ഫേസ്ബുക്ക് കുറിപ്പുകൾ

നിൻ മൗനമട്ടഹാസത്തേക്കാളു-
ച്ചത്തിലുള്ളിൽ അലയ്ക്കുന്നു,
കേൾക്കാനുണ്ടേറെ ശബ്ദമെങ്കിലും
ഉയർന്നു കേൾക്കുന്നതാ മൗനം മാത്രം
ചെവിയോർത്തിരിയ്ക്കുന്നു ഞാനാ മൗനമുടയുന്ന വേളയ്ക്കായ്
നിൻ സ്വനമൊരു സുന്ദരരാഗമായെൻ
ഹൃദയത്തിലലിഞ്ഞു ചേരാൻ...

*************************************************

പുറത്തെയിരുട്ടുള്ളിലേയ്ക്കു പകരും മുൻപേ
അമർത്തിയടയ്ക്കട്ടെ ജാലകപ്പഴുതുകൾ
എന്നിട്ടുമുള്ളിൽ നിറയുന്നന്ധകാരത്തെയകറ്റാൻ
കത്തിച്ചു വെക്കട്ടെ ഒരു കൈത്തിരി
വീശിയടിയ്ക്കും കാറ്റതിനെയൂതിക്കെടുത്താതിരിയ്ക്കാൻ
കൊട്ടിയടയ്ക്കട്ടെ വാതിലുകളുമോരോന്നായ്
എന്നിട്ടുമെന്നെച്ചൂഴ്ന്നു കൊണ്ടോടുവാൻവെമ്പുന്ന കാറ്റിൻ
മുരൾച്ച കേൾക്കാതിരിക്കാൻ ചെവിയടച്ചിരിക്കട്ടെ...
ഉളളിലൊഴു ചുഴിയായ് വന്നെന്നെ വിഴുങ്ങുവാനൊരുങ്ങുന്നു ചിന്തകൾ
ഇല്ല അവയിൽ നിന്നൊരു രക്ഷയെന്നറികെപ്പിന്നെയെന്തു ചെയ്‌വൂ;
കണ്ണും കാതുമിറുകെയടച്ചു ഞാനെന്നെത്തന്നെ വട്ടം പിടിച്ചു,
ഇറുകെപ്പിടിച്ചിരിപ്പായ് ഘോരാന്ധകാരമകറ്റുമിത്തിരിവെട്ടം മനസ്സിൽ കൊളുത്തിയങ്ങനെ!

***************************************************

വരികളും വരകളും ചിത്രങ്ങളും
വരച്ചിടുന്നിതാർക്കുവേണ്ടി?
ഒരു നിമിഷാർദ്ധത്തിലെല്ലാം
ജലരേഖ പോൽ മാഞ്ഞു പോകിലും
അര നിമിഷത്തിലവയേകിടും 
അവാച്യാമാമാനന്ദമൊന്നു മാത്രം
പിന്നെയും വരയ്ക്കാനും വരികൾ-
ക്കുറിച്ചിടാനുമെനിയ്ക്കു പ്രേരകം.

******************************************************

ഉറക്കത്തിലുമുണർവ്വിലുമെന്നെക്കാർന്നുതിന്നുന്നതെന്തോ,
അറിയാതെയെൻ നിനവിലുമെന്തിനോ 
വന്നു നിറഞ്ഞാടിത്തകർക്കുന്നു
നിഴലിനോടു യുദ്ധം ചെയ്തുഴറിപ്പോയവനെപ്പോലെ 
വികൃതമാമൊരു ചിന്തയെന്നെ കുത്തി വീഴ്ത്തി;
പടുകുഴിയിലേയ്ക്കു താഴ്ന്നു പോകവേ, 
കൈകാലിട്ടടിയ്ക്കാതെ, രക്ഷ തൻ 
മാർഗ്ഗം തേടാനൊരുമ്പിടാതെ,
ചുരുണ്ടു കൂടിയെന്നിലേയ്ക്കൂ തന്നെ 
ഞാനാ ഗർത്തത്തിന്നതിരു തേടുന്നു...

