # 4 ഉച്ചയൂണിന്റെ നേരം പടി ചാടിക്കടന്ന് - ഏടത്തിമാരുടെ പോലെ അത്ര എളുപ്പം പടിചാടിക്കടക്കാൻ അമ്മിണിക്കുട്ടിക്ക് പറ്റില്ല; ഓരോരോ പടികൾ ചവിട്ടി കയറി ഏറ്റവും മുകളിലത്തെ പടിയിൽ നിന്ന് ഒരു ചാട്ടം, അതാണവളുടെ പതിവ് - നെല്ലിച്ചോട്ടിലെത്തിയപ്പോഴേയ്ക്കും നന്ദിനി കുറെ മുന്നിലെത്തിയിരിക്കുന്നു. ഇല്ലത്തെ പടി കടന്നാൽ അവൾക്ക് പേടിയില്ലെന്ന് അവർക്കറിയാം. തൊഴുത്തിൽ നിന്നും പശു 'മ്പേ.....' ന്ന് നീട്ടിയമറി. അതിന് കാടിവെള്ളം കുടിക്കാൻ സമയമായിട്ട്ണ്ടാവും ന്നാ തോന്നണേ.. മിക്കപ്പോഴും പാറുവമ്മ ഉച്ചയ്ക്ക് അതിനെ കാടിവെള്ളം കുടിപ്പിച്ചേ തൊഴുത്തിൽ കൊണ്ടു വന്നു കെട്ടാറുള്ളൂ. ഇന്ന് അമ്മയുടെ പണികളൊക്കെ വൈകിയോണ്ട് അതിൻ്റെ വെള്ളം കുടിയും വൈകീന്ന് തോന്നുണു. അതാണ് ഈ കരച്ചിൽ. വെള്ളം കിട്ടണ വരെ അതിങ്ങനെ ഇടയ്ക്കിടെ 'മ്പേ.....' ന്ന് കരഞ്ഞുകൊണ്ടിരിക്കും. അധികം വൈകാതെ പാറുവമ്മയോ നന്ദിനിയോ മറ്റോ കഞ്ഞിവെള്ളം കൊണ്ടു വരും. അത് വരെ ഇവിടെത്തന്നെ ചുറ്റിപറ്റി നിന്നാലോ... ? തൊഴുത്തിന്റെ ഭാഗത്തയ്ക്ക് തിരിയണോ എന്ന്...