********************************************

നാടുവാഴികൾ വാണിടും സൗധത്തിനു മുന്നിലേകനായ്
അടരാടിത്തളരുന്നൊരു ജീവൻ
കാരുണ്യത്തിൻ കണികയൊന്നു പോലുമുതിരാത്തതെന്തേ
ഇത്ര നാളായ് ഒരു നിമിഷത്തേയ്ക്കു പോലും!
നിയമത്തിനു കണ്ണില്ലെന്നാവരുത്, വേണമതിനു കണ്ണുകൾ,
നീതിയുമനീതിയും തിരിച്ചറിയും കണ്ണുകൾ;
നിയമത്തിന്റെ നീണ്ട കരങ്ങളെന്തേ നീതി തേടിയലയും
മനുഷ്യനെ പുണരാത്തിനിയും?
അധികാരത്തിൻ സ്വർണ്ണ കസേരകളിൽ 
കണ്ണു മഞ്ഞളിയ്കാത്തവരില്ലേയവിടേ?
നാടിൻ ഭരണം നാട്ടാർക്കു വേണ്ടി നടത്താൻ
നിയോഗിയ്ക്കപ്പെട്ടവരില്ലേയിനിയും?
കാണാത്തതെന്തേയവർ പാവമൊരുവൻ നീതി 
തേടി ആ കവാടത്തിൽ കാത്തു കിടപ്പുണ്ടെന്ന്
മരിച്ചു വീഴണമോ ഏറെപ്പേരിനിയും 
നീതിദേവത തൻ അടഞ്ഞ കണ്ണും കാതും തുറക്കാൻ?
ഇന്നുമിണ്ടാതിരുന്നാൽ നാളെയൊരിയ്ക്കൽ 
മിണ്ടുവാൻ നമ്മളിലുണ്ടാവില്ല ശബ്ദമൊന്നും,
ഇന്നു കൈകോർത്തു ചേർത്തു പിടിച്ചില്ലെങ്കിൽ 
നാളെ നാം കൈനീട്ടുമൊരു ശൂന്യതയിലേയ്ക്ക്..
ഉറച്ച ശബ്ദമുണരട്ടെ, ഏകമാം ചെറു ശബ്ദത്തിൽ
 ചേർന്നുയരട്ടെയൊരു കാഹളമായ്
വിറയ്ക്കട്ടെ അധികാരക്കസേരകൾ, 
തുറക്കട്ടെ അടച്ച കണ്ണും കാതും മനസ്സുമുടനെയങ്ങനെ..

******************************************

തണുത്തിരുണ്ട പകലുകൾ പുലരുമ്പോൾ
കാണാമറയത്തൊളിച്ചിരിയ്ക്കും
സൂര്യനെ തേടി
ചക്രവാളത്തിലേയ്ക്ക് ഞാൻ കണ്ണെറിയവേ
കുളിരിന്നാലസ്യമെൻ ദേഹമാകെ
പടർന്നിടുന്നു...
വെളുത്ത മഞ്ഞിൻ കണങ്ങളൊ
രപ്പൂപ്പൻ താടിപോൽ
നരച്ച മണ്ണിൻ മാറിലേയ്ക്കൂഴ്ന്നു
വീണുരുകവേ
കൊതിയ്ക്കയായതു കണ്ടു നിന്നൊ
രെൻ മനമപ്പോൾ
ജനിച്ച നാടിൻ മണ്ണിൽ നിന്നുയരുമാ
സൗരഭത്തെ വീണ്ടും...

***********************************

ചില നേരത്ത് ചിലതു തോന്നും
മറ്റു ചിലപ്പോൾ നേരെ തിരിച്ചും
അങ്ങോട്ടുമിങ്ങോട്ടുമങ്ങനെ
ആടിക്കളിയ്ക്കുന്ന ചിന്തകൾക്കിടയിൽ
അന്തമില്ലാതങ്ങനെയിരിക്കുന്നു...

Comments

ഒന്നുമേ ചിന്തിക്കാതിരിക്കാനുള്ള ചിന്തയിലാണു ഞാൻ.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം